മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരായ കോടതി പരാമര്‍ശങ്ങള്‍ക്ക് ഭാഗിക സ്റ്റേ

oommen chandy

മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരായ പരാമര്‍ശങ്ങള്‍ ഭാഗികമായി സ്റ്റേ ചെയ്ത് ഹൈക്കോടതി വിധി. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ ജസ്റ്റിസ് ഹാറൂണ്‍ റഷീദ് നടത്തിയ രണ്ട് പരാമര്‍ശങ്ങളാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. ഹൈക്കോടതി പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഈ നടപടി. സലീം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പുകേസില്‍ സിബിഐ അന്വേഷണം നടത്താമെന്നും കോടതി വ്യക്തമാക്കി.

മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശമുളള എഴുപതാം ഖണ്ഡിക നീക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍ നല്‍കിയത്. മുഖ്യമന്ത്രിക്ക് എതിരായ ജഡ്ജിയുടെ പരാമര്‍ശങ്ങള്‍ അനുചിതമെന്ന് അപ്പീലില്‍ പറഞ്ഞിരുന്നു. സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറലാണ് അപ്പീല്‍ നല്‍കിയത്.

എന്നാല്‍, 70ാം ഖണ്ഡിക പൂര്‍ണ്ണമായി നീക്കം ചെയ്യാന്‍ കോടതി തയ്യാറായില്ല. ആ ഖണ്ഡികയിലെ രണ്ട് പരാമര്‍ശങ്ങള്‍ സ്റ്റേ ചെയ്യാനാണ് കോടതി വിധി. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ക്ക് എന്തും ചെയ്യാമെന്ന പരാമര്‍ശവും മുഖ്യമന്ത്രി ജനങ്ങളോട് ഉത്തരം പറയണമെന്നുമുള്ള പരാമര്‍ശങ്ങളാണ് സ്റ്റേ ചെയ്തത്. ഈ പരാമര്‍ശങ്ങളായിരുന്നു മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കിയിരുന്നത്.

മുഖ്യമന്ത്രിക്കെതിരെ കോടതി മാന്യതയ്ക്ക് നിരക്കാത്ത പരാമര്‍ശങ്ങളാണ് നടത്തിയതെന്ന് സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ പറഞ്ഞിരുന്നു. വിധി പ്രസ്താവത്തില്‍ ജഡ്ജിയുടെ രാഷ്ട്രീയ നിലപാട് പ്രതിഫലിക്കരുത്. സലിംരാജ് കേസ് പരിഗണിക്കുമ്പോള്‍ സരിതയുടെ പേര് പരാമര്‍ശിച്ചത് അനാവശ്യമെന്നും അപ്പീലില്‍ പറഞ്ഞിരുന്നു.

ഇന്ന് രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആലുവ പാലസില്‍വെച്ച് അഡ്വക്കേറ്റ് ജനറലുമായി ചര്‍ച്ച നടത്തിയിരുന്നു. അതിനുശേഷമാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് മുമ്പാകെ അപ്പീല്‍ നല്‍കിയത്.

സലീം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പുകേസില്‍ സിബിഐ അന്വേഷണത്തിന് കഴിഞ്ഞദിവസമാണ് ഹൈക്കോടതി ഉത്തരവിട്ടത്. മുഖ്യമന്ത്രിക്കെതിരേയും കോടതിയുടെ രൂക്ഷമായ പരാമര്‍ശമുണ്ടായി. പഴ്സണല്‍ സ്റാഫിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ജാഗ്രത കാട്ടിയില്ലെന്നും ഓഫീസില്‍ നടക്കുന്ന കാര്യങ്ങളില്‍ മുഖ്യമന്ത്രി ഉത്തരവാദിയെന്നും കോടതി വിമര്‍ശിച്ചിരുന്നു. സിബിഐ അന്വേഷണം ഒമ്പത് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ജസ്റിസ് ഹാരൂണ്‍ അല്‍ റഷീദ് ഉത്തരവിട്ടിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close