മുഖ്യമന്ത്രി ഇന്നു ഡല്‍ഹിക്ക്‌

മന്ത്രിസഭാ അഴിച്ചുപണി സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നു വൈകിട്ടു ഡല്‍ഹിക്കു പുറപ്പെടും. ഭരണപരമായ കാര്യങ്ങള്‍ക്കാണു യാത്രയെങ്കിലും ഡല്‍ഹിയിലെത്തുമ്പോള്‍ ഹൈക്കമാന്‍ഡുമായി മുഖ്യമന്ത്രി ബന്ധപ്പെടുക പതിവാണ്. സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ രാജിസന്നദ്ധതയും അനന്തരനടപടികളും സംബന്ധിച്ച കൂടിയാലോചനകള്‍ സ്വാഭാവികമായും ഉണ്ടാകും.

കോണ്‍ഗ്രസിലും യുഡിഎഫിലുമുള്ള ഐക്യാന്തരീക്ഷം തകര്‍ക്കാത്ത അഴിച്ചുപണിയാണു മുഖ്യമന്ത്രിയുടെ മനസില്‍. എന്നാല്‍ കാര്‍ത്തികേയനും, കെ.ബി. ഗണേഷ്‌കുമാറിനും മന്ത്രിസഭയില്‍ ഇടം കിട്ടണമെങ്കില്‍ പകരം രണ്ടുപേര്‍ മാറേണ്ടിവരും. അതിലൊരാളെ സ്പീക്കറാക്കാനുള്ള അവസരമുണ്ടെങ്കിലും മറ്റേയാള്‍ക്കു കസേര പോകും. നിലവില്‍ കൂടുതല്‍ മന്ത്രിമാരും മെച്ചപ്പെട്ട വകുപ്പുകളും ഐ ഗ്രൂപ്പിനാണ്. ഈ അസന്തുലിതാവസ്ഥ മാറ്റാന്‍ മുഖ്യമന്ത്രി മന്ത്രിസഭ അഴിച്ചുപണിയുമെന്ന പ്രചാരണം ഏറെ നാളായി ഉണ്ട്.

എന്നാല്‍ തങ്ങളുടെ കയ്യിലുണ്ടായിരുന്ന കെപിസിസി അധ്യക്ഷസ്ഥാനം പോയപ്പോഴാണ് ആഭ്യന്തര മന്ത്രി പദം ലഭിച്ചത് എന്നാണ് ഐ യുടെ പ്രതിരോധം. താന്‍ മന്ത്രിസഭയിലേക്കു വന്നതിന്റെ പേരില്‍ കൂടെയുള്ള ഒരാള്‍ക്കു കസേര നഷ്ടപ്പെടുന്ന സാഹചര്യം രമേശ് ചെന്നിത്തലയും ചെറുക്കും. ഇപ്പോള്‍ ആയുര്‍വേദ ചികില്‍സയിലുള്ള രമേശ് ഓഗസ്റ്റ് ആദ്യം ഡല്‍ഹിക്കു പോകാനിരിക്കുന്നു. കേന്ദ്ര മന്ത്രിമാരെ സന്ദര്‍ശിച്ചു മുഖ്യമന്ത്രി മറ്റന്നാള്‍ തിരിച്ചെത്തും.

സ്പീക്കറുടെ രാജിസന്നദ്ധത സംബന്ധിച്ചു തീരുമാനിക്കേണ്ടതു ഹൈക്കമാന്‍ഡ് ആണെന്നാണു മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചത്. പാര്‍ട്ടി തീരുമാനത്തിനു വിധേയമായിട്ടേ രാജിയുള്ളൂ എന്നു കാര്‍ത്തികേയനും വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും രാജിവയ്ക്കാനുള്ള താല്‍പര്യം അദ്ദേഹം പരസ്യമാക്കിയ സാഹചര്യത്തില്‍ വീണ്ടും സ്പീക്കറായി തുടരാന്‍ തീരെ സാധ്യതയില്ല. ഈ വിഷയത്തില്‍ ഹൈക്കമാന്‍ഡിന്റെ അഭിപ്രായം മുഖ്യമന്ത്രി തേടും. അതേസമയം, പുനഃസംഘടനയുമായി ബന്ധപ്പെട്ട വിശദ ചര്‍ച്ച ഈ യാത്രയില്‍ ഉണ്ടാകാനിടയില്ല. അമേരിക്കയിലുള്ള കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ 30 ന് മടങ്ങി വന്ന ശേഷം ചര്‍ച്ച ഇവിടെ ആരംഭിക്കാനാണു മുഖ്യമന്ത്രിയുടെ പദ്ധതി.

അതിനിടെ കോണ്‍ഗ്രസ് അധ്യക്ഷയെ കാണാന്‍ കെ. മുരളീധരന്‍ ഈയാഴ്ച്ച ഒടുവില്‍ ഡല്‍ഹിക്കു തിരിക്കുന്നത് അഭ്യൂഹങ്ങള്‍ക്കു വഴിവച്ചു. ഐയുടെ പ്രതിനിധിയായിട്ടാണ് ഈ നീക്കമെന്ന പ്രചാരണം ഐയുടെ തന്നെ കെപിസിസി വക്താവ് പന്തളം സുധാകരന്‍ നിഷേധിച്ചു. തുടര്‍ന്നു വിശദീകരണവുമായി മുരളി തന്നെ രംഗത്തെത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് അധ്യക്ഷയെ കാണാന്‍ അനുവാദം ചോദിച്ചിരുന്നു.

അതു ലഭിച്ചപ്പോള്‍ പോകുന്നുവെന്നു മാത്രം. മന്ത്രിസഭാ പുനഃസംഘടനയുമായി ഈ യാത്രയ്ക്ക് ഒരു ബന്ധവുമില്ല-മുരളി വ്യക്തമാക്കി. കാര്‍ത്തികേയനു പകരം സ്പീക്കറാകുമെന്ന പ്രചാരണം ‘എല്ലാം മാധ്യമസൃഷ്ടി യാണെന്നു മന്ത്രി കെ.സി. ജോസഫും നിഷേധിച്ചു. ചര്‍ച്ചയൊന്നും തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഔപചാരിക ചര്‍ച്ചകളൊന്നും ഇക്കാര്യത്തില്‍ തുടങ്ങിയിട്ടില്ലെന്നു കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസനും വ്യക്തമാക്കി. മന്ത്രിസഭാ പുനഃസംഘടനയ്ക്കുള്ള പൂര്‍ണ അധികാരം മുഖ്യമന്ത്രിക്കാണ്. എങ്കിലും കെപിസിസി പ്രസിഡന്റ് അടക്കമുള്ളവരുമായി അദ്ദേഹം ആലോചിക്കുമെന്നാണു മനസിലാക്കുന്നത്. കാര്‍ത്തികേയന്റെ രാജിസന്നദ്ധത പാര്‍ട്ടി അംഗീകരിക്കുമോ എന്നത് ഇനിയും ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. ധൃതി പിടിച്ചു തീരുമാനിക്കരുത് എന്നാണു സുധീരന്‍ അദ്ദേഹത്തോടു പറഞ്ഞത്. 2004 ല്‍ എ.കെ. ആന്റണി മാറിയപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കു വക്കം പുരുഷോത്തമനെ പരിഗണിച്ചു എന്നതു തങ്ങള്‍ക്കാര്‍ക്കും അറിയാത്ത കാര്യമാണെന്നു ഹസന്‍ പറഞ്ഞു. കെ. കരുണാകരന്‍ അതിനെ പിന്തുണച്ചുവെന്നും വക്കം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു എന്തായാലും ‘ലീഡറോട് അക്കാര്യം ഇനി ചോദിക്കാന്‍ കഴിയില്ല. വക്കത്തിന്റെ ആഗ്രഹം പറഞ്ഞതായിരിക്കും-ഹസന്‍ അഭിപ്രായപ്പെട്ടു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close