മാവേലിക്കരയില്‍ അരലക്ഷം ഭൂരിപക്ഷമെന്ന് യു.ഡി.എഫ്. അവലോകനം

 മാവേലിക്കര ലോക്‌സഭാ മണ്ഡലത്തില്‍ 50,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷ് വിജയിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി യോഗം വിലയിരുത്തി. ഗ്രൂപ്പ് മറന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒറ്റക്കെട്ടായി ഘടകകക്ഷികളും പ്രവര്‍ത്തിച്ചത് ആത്മവിശ്വാസം ഉയര്‍ത്തിയ ഘടകമാണെന്നും നേതാക്കള്‍ പറഞ്ഞു.

മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലെയും സ്ഥിതിഗതികള്‍ പരിശോധിച്ചാണ് തിരഞ്ഞെടുപ്പ് വിജയം ഉറപ്പുവരുത്തിയത്. ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി, പത്തനാപുരം നിയോജകമണ്ഡലങ്ങള്‍ യു.ഡി.എഫിന് പ്രാഥമികമായിത്തന്നെ ഭൂരിപക്ഷം നല്കുന്നവയാണെന്ന് നേതാക്കള്‍ വിലയിരുത്തി. ഇവിടങ്ങളില്‍ 10,000 വോട്ടില്‍ കൂടുതല്‍ ഭൂരിപക്ഷം കിട്ടുമെന്നാണ് ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയത്.

രണ്ടാംഘട്ടത്തില്‍ ഭൂരിപക്ഷം നല്കുന്ന മണ്ഡലങ്ങള്‍ കൊട്ടാരക്കര, കുന്നത്തൂര്‍, കുട്ടനാട് എന്നിവയാണ്. ഇവിടങ്ങളില്‍ 5000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് കേന്ദ്രസമിതിയുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്ക് ഭൂരിപക്ഷം കിട്ടിയ മാവേലിക്കര മണ്ഡലത്തില്‍ ഇക്കുറി കൊടിക്കുന്നിലിന് 1000 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഓരോ നിയോജകമണ്ഡലം കമ്മിറ്റിയും പ്രത്യേകമായി നല്കിയ കണക്കുകളില്‍നിന്ന് കൂട്ടിക്കിഴിവുകള്‍ വരുത്തിയാണ് ഭൂരിപക്ഷം വിലയിരുത്തിയത്.
കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ യു.ഡി.എഫ്. കമ്മിറ്റിക്ക് ശക്തമായ പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞു. ബൂത്തുതലത്തില്‍ വരെ എല്ലാത്തരം പ്രചാരണവും എത്തിക്കാന്‍ കഴിഞ്ഞു. ഒരിടത്തും നേതാക്കള്‍ പ്രചാരണരംഗത്തുനിന്ന് പിന്മാറിയതായി ആരോപണമുണ്ടായില്ല. പുതുതായി മുന്നണിയിലേക്കു വന്ന ആര്‍.എസ്.പി.യിലെ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥത തൊഴിലാളിമേഖലകളില്‍ കൊടിക്കുന്നിലിന് കൂടുതല്‍ സ്വീകാര്യതയുണ്ടാക്കി. പുതിയ ജനവിഭാഗങ്ങളുടെ വോട്ടുകിട്ടാനും ഇത് സഹായകമായി.

ഇടതുപക്ഷത്തിന് അനുകൂലമായ ഒരു തരംഗവും മാവേലിക്കര മണ്ഡലത്തില്‍ ഉണ്ടായില്ല. കൊടിക്കുന്നില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ അടിസ്ഥാന ജനവിഭാഗങ്ങളെ കൂടുതല്‍ അടുപ്പിച്ചുനിര്‍ത്താന്‍ പ്രേരണയായി. കുട്ടനാട് പോലുളള മണ്ഡലങ്ങളില്‍ ഇതു പ്രതിഫലിക്കുമെന്നാണ് പ്രദേശത്തുനിന്നുള്ളവര്‍ അറിയിച്ചത്. ബൂത്തുതലംവരെയുള്ള സംഘടനാ സംവിധാനത്തിലൂടെ എല്‍.ഡി.എഫ്. ശക്തമായ പ്രചാരണം നടത്തിയിട്ടും യു.ഡി.എഫിനെ അനുകൂലിക്കുന്നവര്‍ സ്വമേധയാ രംഗത്തിറങ്ങി പ്രവര്‍ത്തിച്ചു. സോളാര്‍കേസും ശാലുമേനോന്‍ വിവാദവും വോട്ടു ചോര്‍ത്തിയിട്ടില്ല. എല്‍.ഡി.എഫ്. അവസാനനിമിഷം കൊടിക്കുന്നിലിനെ അവഹേളിക്കുന്ന തരത്തില്‍ നടത്തിയ പ്രചാരണം യു.ഡി.എഫിന് ഗുണമായെന്നും നേതാക്കള്‍ വിലയിരുത്തി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close