മഹാരാഷ്ട്രാ മുഖ്യമന്ത്രി ചവാനെ മാറ്റാന്‍ സമ്മര്‍ദം

prithviraj chavan

മഹാരാഷ്ട്രയില്‍ പൃഥ്വിരാജ് ചവാനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കാന്‍ കോണ്‍ഗ്രസ്സിനുമേല്‍ സമ്മര്‍ദം. സഖ്യകക്ഷിയായ എന്‍.സി.പിയും കോണ്‍ഗ്രസ്സിലെ ഒരുവിഭാഗവുമാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി, കോണ്‍ഗ്രസ് അധ്യക്ഷയുടെ രാഷ്ട്രീയകാര്യസെക്രട്ടറി അഹമ്മദ് പട്ടേല്‍ എന്നിവര്‍ വ്യാഴാഴ്ച എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. എന്‍.സി.പിയുടെ നിലപാട് പവാര്‍ ആന്റണിയേയും അഹമ്മദ് പട്ടേലിനേയും അറിയിച്ചു. എന്നാല്‍ മുഖ്യമന്ത്രിയെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണ് സൂചന.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിനേറ്റ വന്‍തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ചവാനെതിരെ കോണ്‍ഗ്രസിനുള്ളില്‍ മുറുമുറുപ്പ് ഉയര്‍ന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍മാത്രം ശേഷിക്കേ ചവാനെ മാറ്റുന്നത് ഗുണം ചെയ്യുമോ എന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡിന് സംശയമുള്ളതിനാല്‍ അന്തിമതീരുമാനം എടുത്തിട്ടില്ല. എന്നാല്‍, ഇത്തരമൊരു മാറ്റത്തിനുള്ള സാധ്യത പാര്‍ട്ടിവൃത്തങ്ങള്‍ പൂര്‍ണമായി തള്ളുന്നുമില്ല. വരുംദിവസങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ക്കുശേഷമേ തീരുമാനം ഉണ്ടാവൂ എന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു.

പുതിയ മുഖ്യമന്ത്രി അധികാരമേറ്റാല്‍ത്തന്നെ കാര്യമായ മാറ്റങ്ങള്‍ വരുത്താനുള്ള സമയമില്ല എന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കുന്നത്. ചവാനെ മാറ്റിയാല്‍ സംസ്ഥാനത്തെ പ്രബലരായ മറാത്താ വിഭാഗം കോണ്‍ഗ്രസിന് എതിരാകുമോ എന്നാണ് മറ്റൊരു ആശങ്ക. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയെ മാറ്റിയാല്‍ സമാനസാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന ഹരിയാണയിലും അസമിലും ഉള്‍പ്പെടെ ഇത്തരം ആവശ്യം ഉയര്‍ന്നുവരും എന്ന ചിന്തയും ഹൈക്കമാന്‍ഡിനുണ്ട്.

മുന്‍ കേന്ദ്രആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കണമെന്ന അഭിപ്രായമാണ് എന്‍.സി.പി.ക്കുള്ളത്. ദളിത് വിഭാഗത്തില്‍നിന്നുള്ള നേതാവാണെന്നതും ഷിന്‍ഡെയ്ക്ക് അനുകൂലഘടകമാണ്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതാണ് അദ്ദേഹത്തിന്റെ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നത്. ബാലാസാഹേബ് തൊറാട്ടിന്റെയും വിഖേ പാട്ടീലിന്റെയും പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നു. ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കി, മറാത്ത വിഭാഗത്തില്‍നിന്നുതന്നെയുള്ള നേതാവായ മുന്‍മുഖ്യമന്ത്രി അശോക് ചവാനെ സംസ്ഥാന കോണ്‍ഗ്രസ്സിന്റെ അധ്യക്ഷനാക്കുക എന്നീ നിര്‍ദേശവും ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close