മുണ്ടെയുടെ മരണം സി.ബി.ഐ. അന്വേഷിക്കും

modi munde

ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായ ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ മരിച്ച സംഭവം സി.ബി.ഐ. അന്വേഷിക്കും. മഹാരാഷ്ട്ര നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ഏക്‌നാഥ് ഖഡ്‌സെയാണ് ഇക്കാര്യം ചൊവ്വാഴ്ച അറിയിച്ചത്.

” കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് എന്നെ വിളിച്ചിരുന്നു. മുണ്ടെയുടെ മരണത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം ഈ സംഭവം സി.ബി.ഐ.യെക്കൊണ്ട് അന്വേഷിപ്പിക്കുമെന്നും പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം മൂന്നോ നാലോ ദിവസത്തിനുള്ളില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു”- ഏക്‌നാഥ് ഖഡ്‌സെ നിയമസഭയെ അറിയിച്ചു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും സംസ്ഥാന ബി.ജെ.പി. പ്രസിഡന്റ് ദേവേന്ദ്ര ഫഡ്‌നവിസും ഡല്‍ഹിയില്‍ രാജ്‌നാഥ് സിങ്ങിനെക്കണ്ട് ഇക്കാര്യം സംസാരിച്ചിരുന്നു. മുണ്ടെയുടെ അപകടമരണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ അന്വേഷണത്തിലൂടെ ദൂരീകരിക്കണമെന്ന് ഇരുവരും അഭ്യന്തരമന്ത്രിയോടാവശ്യപ്പെട്ടിരുന്നു.

ചെറിയ ഒരപടകത്തെത്തുടര്‍ന്ന് എങ്ങനെ മുണ്ടെ മരിക്കാനിടയായി, സാധാരണ ഒപ്പമുണ്ടായിരിക്കേണ്ട സുരക്ഷാ ഉദ്യോഗസ്ഥരൊന്നും അപകട സമയത്ത് ഒപ്പമുണ്ടായിരുന്നില്ല, അപകടം നടന്നത് എന്തെങ്കിലും അട്ടിമറിയായിരുന്നോ എന്ന കാര്യങ്ങളൊക്കെ അന്വേഷിക്കണമെന്നാണ് ആവശ്യം.

സംശയത്തിന്റെ സൂചന ഉള്ളതിനാല്‍ വിവിധഭാഗങ്ങളില്‍നിന്ന് സംഭവം അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ തന്റെ പിതാവിന്റെ ദാരുണമായ അന്ത്യത്തെ രാഷ്ടീയനേട്ടത്തിനായി ഉപയോഗിക്കുന്നതിന് കൂട്ടുനില്‍ക്കരുതെന്ന് മുണ്ടെയുടെ മകളും എം.എല്‍.എ.യുമായ പങ്കജ മുണ്ടെ അനുയായികളോട് അഭ്യര്‍ഥിച്ചിരുന്നു. 64-കാരനായ മുണ്ടെ കഴിഞ്ഞയാഴ്ച ഡല്‍ഹി വിമാനത്താവളത്തിലേക്ക് വരുന്ന വഴിയാണ് അപകടത്തില്‍ മരിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close