മുംബൈയുടെ മടക്കം തോല്‍വിയോടെ

ipl30-04

കീറോണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ടിനും മുംബൈ ഇന്ത്യന്‍സിന്റെ തലവര മാറ്റാനായില്ല. ഐപിഎല്ലിലെ ആദ്യ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 15 റണ്‍സിന്റെ തോല്‍വി. സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മുംബൈയുടെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണിത്. സണ്‍റൈസേഴ്സിന്റെ രണ്ടാം ജയവും.

173 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ മുംബൈയ്ക്ക് തുടക്കത്തിലെ ലക്ഷ്യം പിഴച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ(1)യെ ഭവനേശ്വര്‍കുമാര്‍ ക്ലീന്‍ ബൗള്‍ ചെയ്തു. തൊട്ടു പിന്നാലെ വമ്പനടിക്കാരായ കോറി ആന്‍ഡേഴ്സണും(1) ഡങ്കും(20) കൂടി പവലിയിനില്‍ തിരിച്ചെത്തിയതോടെ മുംബൈ പോരാട്ടം അവസാനിപ്പിച്ചതായിരുന്നു. എന്നാല്‍ അംബാട്ടി റായിഡുവും(27 പന്തില്‍ 35) കീറോണ്‍ പൊള്ളാര്‍ഡും(48 പന്തില്‍ 76) ചേര്‍ന്ന് നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 77 റണ്‍സ് മുംബൈയ്ക്ക് പ്രതീക്ഷ നല്‍കി. റായിഡു പുറത്തായശഷവും വമ്പനടികളിലൂടെ പൊള്ളാര്‍ഡ് പോരാട്ടം തുടര്‍ന്നും. അമിത് മിശ്ര എറിഞ്ഞ പതിനേഴാം ഓവറില്‍ മൂന്ന് സിക്റും ഒരു ബൗണ്ടറിയുമടക്കം പൊള്ളാര്‍ഡ് 27 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ മുംബൈ ജയം കൈയകലത്തിലെന്ന് തോന്നിച്ചു. എന്നാല്‍ സ്റ്റെയിനും ഭവുനേശ്വര്‍കുമാറും പത്താനും നിയന്ത്രണം കൈവിടാതിരുന്നതോടെ ആദ്യജയം മുംബൈയ്ക്ക് കൈയകലെയായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റും ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 172 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറുടെയും(51 പന്തില്‍ 65) ലോകേഷ് രാഹുലിന്റെയും(40 പന്തില്‍ 46) ബാറ്റിംഗ് മികവിലാണ് ഹൈദരാബാദ് മികച്ച സ്കോര്‍ കുറിച്ചത്. ഓപ്പണ്‍മാരായ ഷീഖര്‍ ധവാനും(6), ആരോണ്‍ ഫിഞ്ചും(16) കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയപ്പോള്‍ മൂന്നാം വിക്കറ്റില്‍ രാഹുലും വാര്‍ണറും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 111 റണ്‍സ് ഹൈദരാബാദിന് കരുത്തായി. അവസാന ഓവറുകളില്‍ ഡാരന്‍ സമിയുടെയും നമാന്‍ ഓജയുടെയും വെടിക്കെട്ട് ഹൈദരാബാദിനെ 170 കടത്തി. മുംബൈയ്ക്കായി സഹീര്‍ ഖാനും കോറി ആന്‍ഡേഴ്സണും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close