മലേഷ്യന്‍ വിമാനദുരന്തം: അന്താരാഷ്ട്ര അന്വേഷണത്തിന് സമ്മര്‍ദം

mh17

കിഴക്കന്‍ യുക്രൈനില്‍ മലേഷ്യന്‍ വിമാനം തകര്‍ന്ന് 298 പേര്‍ മരിച്ച സംഭവത്തില്‍ അന്താരാഷ്ട്ര അന്വേഷണത്തിന് സമ്മര്‍ദം. അമേരിക്ക, ഓസ്‌ട്രേലിയ, ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്. വിമാനം റഷ്യന്‍ അനുകൂല പ്രക്ഷോഭകാരികള്‍ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തതാണെന്ന ആരോപണം പാശ്ചാത്യരാജ്യങ്ങളും യുക്രൈനും വെള്ളിയാഴ്ചയും ആവര്‍ത്തിച്ചു. എന്നാല്‍ റഷ്യന്‍വിമതര്‍ ഇത് നിഷേധിച്ചു. വിമാനത്തിന്റെ രണ്ട് ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തിയിട്ടുണ്ട്.

അപകടത്തെക്കുറിച്ച് അന്താരാഷ്ട്ര തലത്തിലുള്ള അന്വേഷണം വേണമെന്ന് യു.എന്‍. സെക്രട്ടറിജനറല്‍ ബാന്‍ കി മൂണും ആവശ്യപ്പെട്ടു. യു.എന്‍. രക്ഷാസമിതിയുടെ അടിയന്തരയോഗം വെള്ളിയാഴ്ച ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. വിഘടനവാദികള്‍ക്ക് റഷ്യ ആയുധമുള്‍പ്പടെയുള്ള സഹായം നല്‍കിയതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. അതേസമയം സംഭവത്തിന്റെ ഉത്തരവാദിത്വം യുക്രൈന്‍ സര്‍ക്കാറിനാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലൂദിമിര്‍ പുതിന്‍ ആരോപിച്ചു. അപകടത്തെക്കുറിച്ച് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റുത്തേയുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ പുതിന്‍ വ്യക്തമാക്കി. യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ പുതിനുമായി ടെലിഫോണില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.

വ്യാഴാഴ്ച ഇന്ത്യന്‍സമയം രാത്രി ഏഴുമണിയോടെയാണ് കിഴക്കന്‍ യുക്രൈനിലെ പ്രശ്‌നബാധിതമേഖലയായ ഡോണ്‍യെറ്റ്‌സ്‌കില്‍ വിമാനം തകര്‍ന്നത്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍നിന്ന് മലേഷ്യന്‍ തലസ്ഥാനമായ കൊലാലംപൂരിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. 280 യാത്രക്കാരും 18 ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. നൂറ് മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു. 15 കിലോമീറ്ററോളം വിമാന അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുകയാണ്.

വിമാനത്തിന്റെ വോയ്‌സ് റെക്കോര്‍ഡറും ഡാറ്റാ റെക്കോര്‍ഡറും ഉള്‍പ്പടെയുള്ള രണ്ട് ബ്ലാക്ക് ബോക്‌സുകളും കണ്ടെടുത്തു. എന്നാല്‍ മേഖല വിമതരുടെ നിയന്ത്രണത്തിലായതിനാല്‍ ഇവ ആരാണ് പരിശോധിക്കുകയെന്ന് വ്യക്തമല്ല. പ്രക്ഷോഭകാരികളുടെ നിയന്ത്രണത്തിലുള്ള മേഖലയായതിനാല്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ഒബാമ മുന്നറിയിപ്പ് നല്‍കി. ദുരന്തസ്ഥലത്തേക്ക് സുരക്ഷിതമായി എത്തുന്നതിന് മേഖലയില്‍ അടിയന്തരവെടിനിര്‍ത്തലിന് ഒബാമയും ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലും ആഹ്വാനംചെയ്തു. അന്താരാഷ്ട്ര പരിശോധകര്‍ക്ക് മേഖലയില്‍ അന്വേഷണം നടത്തുന്നതിന് റഷ്യന്‍ അനുകൂല പ്രക്ഷോഭകാരികള്‍ സമ്മതം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.

ഇതിനിടെ വിമാനം തകര്‍ന്നു വീണതിനുപിന്നില്‍ യുക്രൈന്‍ വിമതരാണെന്ന് തെളിയിക്കുന്ന ശബ്ദരേഖയുമായി യുക്രൈന്‍ സുരക്ഷാ ഏജന്‍സി രംഗത്തെത്തി. വിമതര്‍ നടത്തിയ രണ്ട് ടെലിഫോണ്‍ സംഭാഷണങ്ങളുടെ ശബ്ദരേഖയും ഇവര്‍ പുറത്തുവിട്ടു. വിമതസേനയുടെ കമാന്‍ഡര്‍ ഐഗോര്‍ ബെസ്ലറും റഷ്യന്‍ സൈനിക രഹസ്യാന്വേഷണ ഉദ്യോഗസ്ഥനുംതമ്മിലുള്ള സംഭാഷണമാണ് ഇതിലൊന്ന്. ഒരു വിമാനം വെടിവെച്ചിട്ടതായി ഈ ശബ്ദരേഖയില്‍ പറയുന്നു.

വിമാനാപകടം നടന്ന സ്ഥലത്തുനിന്നും രണ്ട് വിമതസൈനികര്‍ ടെലിഫോണില്‍ സംസാരിച്ചതിന്റെ ശബ്ദരേഖയാണ് മറ്റൊന്ന്. ഈ സ്ഥലത്തുനിന്നും 25 കിലോമീറ്റര്‍ അടുത്തായി റോക്കറ്റ് ആക്രമണം നടത്തിയെന്നാണ് ഇതിലുള്ളത്. എന്നാല്‍ ഇവയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close