മലയാളത്തിന് സൈബര്‍ ലോകത്ത് സ്വന്തം സൗഹൃദക്കൂട്ടായ്മയായി ‘ഐലേസാ’

ileza2
ശ്രേഷ്ഠഭാഷാപദവി സ്വന്തമാക്കിയ മലയാളത്തിന് സൈബര്‍ ലോകത്ത് സ്വന്തം സൗഹൃദക്കൂട്ടായ്മയായി ‘ഐലേസാ’. 

ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ് തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ ഇംഗ്ലീഷിന്റെ വിരസതയില്‍ നിന്ന് സ്വന്തം വീട്ടുമുറ്റത്തേക്കുള്ള ചുവടുമാറ്റത്തിനാണ് ഐലേസാ മലയാളികളെ ക്ഷണിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പരീക്ഷണാര്‍ഥത്തില്‍ പ്രചാരത്തിലുള്ള www.ileza.com സൈറ്റ് പൂര്‍ണാര്‍ഥത്തില്‍ സജീവമാകുകയാണ്.

തനിമലയാളത്തിന്റെ സൗന്ദര്യവും തെളിമയും ശുദ്ധിയും നമ്മുടെ കമ്പ്യൂട്ടറിലേക്ക് ആവാഹിക്കുകയാണ് ഈ ഓണ്‍ലൈന്‍ സൈറ്റ്. മലയാളത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍ ഐലേസാ രൂപപ്പെടുത്തിയത്. മലയാളം മാത്രം ഉപയോഗിച്ചുള്ള ആശയവിനിമയമാണ് സൈറ്റിന്റെ പ്രത്യേകത. ഗൂഗിള്‍ ട്രാന്‍സിലിറ്ററേറ്റ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഇംഗ്ലീഷിനെ മലയാളത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയാണ് ഇവിടെ. പ്രായഭേദമെന്യേ പുതിയ സൗഹൃദങ്ങള്‍ ഉണ്ടാക്കാനും സര്‍ഗാത്മകകഴിവുകള്‍ പ്രകടിപ്പിക്കാനും ഇവിടെ വേദി ഒരുങ്ങുന്നു.

ടെക്‌നോളജി മേഖലയിലെ വൈദഗ്ധ്യംമാത്രം കൈമുതലാക്കി വ്യത്യസ്തമായ സോഷ്യല്‍ നെറ്റവര്‍ക്ക് തുടങ്ങണം എന്ന ആശയവുമായി റോജോ ജോര്‍ജ്, സാഗീഷ് തച്ചുകുഴിയില്‍​, വി.പി. വിപിന്‍, ആല്‍ബിന്‍ കെ. സെബാസ്റ്റ്യന്‍ എന്നിവര്‍ 2008-ല്‍ കോഴിക്കോട്ട് ഒത്തു കൂടിയതാണ് ഈ സൈറ്റിന്റെ പിറവിക്ക് വഴിയൊരുക്കിയത്. കൈയിലുള്ളതെല്ലാം ഉപയോഗിച്ച് ആശയത്തിനു രൂപം നല്‍കിയെങ്കിലും അത് വേണ്ടത്ര ആളുകളില്‍ എത്തിക്കാന്‍ കഴിയാതെ വന്നു. കൂടുതല്‍ പണം ആവശ്യമുള്ളതിനാല്‍ ഒരു വെബ് ഡെവലപ്‌മെന്റ് കമ്പനി തുടങ്ങാനുള്ള ആലോചനയിലായി.
ileza team
സുഹൃത്തുക്കളായ ഷെണി ഐസക്ക്, ആദര്‍ശ്കുമാര്‍ എന്നിവരുടെ സഹായത്തോടെ സൈനയന്‍ എന്ന കമ്പനി ആരംഭിച്ചു. തുടര്‍ന്നാണ് മലയാളത്തിനായുള്ള സൗഹൃദ ക്കൂട്ടായ്മ എന്ന സ്വപ്നം വീണ്ടും പൊടിതട്ടി എടുത്തത്. അപ്പോഴേക്കും ടെക്‌നോളജിയിലും വലിയ മാറ്റങ്ങള്‍ വന്നു കഴിഞ്ഞിരുന്നു. ഗൂഗിള്‍ പ്ലസ്സും ഫേസ്ബുക്കും ഓര്‍ക്കൂട്ടും പോലുള്ള കൂട്ടായ്മകള്‍ തരംഗമായി. ഇംഗ്ലീഷിലുള്ള ഫേസ് ബുക്കില്‍ മലയാളികള്‍ കൂടുതലും മലയാളത്തിലാണ് സംവദിക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് മലയാളത്തില്‍മാത്രം സംവദിക്കാവുന്ന ആശയത്തിലേക്കെത്തിയതെന്ന് ഇവര്‍ പറയുന്നു. സൈനയന്റെ ഡിസൈന്‍ സാങ്കേതിക പ്രവര്‍ത്തകരായ ഷരുന്‍ദാസ്, അര്‍ച്ചനാമുരളി, ജിതീഷ് കോറോത്ത്, സജീറ എന്നിവരുടെ ശ്രമഫലമായി കഴിഞ്ഞ ചിങ്ങം ഒന്നിന് പ്രൈവറ്റ് ബീറ്റാവേര്‍ഷനും നവംബര്‍ ഒന്നിന് പബ്ലിക് വേര്‍ഷനും പ്രവര്‍ത്തനം ആരംഭിച്ചു.

തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള കൂട്ടായമ സൃഷ്ടിക്കാനും ഇഷ്ടമുള്ള ചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ് ചെയ്യാനും ഐലേസാ അവസരമൊരുക്കുന്നു. സമഗ്രമായ ഇംഗ്ലീഷ് – മലയാളം നിഘണ്ഡുവും ഇതൊടൊപ്പം ഉണ്ട്. ഉപയോഗിക്കുന്നവര്‍ക്ക് വിപുലപ്പെടുത്താനുള്ള തരത്തിലാണ് ഇതിന്റെ സംവിധാനം. പാശ്ചാത്യമാതൃകകളുടെ അനുകരണങ്ങള്‍ സൃഷ്ടിച്ച മുന്‍ധാരണകളെയെല്ലാം തകിടം മറിക്കാന്‍ കഴിവുള്ള സാങ്കേതിക മികവോടെയാണ് ഐലേസാ ഒരുക്കിയിരിക്കുന്നതെന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നു. ‘ഒത്തുപിടിച്ചോ ഐലേസ’ എന്ന ടാഗ് ലൈന്‍ സൂചിപ്പിക്കുന്നതുപോലെ എല്ലാ മലയാളികള്‍ക്കും ഒത്തു ചേരാനുള്ള ഇടമാണിത്.

ഇപ്പോള്‍ ​25​,000+ അംഗങ്ങള്‍ ഉണ്ട് …..
ileza3

ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചും മറ്റും ചര്‍ച്ച ചെയ്യാനും സംവാദത്തിനും ഐലേസായ്ക്ക് വേദിയുണ്ട്. നിങ്ങള്‍ക്കിഷ്ടപ്പെട്ട വെബ്‌സൈറ്റ് ലിങ്കുകള്‍ സുഹൃത്തുക്കളുമായി പങ്കുവെക്കാം. പൊതുജനാഭിപ്രായം രേഖപ്പെടുത്താനും എന്തെങ്കിലും പരിപാടികള്‍ മറ്റുള്ളവരെ അറിയിക്കാനും അവരെ അതിലേക്ക് ക്ഷണിക്കാനും അവസരമുണ്ട്. ഫേസ് ബുക്ക്, ഗൂഗിള്‍ പ്ലസ് തുടങ്ങിയ സൈറ്റുകളിലുള്ള നിങ്ങളുടെ സുഹൃത്തുക്കളെ ഐലേസായിലേക്ക് ക്ഷണിക്കുന്നതിന് പ്രത്യേക ലിങ്കുമുണ്ട്.
http://www.ileza.com/user/dnnews
ileza 4
Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close