മാലാഖയായി മരിയ

d maria
പേരുപോലെ തന്നെ മാലാഖയായി മരിയ അവതരിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ട് എന്ന ഭാഗ്യ പരീക്ഷണത്തിന്റെ നൂല്‍പ്പാലത്തില്‍ നിന്നും 2 മിനുട്ട് അകലെ വെച്ച് മരിയ അര്‍ജന്റീനയെ കൈപ്പിടിച്ചുയര്‍ത്തി. ദൈവ പുത്രന്റെ കല്‍പന മാലാഖ നടപ്പിലാക്കിയതോടെ ലോകമാകെയുള്ള ആരാധകര്‍ക്ക് ആശ്വസിക്കാം. അധിക സമയത്തിന്റെ 28 മിനുട്ടില്‍ നേടിയ ഏക ഗോളില്‍ സ്വിറ്റ്സര്‍ലാന്റിനെ മറികടന്ന് അര്‍ജന്റീന ക്വാര്‍ട്ടറില്‍. ബെല്‍ജിയമാണ് ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളികള്‍.

പരിക്കേറ്റ അഗ്യൂറോയ്ക്ക് പകരം മുന്‍ നിരയില്‍ ലവേസി വന്നിട്ടും കാര്യമായ മാറ്റങ്ങളില്ലെന്ന് തെളിയിക്കുന്നതായിരുന്നു അർജന്റീനയുടെ കളി. എന്നാല്‍ അര്‍ജന്റീനന്‍ ആക്രമണങ്ങളില്‍ പകച്ചുപോകാതെ ശാന്തമായി പന്ത് തട്ടിയ സ്വിസ് ടീം എതിരാളികളെ ശരിക്കും വിറപ്പിച്ചു. 12ാം മിനുട്ടില്‍ മെസിയിലൂടെയാണ് അര്‍ജന്റീന ആദ്യ ആക്രമണം നടത്തിയത്. എന്നാല്‍ തുറന്ന ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അര്‍ജന്റീനന്‍ മുന്നേറ്റ നിര തീര്‍ത്തും പരാജയപ്പെട്ടു. മറു വശത്ത് അര്‍ജന്റീനയുടെ ഹൃദയതാളം കൂട്ടിയാണ് ആദ്യ പകുതി അവസാനിച്ചത്. 39ാം മിനുട്ടില്‍ മധ്യനിരയില്‍ നിന്ന് യോസിപ് ഡ്രിമിച്ച് മധ്യ നിരയില്‍ നിന്നും പന്തുമായി മുന്നേറുമ്പോള്‍ ഒറ്റ പ്രതിരോധ നിരക്കാരന്‍ പോലും തടയാനുണ്ടായിരുന്നില്ല. അഡ്വാന്‍സ് ചെയ്തുവന്ന ഗോളിയെ കബളിപ്പിച്ച് പോസ്റ്റിലേക്ക് തട്ടിയിടുന്നതിന് പകരം ഷോട്ടുതിര്‍ത്ത ഡ്രിമിച്ചിന് പിഴച്ചു. അര്‍ജന്റീനയെ ഭാഗ്യം തുണച്ച നിമിഷം കൂടിയായിരുന്നു അത്. പന്ത് റൊമീറോയുടെ ദേഹത്ത് തട്ടിത്തെറിച്ചു.

രണ്ടാം പകുതിയില്‍ രണ്ടും കല്‍പ്പിച്ചായിരുന്നു അര്‍ജന്റീനയുടെ വരവ്. മെസിയും മരിയയും ഹിഗ്വെയ്നും തുടര്‍ച്ചയായി സ്വിസ് കോട്ട ഇളക്കി
കൊണ്ടിരുന്നു. എന്നാല്‍ സ്വിറ്റ്സര്‍ലാന്‍ഡ് ഗോളി ബനാളിയോ അവരെ ലക്ഷ്യത്തില്‍ നിന്നും അകറ്റി. ഇടയ്ക്ക് പ്രത്യാക്രമണത്തിലൂടെ ഷാക്കിരി മെഹ്മദി സഖ്യം അര്‍ജന്റീനയെയും വിറപ്പിച്ചു. ലവേസി നിരാശപ്പെടുത്തിയതോടെ പലേസിയോയെ സബേല രംഗത്തിറക്കി. എന്നാല്‍ അവസരങ്ങള്‍ മുതലാക്കുന്നതില്‍ പലേസിയോയും വിജയിച്ചില്ല. തുടര്‍ച്ചയായി അവസരങ്ങള്‍ നഷ്ടപ്പെട്ടത് അര്‍ജന്റീനന്‍ താരങ്ങളെ
നിരാശരാക്കി. മെസിയടക്കമുള്ള താരങ്ങള്‍ കടുത്ത സമ്മര്‍ദത്തിലാണ് നിശ്ചിത സമയത്തിന്റെ അവസാന നിമിഷങ്ങളില്‍ പന്ത് തട്ടിയത്.
മത്സരം അധിക സമയത്തേക്ക് നീണ്ടതോടെ സ്വിസ് ടീം പ്രതിരോധം വിട്ട് ആക്രമണത്തിലേക്ക് ചുവട് മാറ്റി. അതോടെ ഇരു ഗോള്‍ മുഖങ്ങലും സജീവമായി. എന്നാല്‍ ഫിനിഷിംഗിലെ പാളിച്ചകളില്‍ ഇരു കൂട്ടരും തമ്മില്‍ ഒരു വ്യത്യാസവും ഇല്ലായിരുന്നു. എന്നാല്‍ 118ാം മിനുട്ടില്‍ മധ്യ വരയ്ക്ക് സമീപത്ത് നിന്നും ഗാലറിയില്‍ പെലെയെ സാക്ഷി നിര്‍ത്തി മെസി നടത്തിയ നീക്കം മത്സരത്തിന്റെ വിധിയെഴുതി. സ്വിസ് പ്രതിരോധത്തെ വകഞ്ഞ് മാറ്റി മെസി മരിയക്ക് മറിച്ചു നല്‍കിയ പന്ത് വലയിലേക്കും അര്‍ജന്റീന ക്വാര്‍ട്ടറിലേക്കും മുന്നേറി.
തൊട്ടടുത്ത മിനുട്ടില്‍ സ്വിറ്റ്സര്‍ലാന്‍ഡ് ഒരിക്കല്‍ കൂടി അര്‍ജന്റീനയുടെ ഗോള്‍ മുഖത്തെത്തിയെങ്കിലും അപകടം പോസ്റ്റില്‍ തട്ടിത്തെറിച്ചു.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close