മഴയുടെ ശക്തി കുറഞ്ഞു

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത. മഴ കുറഞ്ഞതോടെ കുട്ടനാട്ടിലെ ജലനിരപ്പ് കുറഞ്ഞെങ്കിലും ആലപ്പുഴ- ചങ്ങനാശേരി റോഡിലെ ഗതാഗതം ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ടു കോഴഞ്ചേരി ആറാട്ടുപുഴ വാഴയില്‍ നികരിപുറത്ത് ടിനു വര്‍ഗീസിനെ കാണാതായി.

ഇന്നലെ കാസര്‍കോട് ഹോസ്ദുര്‍ഗില്‍ ഒന്‍പതു സെന്റീമീറ്ററും കുടവൂര്‍, വടകര എന്നിവിടങ്ങളില്‍ എട്ടു സെന്റീമീറ്റര്‍ വീതവും തളിപ്പറമ്പില്‍ ഏഴു സെന്റീമീറ്ററും മഴ രേഖപ്പെടുത്തി. വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ ആകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ ശ്രദ്ധിക്കണം. ശബരിഗിരി പദ്ധതിയുടെ അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് ശക്തം. മൊത്തം സംഭരണ ശേഷിയുടെ 51 ശതമാനമായി ജലനിരപ്പ് ഉയര്‍ന്നു.

കക്കി-ആനത്തോട് അണക്കെട്ടില്‍ 965.865 മീറ്ററും കൊച്ചുപമ്പ അണക്കെട്ടില്‍ 972.85 മീറ്ററുമാണ് ജല നിരപ്പ്. കക്കിയില്‍ മഴ കുറവായിരുന്നെങ്കിലും കൊച്ചുപമ്പയില്‍ 15 മില്ലിമീറ്റര്‍ മഴ പെയ്തു. 15.298 ദശലക്ഷം ഘനമീറ്റര്‍ വെള്ളം ഒഴുകിയെത്തി. കക്കാട് പദ്ധതിയുടെ മൂഴിയാര്‍ അണക്കെട്ടിലേക്കു ശക്തമായ നീരൊഴുക്കാണ്. ആലപ്പുഴ ജില്ലയില്‍ കാലങ്ങളായി അടച്ചിട്ടിരുന്ന കൊച്ചാര്‍ കനാല്‍ കര്‍ഷകര്‍ സ്വയം തുറന്നതാണ് പ്രളയ ജലം ഒഴുകിപ്പോകുന്നതിനു വഴിയൊരുക്കിയത്. ഏതാനും പാടശേഖരങ്ങളില്‍ പുറംബണ്ട് പൊട്ടി കൃഷി നശിച്ചു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close