മലേഷ്യന്‍ വിമാനത്തിനായുള്ള തിരച്ചില്‍ മേഖല ചുരുക്കി

കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ഉള്‍പ്പടെയുള്ള അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിന് തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നടക്കുന്ന തിരച്ചില്‍ അന്തിമഘട്ടത്തിലേക്ക്. വിമാനാവശിഷ്ടങ്ങളെക്കുറിച്ച് കൂടുതല്‍ വിശ്വസനീയമായ തെളിവുകള്‍ ലഭിച്ചതോടെ തിരച്ചില്‍ മേഖല ചുരുക്കി. ഓസ്‌ട്രേലിയന്‍ നഗരമായ പെര്‍ത്തില്‍ നിന്ന് 2,280 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് മാറിയാണ് തിരച്ചില്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. 
വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സില്‍ നിന്നുള്ളതെന്ന് സംശയിക്കുന്ന സിഗ്നലുകള്‍ കഴിഞ്ഞദിവസം ഓസ്‌ട്രേലിയന്‍, ചൈനീസ് കപ്പലുകള്‍ പിടിച്ചെടുത്തിരുന്നു. വ്യാഴാഴ്ച ഓസ്‌ട്രേലിയന്‍ വിമാനമായ ‘പി-3 ഓറിയോണി’നും സമാനമായ സിഗ്നല്‍ ലഭിച്ചു. ഇവ വിശകലനം ചെയ്താണ് തിരച്ചില്‍ മേഖല ചുരുക്കാന്‍ ദൗത്യത്തിന് നേതൃത്വം നല്‍കുന്ന ഓസ്‌ട്രേലിയന്‍ സംയുക്തസംഘം തീരുമാനിച്ചത്.

57,900 ചതുരശ്ര കിലോമീറ്റര്‍ മേഖലയിലാണ് ഇപ്പോള്‍ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. ബുധനാഴ്ച 75,000 ചതുരശ്ര കിലോമീറ്ററിലായിരുന്നു തിരച്ചില്‍. വിമാനത്തിനായുള്ള ഒരുമാസത്തിലേറെ നീണ്ട അന്വേഷണത്തില്‍ ആദ്യമായാണ് ഇത്രയും കുറഞ്ഞ പ്രദേശത്തേക്ക് തിരച്ചില്‍ കേന്ദ്രീകരിക്കുന്നത്.

കപ്പലുകള്‍ക്കും വിമാനത്തിനും ലഭിച്ച അഞ്ച് സിഗ്നലുകളും ഈ മേഖലയിലെ 27 കിലോമീറ്റര്‍ പരിധിയില്‍ നിന്നായിരുന്നു. സിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ ശേഷിയുള്ള അത്യന്താധുനിക ഉപകരണം ഘടിപ്പിച്ച ഓസ്‌ട്രേലിയന്‍ കപ്പല്‍ ‘ഓഷ്യന്‍ ഷീല്‍ഡ്’ ഇവിടം കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞദിവസങ്ങളില്‍ ഇവിടെ നിന്ന് ഒട്ടേറെ ശബ്ദതരംഗങ്ങളും കപ്പലുകള്‍ക്ക് ലഭിക്കുകയുണ്ടായി. കടല്‍ ജീവികള്‍ പുറപ്പെടുവിക്കുന്ന ശബ്ദമാണോ ഇതെന്ന് സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍, ഇത് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളില്‍ നിന്നുള്ളവയാണെന്ന് സ്ഥിരീകരിച്ചതും പ്രതീക്ഷ പകര്‍ന്നിട്ടുണ്ട്.

വിവിധ രാജ്യങ്ങളുടെ 14 വിമാനങ്ങളും 13 കപ്പലുകളും ദൗത്യത്തില്‍ പങ്കെടുക്കുന്നു. കൂടുതല്‍ സിഗ്നലുകള്‍ ലഭിക്കുന്ന മുറയ്ക്ക് തിരച്ചില്‍ മേഖല ഇനിയും ചുരുക്കാമെന്നാണ് ദൗത്യസംഘം കരുതുന്നത്. ഏകദേശസ്ഥാനം നിര്‍ണയിച്ചുകഴിഞ്ഞാല്‍ ‘ഓഷ്യന്‍ ഷീല്‍ഡി’ലുള്ള ആളില്ലാ അന്തര്‍വാഹിനിയായ ‘ബ്ലൂഫിന്‍’ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കും. സമുദ്രത്തിന്റെ അടിത്തട്ടിലുള്ള വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടെത്താന്‍ കഴിയുമെന്ന് ദൗത്യത്തിന് നേതൃത്വം നല്‍കുന്ന ഓസ്‌ട്രേലിയന്‍ മുന്‍ വ്യോമസേനാ മേധാവി ആംഗസ് ഹൂസ്റ്റണ്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close