മഹാത്മജിയെക്കുറിച്ചു തന്നെ

 കെ ഹരികുമാര്‍

ഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ശ്രീമതി അരുന്ധതി റോയിയോടുള്ള എന്റെ ഇഷ്ടം അവരുടെ ആദ്യകൃതിയായ ‘കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍’ വായിച്ചപ്പോള്‍ രൂപപ്പെട്ടതാണ്. തുടര്‍ന്ന് പലവിധ കാരണങ്ങളാല്‍ കുടിയൊഴിപ്പിക്കപ്പെടുന്ന സാധാരണക്കാരുടെ കഷ്ടതകളിലേക്ക് വെളിച്ചം വീശുന്ന അവരുടെ ലേഖനങ്ങളും പ്രഭാഷണങ്ങളും അവരോടുള്ള സ്‌നേഹം വര്‍ദ്ധിപ്പിച്ചുകൊണ്ടേയിരുന്നു. ആകയാല്‍ തന്നെ കേരള സര്‍വ്വകലാശാലയുടെ അയ്യന്‍കാളി ചെയര്‍ സംഘടിപ്പിച്ച ത്രിദിന സെമിനാറില്‍ അവര്‍ നടത്തിയ ‘അയ്യങ്കാളി അഡ്രസ്സി’ ലെ ഗാന്ധിവിരുദ്ധ പരാമര്‍ശങ്ങളെക്കുറിച്ചുള്ള പത്രവാര്‍ത്തകളും വിവാദങ്ങളും എന്റെയുള്ളില്‍ ജിജ്ഞാസയാണുണ്ടാക്കിയത്. 2014 ആഗസ്റ്റ് മാസത്തെ ‘പ്രസാധകന്‍’ മാസികയില്‍ പ്രസ്തുത പ്രഭാഷണം പൂര്‍ണ്ണ രൂപത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്നു കണ്ടാണ് ആ മാസിക വാങ്ങിയത്. ശ്രീ. ഷഫീക്ക്.എസ് വിവര്‍ത്തനം ചെയ്ത പ്രസ്തുത പ്രഭാഷണം വായിച്ചുകഴിഞ്ഞപ്പോള്‍ കടുത്ത നിരാശയാണുണ്ടായത് എന്നു പറയാതെ വയ്യ. വിഗ്രഹ ഭഞ്ജനത്തിനുള്ള കടുത്ത ആസക്തിയില്‍ ശ്രീമതി റോയി സത്യങ്ങള്‍ക്ക് പുല്ലുവില പോലും കല്‍പ്പിക്കാന്‍ ശ്രമിക്കാത്തതായാണ് അനുഭവപ്പെട്ടത്.

‘അയ്യങ്കാളി അഡ്രസ്സ്’ എന്ന നിലയിലാണ് ശ്രീമതി റോയിയുടെ പ്രഭാഷണം സംഘടിപ്പിക്കപ്പെട്ടിട്ടുള്ളതെങ്കിലും ആ പ്രഭാഷണത്തിലുടനീളം ഗാന്ധിജിയെ ഭര്‍ത്സിക്കുന്നതിനാണ് അവര്‍ ശ്രമിച്ചുകാണുന്നത്. മഹാത്മാ അയ്യങ്കാളിയെക്കുറിച്ചു പരാമര്‍ശങ്ങള്‍ നാമമാത്രമാണ് ആ പ്രഭാഷണത്തില്‍. ഇന്ത്യയിലെ വന്‍കിട വ്യവസായ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന ‘ബനിയാകള്‍ക്ക് വേണ്ട ബീജവാപം ചെയ്തത് ഗാന്ധിജിയാണ് എന്ന തരത്തിലാണ് പ്രഭാഷണം പുരോഗമിക്കുന്നത്. ഇന്ത്യയിലെ ജാതീയമായ ഉച്ചനീചത്വങ്ങളെക്കുറിച്ചും ദളിതര്‍ അനുഭവിക്കുന്ന കൊടുംയാതനകളെക്കുറിച്ചും കണക്കുകളുടെ കൂടി സഹായത്തോടെ ശ്രീമതി റോയി സംസാരിക്കുന്നുണ്ട്. തികച്ചും സത്യസന്ധമാണത്. എന്നാല്‍ അവയ്ക്കുത്തരവാദി ഗാന്ധിജികൂടിയാണ് എന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം സത്യത്തിനു നിരക്കുന്നതല്ല.

ശ്രീമതി റോയി തന്റെ പ്രഭാഷണത്തില്‍ ഗാന്ധിജിക്കെതിരായി ഉന്നയിച്ചിരുന്ന ആരോപണങ്ങളില്‍ പ്രധാനമായത് ഇവയാണ്.
* ഗാന്ധിജി ജാതിക്കെതിരായി പോരാടി, ദക്ഷിണാഫ്രിക്കയിലെ വംശീയതക്കെതിരെ പോരാടി എന്നീ ഐതിഹ്യങ്ങള്‍ (?) വാസ്തവത്തില്‍ കള്ളമായിരുന്നു.
* ജാതി വ്യവസ്ഥ എന്ന കിരാതമായ സാമൂഹ്യശ്രേണി ബദ്ധ വ്യവസ്ഥയെ സ്വീകരിക്കുന്നതില്‍ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള അഹിംസാ സിദ്ധാന്തത്തെ തന്റെ ജീവിതത്തിലുടനീളം വച്ചുപുലര്‍ത്തിയ വ്യക്തിയായിരുന്നു എല്ലായ്‌പ്പോഴും ഗാന്ധിജി.
* ജാതി വ്യവസ്ഥയിലെ ജനങ്ങളുടെ പരമ്പരാഗതമായ തൊഴിലുകള്‍ നിലനിര്‍ത്തണം എന്നു വിശ്വസിച്ചിരുന്ന വ്യക്തിയാണദ്ദേഹം.
* ഉപ്പിന്‍മേലുള്ള നികുതിക്കെതിരായി നടത്തിയ ഉപ്പു സത്യാഗ്രഹം വാസ്തവത്തില്‍ ദുരാഗ്രഹമായിരുന്നു.

മഹാത്മജിക്കെതിരായ ഈ ദുരാരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് അദ്ദേഹത്തിന്റെ ജീവചരിത്രത്തിലെ ചില ഏടുകള്‍ പരിശോധിക്കാതെ വയ്യ. ഗുജറാത്തിലെ കത്തിയവാറിലെ ദിവാനായിരുന്ന കരംചന്ദ് ഗാന്ധിജിയുടേയും പുത്ത്‌ലിബായിയുടേയും മകനായി പോര്‍ബന്തറിലാണ് മോഹന്‍ദാസ് ജനിക്കുന്നത്. ജനിച്ച ജാതിയുടെ വിശ്വാസപ്രമാണങ്ങള്‍ തന്നെയായിരുന്നു തുടക്കത്തില്‍ അദ്ദേഹത്തെ സസ്യഭോജിയും ഈശ്വരവിശ്വാസിയും ആക്കിയത്. പില്‍ക്കാലത്ത് സ്വയം പരീക്ഷിച്ച് അവ തന്റെ ജീവിതവ്രതമാക്കിയെങ്കിലും പിതാവു മരിക്കുമ്പോള്‍ ഗാന്ധിജിക്ക് 16 വയസ്സേ ഉണ്ടായിരുന്നുള്ളൂ. മാറിയ സാമൂഹ്യ-രാഷ്ട്രീയ പരിതസ്ഥിതികളില്‍ മികച്ച വിദ്യാഭ്യാസം കൊണ്ടുമാത്രമേ സര്‍ക്കാരില്‍ ഉയര്‍ന്ന ഒരുദ്യോഗം നേടാനാകൂ എന്നു കണ്ടതുകൊണ്ടാണ് സാമൂഹ്യമായ വിലക്കുകള്‍ വകവയ്ക്കാതെ അദ്ദേഹം ഇംഗ്‌ളണ്ടില്‍ നിയമം പഠിക്കാന്‍ പോയത്. അവിടെ തന്റെ സാമൂഹ്യവും ജാതീയവുമായ നിഷ്ഠകളും കുടുംബത്തിനു നല്‍കിയ വാഗ്ദാനങ്ങളും ലംഘിക്കുവാന്‍ ആവോളം അവസരങ്ങളുണ്ടായിട്ടും അദ്ദേഹം അവ ഉപയോഗിക്കുകയുണ്ടായില്ല.

ഇംഗ്‌ളണ്ടില്‍ നിന്നും ബാരിസ്റ്റര്‍ പരീക്ഷ ജയിച്ച് 1891-ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയ ഗാന്ധിജിക്ക് ജ്യേഷ്ഠന്‍ ലക്ഷ്മീദാസിന്റെ ചില പ്രവൃത്തികള്‍ മൂലം പോര്‍ബന്തറില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗം നേടുക എന്ന ആഗ്രഹം ഉപേക്ഷിക്കേണ്ടിവന്നു. ബോംബെ ഹൈക്കോടതിയില്‍ വക്കീലായി പ്രാക്ടീസ് ആരംഭിച്ചുവെങ്കിലും കേസ്സില്ലാവക്കീലായി തുടരാനായിരുന്നു വിധി. അങ്ങനെയിരിക്കെയാണ് ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ വ്യവസായി ശ്രീ ദാദാ അബ്ദുള്ള തന്റെ ഒരു കേസ് വാദിക്കുന്നതിന് അദ്ദേഹത്തെ അവിടേക്കു ക്ഷണിക്കുന്നതും 1803-ല്‍ ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെത്തുന്നതും.

അക്കാലത്ത് ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ അവസ്ഥ തികച്ചും ദയനീയമായിരുന്നു. വംശീയഭരണകൂടം ദിനംപ്രയിയെന്നോണമായിരുന്നു ഇന്ത്യക്കാര്‍ക്കെതിരായ പുതിയ നിയമനിര്‍മ്മാണങ്ങള്‍ക്കു രൂപം കൊടുത്തുകൊണ്ടിരുന്നത്. ദാദാ അബ്ദുള്ളയുടെ കേസ്സ് വാദിക്കാനാണ് അദ്ദേഹം ദക്ഷിണാഫ്രിക്കയിലെത്തിയെങ്കിലും ക്രമേണ മറ്റിന്ത്യക്കാര്‍ക്കുവേണ്ടിയും കേസ്സുകള്‍ വാദക്കാനാരംഭിക്കുകയും അവരുടെ കഷ്ടപ്പാടുകല്‍ക്ക് നേര്‍സാക്ഷിയാവുകയും ചെയ്തപ്പോള്‍ ഗാന്ധിജി സാവധാനം അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയായിരുന്നു. അന്ന് ദക്ഷിണാഫ്രിക്കയിലെ തദ്ദേശീയരെക്കുറിച്ച് വേണ്ട അറിവോ മതിപ്പോ അദ്ദേഹത്തിനുണ്ടായിരുന്നില്ല എന്നതു സത്യമാണ്. ഇംഗ്‌ളീഷുകാരുടെ പ്രീതി പിടിച്ചുപറ്റുന്നതിലൂടെ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനാകും എന്ന വിശ്വാസത്തിലണ് 1899-ലെ ബോര്‍ യുദ്ധത്തിലും 1906-ലെ സുളു കലാപത്തിലും ഇന്ത്യക്കാരുടെ ആംബുലന്‍സ് വിഭാഗം രൂപീകരിക്കുകയും അതില്‍ സ്വയം ഒരു സന്നദ്ധ ഭടനായി പങ്കെടുക്കുകയും ചെയ്തത്. യുദ്ധഭൂമിയില്‍ വെളുത്തവരെന്നോ കറുത്തവരെന്നോ വ്യത്യാസമില്ലാതെ പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുവാന്‍ ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ആംബിലന്‍സ് വിഭാഗം ശ്രദ്ധിച്ചിരുന്നുവെന്നു മനസ്സിലാക്കേണ്ടതുണ്ട്.
എന്നാല്‍ തന്റെയീ ശ്രമങ്ങളൊന്നും തന്നെ ദേശീയ ഭരണകൂടത്തിന്റെ കാഴ്ചപ്പാടില്‍ യാതൊരു മാറ്റഴും വരുത്താതായപ്പോഴാണ് ഗാന്ധിജി പ്രത്യക്ഷ സമരങ്ങളിലേക്കു നീങ്ങുന്നത്. ഇതിനകം തന്നെ അദ്ദേഹം ഇന്ത്യക്കാര്‍ക്കുവേണ്ടി ‘ഇന്ത്യന്‍ ഒപ്പീനിയന്‍’ എന്ന പത്രം തുടങ്ങുകയും കുടുംബത്തെ ദക്ഷിണാഫ്രിക്കയിലേക്കു കൊണ്ടുവരികയും ചെയ്തിരുന്നു. കുട്ടിക്കാലം മുതല്‍ക്കുതന്നെ നിത്യം പാരായണം ചെയ്തുപോന്ന ഭഗവത്ഗീതയും ജോണ്‍ റസ്‌കിന്റെയും ടോള്‍സ്റ്റോയിയുടേയും പുസ്തകങ്ങളും അദ്ദേഹത്തില്‍ പുതിയ അവബോധം സൃഷ്ടിക്കുന്നതും അദ്ദേഹം ‘ടോള്‍ സ്റ്റോയ് ഫാം’ ആരംഭിക്കുന്നതും ഇക്കാലത്താണ്.

മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന വക്കീലില്‍ നിന്ന് ‘മഹാത്മാഗാന്ധി’ യുടെ രൂപീകരണം ആരംഭിക്കുന്നത് ദക്ഷിണാഫ്രിക്കയില്‍ വച്ചാണെന്നു പറയാം. അതിനു മുന്‍പ് അല്ലെങ്കില്‍ അതിന്റെ തുടക്കത്തില്‍ അദ്ദേഹം ദക്ഷിണാഫ്രിക്കയിലെ തദ്ദേശീയരായ കറുത്ത വര്‍ഗ്ഗക്കാരെക്കുറിച്ചു പറഞ്ഞത് അതിന്റെ സാഹചര്യത്തില്‍ നിന്നും പറിച്ചുമാറ്റി ഗാന്ധിജി ഒരു ജാതി ഭ്രാന്തനായിരുന്നു എന്നു തെളിയിക്കുന്നതിനു വേണ്ടി ഉപയോഗപ്പെടുത്താനാണ് ശ്രീമതി റോയി ശ്രമിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ കരാര്‍ തൊഴിലാളികളായ ഇന്ത്യക്കാരെക്കുറിച്ചുള്ള ഗാന്ധിജിയുടെ പരാമര്‍ശത്തെയും ഇപ്രകാരം വളച്ചൊടിക്കുകയാണ് അവര്‍ ചെയ്യുന്നത്. വാസ്തവത്തില്‍ ഗാന്ധിജി അവര്‍ക്കിടയിലെ വൃത്തിഹീനമായ ജീവിതരീതികളെയും മദ്യപാന-മാംസഭക്ഷണ-കളവു പറയല്‍ ശീലങ്ങളെയും വിമര്‍ശിക്കുകയും അവ എങ്ങനെ അവരെ ഇല്ലായ്മ ചെയ്യുന്നു എന്നു ചൂണ്ടിക്കാണിക്കുകയുമാണ് ചെയ്തിട്ടുള്ളത്. ശ്രീമതി റോയിയുടെ ഉദ്ധരണി തന്നെ അതു വ്യക്തമാക്കും.

”അവര്‍ ഹിന്ദുക്കളോ മുഹമ്മദന്‍മാരോ ആയിക്കൊള്ളട്ടെ, അവര്‍ക്ക് പറയാന്‍ പറ്റുംവിധം ഏതെങ്കിലും തരത്തിലുള്ള ധാര്‍മ്മികമോ മതപരമോ ആയ ഒരു ബോധനവും ലഭിച്ചിട്ടില്ല. ഇതുകൂടാതെ ചെറിയ പ്രലോഭനങ്ങള്‍ക്കുപോലും കള്ളം പറയാനുള്ള വാസന അവര്‍ക്കുണ്ടുതാനും. കുറച്ചുകഴിയുമ്പോള്‍ ഈ കള്ളംപറയുക എന്നത് അവര്‍ക്ക് ഒരു ശീലമായും ഒരു രോഗമായും മാറും. ഒരു കാരണവുമില്ലാതെ, ശരിയായ രീതിയിലല്ലാതെ, തങ്ങള്‍ ചെയ്യുന്നതെന്താണ് എന്നുപോലും അറിയാതെ, ഭൗതികമായ സമൃദ്ധിയിലൂടെ തങ്ങള്‍ക്ക് നേട്ടമുണ്ടാകാന്‍ പോലുമല്ലാതെ കള്ളംപറയുന്ന രീതിയിലവന്‍ എത്തിച്ചേരും. തങ്ങളുടെ ധാര്‍മ്മികമായ കഴിവുകളൊക്കെ തകര്‍ന്നടിഞ്ഞ് അവഗണിക്കപ്പെട്ടവരാകുന്ന സ്ഥിതിയിലാകും.
അവന്‍ എത്തിച്ചേരുക. ഇപ്പോള്‍ ഇതാണ് നടന്നുകൊണ്ടിരിക്കുന്നത്.”
ദക്ഷിണാഫ്രിക്കയിലെ കരാര്‍ തൊഴിലാളികളെക്കുറിച്ചുള്ള ഗാന്ധിജിയുടെ ഈ പരാമര്‍ശത്തില്‍ നിന്നും അദ്ദേഹം ജാത്യാഭിമാനിയാണ് എന്നു കണ്ടെത്തണമെങ്കില്‍ അപാരമായ സിദ്ധി വേണം. അത് ശ്രീമതി റോയിക്ക് വേണ്ടുവോളമുണ്ട്.
മഹാത്മജിയ്‌ക്കെതിരായ രണ്ടാമത്തെ പ്രധാന ആരോപണം ”അദ്ദേഹത്തിന്റെ അഹിംസാസിദ്ധാന്തം കിരാതമായ ജാതി വ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തിയുള്ളതും ജാതി വ്യവസ്ഥയിലെ ജനങ്ങളുടെ പരമ്പരാഗതമായ തൊഴിലുകള്‍ നിലനിര്‍ത്തണം എന്നു വിശ്വസിച്ചിരുന്ന വ്യക്തിയാണദ്ദേഹം എന്നുമമാണല്ലോ. അതിനുപോല്‍ബലകമായി ശ്രീമതി റോയി ഉദ്ധരിക്കുന്നത് 1936-ല്‍ ഹരിജന്‍ മാസികയില്‍ അദ്ദേഹമെഴുതിയ ‘മൈ ഐഡിയല്‍ ഭാംഗി’ എന്ന ലേഖനത്തില്‍ നിന്നുമാണ്.

അതിങ്ങനെ,

”നല്ല രീതിയിലുള്ള ഒരു കക്കൂസ് എങ്ങനെയായിരിക്കണം ഉണ്ടാക്കേണ്ടതെന്നും അത് വൃത്തിയാക്കാനുള്ള രീതിയെക്കുറിച്ചും അയാള്‍, തോട്ടി അറിഞ്ഞിരിക്കണം. മലം തടഞ്ഞുനില്‍ക്കാതെ എങ്ങനെ ഒഴിവാക്കാമെന്നും അത്തരത്തിലുള്ള കാര്യങ്ങളെ എങ്ങനെ അതിജീവിക്കാമെന്നും ഒപ്പം വിവിധ തരത്തിലുള്ള അണുബാധ എങ്ങനെ ഇല്ലാതാക്കാമെന്നൊക്കെ അയാള്‍ക്ക് അറിവുണ്ടാകണം. മലവും മൂത്രവും വളമാക്കി മാറ്റാനുള്ള പ്രക്രിയയൊക്കെ അയാള്‍ അറിഞ്ഞിരിക്കണം. അതുമാത്രമല്ല, എന്റെ മാതൃകാതോട്ടിക്ക് മലത്തിന്റെയും മൂത്രത്തിന്റെയും ഗുണം അറിയാന്‍ കഴിയണം. അതില്‍ നല്ല ശ്രദ്ധാലുവായിരിക്കണം അയാള്‍, മാത്രവുമല്ല അതിന്റെ അടിസ്ഥാനത്തില്‍ അതത് വ്യക്തികല്‍ക്ക് സമയാസമയങ്ങളില്‍ മുന്നറിയിപ്പ് നല്‍കാനും അയാള്‍ക്ക് കഴിയും.”
ഇവിടെയും മഹാത്മജിയുടെ വാദഗതികളെ വളച്ചൊടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം കാണാം. ഇവിടെ അദ്ദേഹത്തിന്റെ ലേഖനത്തിന്റെ കാതലായ ഭാഗം ഒഴിവാക്കിക്കൊണ്ടാണ് തന്റെ ലക്ഷ്യം നേടാന്‍ ശ്രീമതി റോയി ശ്രമിക്കുന്നത്. ഗാന്ധിജിയുടെ ‘മൈ ഐഡിയല്‍ ഭാംഗി’ തുടങ്ങുന്നത് തോട്ടിപ്പണിക്കാരനെ ബ്രാഹ്മണനും മുകളില്‍ പ്രതിഷ്ഠിച്ചുകൊണ്ടാണ്. മാത്രവുമല്ല, അദ്ദേഹം തോട്ടിപ്പണിയെക്കുറിച്ച് ആദ്യം എഴുതുന്നത് 1936-ല്‍ അല്ല. 1934-ലും ഹരിജന്‍ മാസികയില്‍ അദ്ദേഹം അതിനെക്കുറിച്ചെഴുതിയിരുന്നു. അതിപ്രകാരം, ”മനുഷ്യ കൃത്യങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ തൊഴിലാണ് തോട്ടിപ്പണിയെന്നു ഞാന്‍ കാണുന്നു. അതൊരു വൃത്തിഹീനമായ തൊഴിലാണെന്നു ഞാന്‍ കരുതുന്നില്ല. നിങ്ങള്‍ക്ക് അഴുക്ക് കൈകാര്യം ചെയ്യേണ്ടിവരുമെന്നതു ശരിതന്നെ. പക്ഷെ, അത് എല്ലാ അമ്മമാരും ചെയ്യുന്നുണ്ട്. പക്ഷേ, ഒരമ്മയുടെ ആ ജോലി വൃത്തിഹീനമാണെന്ന് ആരും പറയില്ല.”
ഇവിടെ നാം മനസ്സിലാക്കേണ്ടത് മഹാത്മജി പറയുന്നത് ഭാംഗികളെന്നും വിളിക്കപ്പെടുന്ന വടക്കേയിന്ത്യന്‍ തോട്ടികളെക്കുറിച്ചില്ല എന്നുള്ളതാണ്. അത് തന്നെക്കുറിച്ചു കൂടിയാണ്. തൊഴിലിന്റെ മഹത്വത്തെക്കുറിച്ചാണ്. അത് മനസ്സിലാക്കണമെങ്കില്‍ അദ്ദേഹത്തെക്കുറിച്ചു ചിലതു കൂടി അറിയിക്കേണ്ടതുണ്ട്.

രാജ്‌കോട്ടിലെ ഗാന്ധിജിയുടെ പിതാവിന്റെ വീട്ടിലെ തോട്ടിപ്പണിക്കാരനെ സ്പര്‍ശിച്ച മോഹന്‍ദാസ് എന്ന 12 വയസ്സുകാരനോട് കുളിക്കാനാവശ്യപ്പെട്ട അമ്മയോട് അവന്‍ പറഞ്ഞ മറുപടിയില്‍ തുടങ്ങണം ആ അറിവ്. നമ്മുടെ വീട്ടിലെ അഴുക്കും അവശിഷ്ടങ്ങളും വൃത്തിയാക്കുന്ന അദ്ദേഹത്തിന്റെ സ്പര്‍ശനം എങ്ങനെയാണ് മലിനീകരിക്കുക. ഞാന്‍ അമ്മയെ ധിക്കരിക്കുകയില്ല, പക്ഷെ, രാമായണം പറയുന്നത് രാമന്‍ ചണ്ഡാലനായ ഗുഹനെ പുണര്‍ന്നു എന്നാണല്ലോ. രാമായണം നമ്മെ വഴിതെറ്റിതെറ്റിക്കുകയില്ല. പിന്നെ നാം അറിയേണ്ടത് ഗാന്ധിജി തോട്ടിപ്പണി പഠിച്ചത് ദക്ഷിണാഫ്രിക്കയിലാണ് എന്നതാണ്. അവിടുത്തെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അദ്ദേഹത്തെ ‘മഹാനായ തോട്ടി’ (വേല ഴൃലമ േരെമ്മിഴലൃ) എന്നാണു വിളിച്ചിരുന്നത്. ദക്ഷിണാഫ്രിക്കയിലെ ടോള്‍ സ്റ്റോയ് ഫാമിലെ തോട്ടിപ്പണി അദ്ദേഹം കുടുബസമേതമാണ് ചെയ്തിരുന്നത്. അവിടെ ഒരു കീഴ്ജാതിക്കാരന്റെ വിസര്‍ജ്ജ്യം ശേഖരിച്ച പാത്രം കൈകാര്യം ചെയ്യാന്‍ വിസമ്മതിച്ച കസ്തൂര്‍ബയുമായി ഗാന്ധിജി വഴക്കുണ്ടാക്കുകയുണ്ടായിട്ടുണ്ട്. അതിനും മുമ്പ് ദക്ഷിണാഫ്രിക്കയിലേക്ക് തന്റെ കുടുംബത്തെ കൂട്ടിക്കൊണ്ടുപോകുവാന്‍ 1896-ല്‍ ഗാന്ധിജി ഇന്ത്യയിലെത്തിയപ്പോഴാണ് ബോംബെ പ്രസിഡന്‍സിയില്‍ പ്ലേഗ്ബാധ പൊട്ടിപ്പുറപ്പെട്ടത്. അത് രാജ്‌കോട്ടിലേക്കു പകരുവാന്‍ സാദ്ധ്യതയുണ്ടെന്നു മനസ്സിലാക്കിയ ഗാന്ധിജി രാജ്‌കോട്ടിലെ ശുചിത്വനിലവാരം മെച്ചപ്പെടുത്തുന്നതിന് മുന്നിട്ടിറങ്ങുകയുണ്ടായി. വീടു വീടാന്തരം കയറിയിറങ്ങി ബോധവല്‍ക്കരണം നടത്തിയ അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചത് കൂടുതലും ദളിതരും മറ്റുമായിരുന്നു. 1901-ലെ കല്‍ക്കത്ത കോണ്‍ഗ്രസ് സെഷനില്‍ ഗാന്ധിജി പങ്കെടുത്തത് ദക്ഷിണാഫ്രിക്കയിലെ ഇന്ത്യാക്കാരുടെ കാര്യത്തില്‍ ഇന്ത്യന്‍ നേതാക്കളുടെ ഇടപെടല്‍ ആവശ്യപ്പെടാനായിരുന്നു. കല്‍ക്കത്തയിലെ കോണ്‍ഗ്രസ് ക്യാമ്പിലെ ശുചിത്വമില്ലായ്മ കണ്ട് മനംമടുത്ത ഗാന്ധിജി, അന്നു യൂറോപ്യന്‍ വേഷത്തിലാണ്, സ്വയം ചൂലെടുത്ത് അവിടം വൃത്തിയാക്കുകയുണ്ടായി. വര്‍ഷങ്ങള്‍ക്കുശേഷം മഹാത്മജി കോണ്‍ഗ്രസിന്റെ നേതൃനിരയിലെ പ്രധാനിയാകുമ്പോഴേക്കും കോണ്‍ഗ്രസില്‍ ഒരു ‘ഭാംഗി സ്‌ക്വാഡ്’ തന്നെ രൂപീകരിക്കപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കയില്‍ ജയിലിലായിരിക്കുമ്പോള്‍ അവിടത്തെ കക്കൂസുകള്‍ വൃത്തിയാക്കുന്ന ജോലി അദ്ദേഹം സ്വമേധയാ ഏറ്റെടുത്തിരുന്നു. വ്യക്തിജീവിതത്തിലും സമൂഹജീവിതത്തിലും ശുചിത്വം പാലിക്കേണ്ടതിന്റെ അവശ്യകത മഹാത്മജി ആവര്‍ത്തിച്ച് ഉദ്‌ബോധിപ്പിക്കുക മാത്രമല്ല അത് തന്റെ ജീവിതത്തില്‍ നടപ്പിലാക്കുകയും ചെയ്തിരുന്നു. ഒരു തൊഴിലും മറ്റൊന്നിനേക്കാള്‍ അധമമാണെന്ന് അദ്ദേഹം കരുതിയിരുന്നില്ല. ഒരു ജാതിയുടേയും മേല്‍ക്കോയ്മ അദ്ദേഹം അംഗീകരിക്കുന്നുമില്ല. തന്റെ ആശ്രമത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് നടന്നിരുന്നത്. അവിടെ തോട്ടത്തിലെ ചെടികള്‍ക്കാവശ്യമായ വളം കക്കൂസ് മാലിന്യങ്ങളില്‍ നിന്നാണുല്‍പാദിപ്പിച്ചിരുന്നത്. കുളിമുറികളിലെ അഴുക്കുജലം തോട്ടം നനയ്ക്കാനും ഉപയോഗിച്ചിരുന്നു.

ശ്രീമതി റോയിയുടെ മൂന്നാമത്തെ പ്രധാന ആരോപണം ഉപ്പുസത്യാഗ്രഹം ഒരു സത്യാഗ്രഹമേ ആയിരുന്നുന്നില്ല എന്നാണ്. അതൊരു ദുരാഗ്രഹമായിരുന്നു എന്നു പറയാതെ പറയുകയും ചെയ്തു അവര്‍. അവരുടെ അഭിപ്രായത്തില്‍ പൊതുജലത്തിന്റെ ലഭ്യതയ്ക്കുവേണ്ടി നടത്തിയ ‘മഹത് സത്യാഗ്രഹം’ മാത്രമാണ് യഥാര്‍ത്ഥത്തില്‍ സത്യാഗ്രഹം. ഇവിടെ ഒന്നിലധികം കാര്യങ്ങള്‍ പരിഗണിക്കേണ്ടതായിട്ടുണ്ട്. അതില്‍ പ്രധാനമായത് ‘ഉപ്പു സത്യാഗ്രഹം’ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ഒരു പ്രധാന ഏടും പൊതുജല ലഭ്യതയ്ക്കുവേണ്ടി നടത്തിയ ‘മഹത് സത്യാഗ്രഹം’ ജാതീയമായ വേര്‍തിരിവിനെതിരെ ഉളളതും ആയിരുന്നു എന്നുള്ളതാണ്.

തികച്ചും വ്യത്യസ്തമായ സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലങ്ങലിലുള്ള രണ്ടു സമരങ്ങളെ തമ്മില്‍ താരതമ്യം ചെയ്യുന്നതിലെ അസംബന്ധം പോലും മഹാത്മജിയെ താറടിക്കുന്നതിനുള്ള ശ്രമത്തിനിടയില്‍ പ്രഭാഷക കാണാതെ പോകുന്നു. ഉപ്പു സത്യാഗ്രഹത്തിനു മുന്‍പുതന്നെ കോണ്‍ഗ്രസ് ഗാന്ധിജിയുടെ നേതൃത്വത്തില്‍ നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചിരുന്നു. ആഹാരവും വസ്ത്രവും ഉള്‍പ്പെടെ ഒന്നിനും വിദേശ ഇറക്കുമതികളെ ആശ്രയിക്കില്ലായെന്നുള്ളതും ആ സമരത്തിന്റെ ഭാഗമായിരുന്നു. അപ്പോഴാണ് ഇവിടെ സമുദ്രജലം കുറുക്കിയെടുത്ത ഉപ്പിനു നികുതി ചുമത്താന്‍ അധിനിവേശ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.

ഉപ്പ് ഒഴിവാക്കാനാവാത്ത വസ്തു ആകയാലും ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ ഇന്ത്യന്‍ ജനത അംഗീകരിക്കുന്നില്ല എന്ന് അവരെ ബോധ്യപ്പെടുത്തുവാനും ഉപ്പുസത്യാഗ്രഹം ആവശ്യമായിരുന്നു. അതില്‍ ദുരാഗ്രഹം കാണുവാനും സമകാലിക ഇന്ത്യയിലെ ഉപ്പു വ്യവസായം നിയന്ത്രിക്കുന്നത് ടാറ്റ ആയതിനാലും ഉപ്പുസത്യാഗ്രഹം അനാവശ്യമായിരുന്നു എന്നു പറയുവാനും കടുത്ത അന്ധതയുണ്ടാകണം. ആ അന്ധത മൂലമുള്ള ഇരുട്ട് ശ്രീമതി റോയിയുടെ പ്രഭാഷണത്തില്‍ വേണ്ടുവോളമുണ്ട്. അതുകൊണ്ടാണ് മഹാത്മാ അയ്യങ്കാളിയെക്കുറിച്ചുള്ള ത്രിദിന ശില്പശാലയില്‍ പങ്കെടുക്കാനെത്തിയിട്ട് അദ്ദേഹം കേരളീയ സാമൂഹ്യ മണ്ഡലത്തില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും തളിതരുടെ അവകാശങ്ങള്‍ക്കുവേണ്ടി നടത്തിയ പോരാട്ടങ്ങളെക്കുറിച്ചും ഒന്നും പറയുവാനില്ലാതെ പോയത്. അദ്ദേഹത്തെക്കുറിച്ച് ഇന്റര്‍നെറ്റില്‍ ഒന്നു പരതി നോക്കിയിരുന്നെങ്കില്‍ എന്തെല്ലാം വിവരങ്ങള്‍ അവര്‍ക്കു കിട്ടുമായിരുന്നില്ല? മഹാത്മജിയുടേയും മഹാത്മാ അയ്യന്‍കാളിയുടേയും പ്രവര്‍ത്തന മണ്ഡലങ്ങള്‍ വ്യത്യസ്തമായിരുന്നെന്നു കണ്ടെത്താനെങ്കിലും അവര്‍ക്ക് പ്രയാസമുണ്ടാകുമായിരുന്നില്ല. പകരം തന്റെ പ്രസംഗം മുഴുവന്‍ ഗാന്ധി ഭര്‍ത്സനത്തിനുപയോഗിക്കുക വഴി അവര്‍ സംഘാടകരുടെ ഉദ്ദേശ ശുദ്ധിയെപ്പറ്റി കളങ്കിതമാക്കുകയാണുണ്ടായത്. ഒടുവില്‍ താന്‍ ഏതു സര്‍വ്വകലാശാലയുടെ പരിപാടിയിലാണ് പങ്കെടുത്തത് എന്നുകൂടി മറന്നുപോകുകയും സര്‍വ്വകലാശാലയുടെ പേരു മാറ്റേണ്ടതില്ലായെന്നു (ഗാന്ധിജിയുടേതല്ല അയ്യന്‍കാളിയുടെ പേരാണ് സര്‍വ്വകലാശാലക്കിടേണ്ടത്) എന്ന് ചോദിച്ചു സ്വയം പരിഹാസ്യയാവുകയും ചെയ്തിരിക്കുന്നു.

മഹാത്മജി വിമര്‍ശനത്തിനതീതനല്ല. പക്ഷെ, വിമര്‍ശനങ്ങള്‍ സത്യസന്ധമാകേണ്ടത് കാലത്തിന്റെ കൂടി ആവശ്യമാണ്. തന്റെ പ്രഭാഷണത്തിന് മാധ്യമശ്രദ്ധ കിട്ടുന്നതിനുള്ള വെറും ടിപ്പണി മാത്രമായി മഹത്തായ ഒരു സന്ദര്‍ഭത്തെ മാറ്റിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നുണകളും അര്‍ദ്ധസത്യങ്ങളും എഴുന്നള്ളിക്കുമ്പോള്‍ തന്റെ തന്നെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നതെന്ന് ശ്രീമതി റോയി ഓര്‍ത്തുകാണില്ല. തന്റെ ജീവിതം തന്നെ സന്ദേശമാക്കി ജീവിച്ചു കാണിച്ച മഹാത്മജിയെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് കുറച്ചുകൂടി കഴമ്പുണ്ടാകേണ്ടതായിരുന്നു. ശ്രീമതി റോയിയുടെ വെളിപ്പെടുത്തല്‍ പ്രകാരം ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പിന്നില്‍ ബനിയാകളാണ്. മഹാത്മജി ഒരു ബനിയാ കുടുംബത്തില്‍ ജനിച്ചതിനാല്‍ അദ്ദേഹമാണതിന്റെ മൂലകാരണം. പക്ഷേ ശ്രീമതി റോയി മറന്നുപോയ ഒരു കാര്യമുണ്ട്. തന്റെ രാഷ്ട്രസേവനത്തിനുള്ള പ്രതിഫലമായി മഹാത്മജി വെടിയുണ്ടകളല്ലാതെ മറ്റൊന്നും നേടിയില്ലായെന്നത്. അവയ്ക്കും പക്ഷെ അദ്ദേഹം തന്റെ ഹൃദയരക്തം പകരം നല്‍കി.

harikumarka@gmail.com

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close