മുങ്ങിത്താഴ്ന്നവര്‍ക്ക് രക്ഷകരായത് സഹപ്രവര്‍ത്തകര്‍

മാന്നാര്‍: നദിയില്‍ മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് രക്ഷകരായത് സഹപ്രവര്‍ത്തകരായ സ്ത്രീകള്‍.
ചൊവ്വാഴ്ച കടമ്പൂരില്‍ തൊഴിലുറപ്പ് ജോലിക്കിടെ ഉച്ചഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ വള്ളം മറിഞ്ഞ് മുങ്ങിത്താഴ്ന്നവരെ ആദ്യം രക്ഷിക്കാനിറങ്ങിയത് കൂടെയുണ്ടായിരുന്ന സ്ത്രീകള്‍. ഒരാള്‍ മരിച്ചെങ്കിലും മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനായത് ഇവരുടെ സമയോചിതമായ പ്രവര്‍ത്തനം മൂലമാണ്.

66 പേരാണ് കടമ്പൂര്‍ ശക്തികുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറ്് കുട്ടമ്പേരൂര്‍ ആറിന്റെ നവീകരണജോലിയില്‍ ഏര്‍പ്പെട്ടിരുന്നത്. ഇതില്‍ ഒരു പുരുഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉച്ചഭക്ഷണം കഴിക്കുന്നതിനായി രണ്ട് ബാച്ചുകളായി തിരിഞ്ഞ്, ആദ്യബാച്ച് 12 പേരടങ്ങുന്ന സംഘം ഒരു ചെറിയ വള്ളത്തില്‍ കയറി. വലിയ വള്ളത്തില്‍ ബാക്കിയുള്ളവരില്‍ കുറച്ചുപേരും. ചെറിയവള്ളം സ്ത്രീകളില്‍ ഒരാളാണ് തുഴഞ്ഞത്. നദിയുടെ മധ്യഭാഗത്തെത്തിയപ്പോള്‍ നിയന്ത്രണം വിട്ട് വള്ളം മറിഞ്ഞു.

ഈ വള്ളത്തിലെ നീന്തലറിയാവുന്നവരും പിന്നാലെ വന്ന വള്ളത്തിലുണ്ടായിരുന്ന സ്ത്രീകളും മുങ്ങിത്താഴ്ന്നവരെ മുടിക്ക് പിടിച്ചും തുഴയും ധരിച്ചിരുന്ന ഷാളും നീട്ടിക്കൊടുത്തും രക്ഷപ്പെടുത്തുകയായിരുന്നു. സ്ത്രീകള്‍ അലറിവിളിച്ചപ്പോള്‍ ഓടിക്കൂടിയ നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. പഞ്ചായത്ത് അംഗങ്ങളായ വൈഷ്ണജ വിജയന്‍, എ.എസ്.ഷാജികുമാര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു.

മാന്നാര്‍ സി.ഐ. ആര്‍.ബിനു, എസ്.ഐ. എസ്.ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസും ചെങ്ങന്നൂരില്‍നിന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.

അപകടത്തില്‍ മരിച്ചയാളിന്റെ കുടുംബത്തിന് തൊഴിലുറപ്പ് ഫണ്ടില്‍നിന്ന് 25,000 രൂപയും പരിക്കേറ്റവര്‍ക്ക് 1500 രൂപ വീതവും നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.രുക്മിണി അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close