മുപ്പതാം ദിനം

30

ദുര്‍ഗാ മനോജ്

ഗസ്ത്യമുനി പലപല കഥകള്‍ പറയവേ, അഗസ്ത്യമുനി രാമനു നല്‍കിയ ദിവ്യമായ ആഭരണത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ടെന്ന് രാമന്‍ അദ്ദേഹത്തോട് പറഞ്ഞു.
അങ്ങനെ അഗസ്ത്യമുനി ആ ദിവ്യ ആഭരണം എങ്ങനെയാണ് അദ്ദേഹത്തിന് ലഭിച്ചത് എന്ന് പറഞ്ഞുതുടങ്ങി. ”ഹേ രാമ, പണ്ട് ത്രേതായുഗത്തില്‍ മൃഗങ്ങളും പക്ഷികളും ഇല്ലാത്ത വലിയൊരു കാടുണ്ടായിരുന്നു. അതിനുളളില്‍ മനോഹരമായ ഒരു പൊയ്കയും ഉണ്ട്. ഒരു ദിനം ആ കാട് ചുറ്റിക്കാണുവാന്‍ ഞാന്‍ പുറപ്പെട്ടു. അപ്പോള്‍ ഒരു അത്ഭുതകരമായ കാഴ്ച കണ്ടു. ആ പൊയ്കയില്‍ പൊന്തിക്കിടക്കുന്ന ഒരു ജഡം! അത് കണ്ട് നില്‍ക്കെ പെട്ടെന്ന് ഒരു ദിവ്യന്‍ വിമാനത്തില്‍ അവിടെ പ്രത്യക്ഷനാകുകയും ആ ജഡം ഭക്ഷിക്കുകയും ചെയ്തു. എന്നിട്ട് കൈ കഴുകാനായി പൊയ്കയിലേക്ക് ഇറങ്ങവേ ഞാന്‍ ആ ദിവ്യനോട് ചോദിച്ചു. എന്താണ് ഈ പ്രവര്‍ത്തിക്ക് കാരണം എന്ന്. അതുകേട്ട് ആ ദിവ്യന്‍ പറഞ്ഞു. ഞാന്‍ വിദര്‍ഭയിലെ രാജാവായ ശ്വേതനാണ്. ഏറെക്കാലം നാട് ഭരിച്ച ശേഷം സഹോദരനെ രാജാവായി വാഴിച്ച ശേഷം ഞാന്‍ തപസു തുടങ്ങി. മൂവായിരം വര്‍ഷത്തെ ഫലമായി ഞാന്‍ ബ്രഹ്മലോകത്ത് എത്തി. പക്ഷേ, അവിടേയും എനിക്ക് പൈദാഹങ്ങള്‍ അനുഭവപ്പെട്ടു. അതിന് കാരണം അന്വേഷിച്ചപ്പോള്‍ ബ്രഹ്മദേവന്‍ പറഞ്ഞത് ഞാന്‍ തപസ്സനുഷ്ടിച്ചുവെങ്കിലും ദാനം അല്പംപോലും ചെയ്യാതിരുന്നതിനാല്‍ വിശപ്പും ദാഹവും ബാധിക്കുന്നു. ആയതിനാല്‍ ഞാന്‍ നന്നായി ഭക്ഷിച്ചുണക്കിയ എന്റെ ശരീരം തന്നെ കഴിച്ച് വിശപ്പ് അകറ്റുവാന്‍ പറഞ്ഞു. അങ്ങനെ വര്‍ഷങ്ങളായി സ്വന്തം ശരീരം ഭക്ഷിച്ച് സംതൃപ്തനാകുകയാണ് ഞാന്‍. അഗസ്ത്യമുനിയുടെ പാദസ്പര്‍ശം ഈ വനത്തില്‍ ഏല്‍ക്കുന്ന ദിനം എനിക്ക് ഈ ശാപത്തില്‍ നിന്ന് കരകയറുവാനാകും എന്നാണ് അന്ന് ബ്രഹ്മദേവന്‍ പറഞ്ഞത്. ആയതിനാല്‍ മഹര്‍ഷേ എന്നെ അങ്ങ് രക്ഷിക്കുക. ഇതുംപറഞ്ഞ് ആ ദിവ്യന്‍ എനിക്ക് ഉത്തമമായ ഈ ആഭരണം തന്നു. അത് ഞാന്‍ സ്വീകരിച്ചപ്പോള്‍ രാദര്‍ഷിയുടെ പഴയ മനുഷ്യശരീരം ജീര്‍ണ്ണിക്കുകയും അദ്ദേഹം സ്വര്‍ഗ്ഗത്തിലേക്ക് അത്യന്തം സന്തോഷത്തോടുകൂടി പോവുകയും ചെയ്തു. അങ്ങനെയാണ് രാമാ എനിക്ക് ഈ ദിവ്യാഭരണം ലഭിച്ചത്.”

മഹര്‍ഷിയുടെ വാക്കുകല്‍ കേട്ട് രാമന്‍ ചോദിച്ചു ”മഹാത്മന്‍, അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് ശ്വേതന്‍ തപസുചെയ്ത കാട് ശൂന്യമായത് എന്നുകൂടെ പറഞ്ഞുതന്നാലും.” അതിനും മുനി കാരണം പറഞ്ഞു. ”രാമ, പണ്ട് കൃതയുഗത്തില്‍ മനുവിന് പുത്രനായി ഇക്ഷ്വാകു പിറന്നു. ഇക്ഷ്വാകുവിനെ ഭരണാധികാരിയായി വാഴിച്ചു മനു. പിന്നീട് ഇക്ഷ്വാകു പലവിധ യജ്ഞാദികര്‍മ്മങ്ങള്‍ അനുഷ്ടിച്ചു. അദ്ദേഹത്തിന് നൂറ് പുത്രന്മാര്‍ ജനിച്ചു. അതില്‍ ഇളയവന്‍ മൂഢന്‍ വിദ്യയൊന്നും അഭ്യസിച്ചില്ല. അവന് ദണ്ഡന്‍ എന്ന് നാമവും കൊടുത്തു. അവനെ വിന്ധ്യ ശൈലങ്ങളുടെ നടുക്ക് മനോഹരമായ പ്രദേശത്ത് രാജാവായി വാഴിച്ചു. ഒപ്പം ഉശനസ്സിനെ പുരോഹിതനായും നിയമിച്ചു. അവിടെ മനോഹരമായ പുരം നിര്‍മ്മിച്ച് ഉശനസ്സിന്റെ ഉപദേശകന്‍ ദണ്ഡന്‍ രാജ്യം പരിപാലിച്ചുവന്നു. ഒരുദിവസം ദണ്ഡന്‍ മനോഹരമായ ഭാര്‍ഗവ ആശ്രമത്തില്‍ എത്തി. അവിടെ വച്ച് മനോഹരിയായ മറ്റൊരു കന്യകയെ കണ്ട് അവളുടെ എതിര്‍പ്പ് വകവയ്ക്കാതെ അവളെ പ്രാപിച്ചു. അവള്‍ ഭാര്‍ഗവമഹര്‍ഷിയുടെ ജ്യേഷ്ഠപുത്രിയും ദണ്ഡന്റെ പുരോഹിതനായ ഉശനസിന്റെ പുത്രിയുമായ ”അരന്ദ” യായിരുന്നു. രാജാവ് പോയിക്കഴിഞ്ഞശേഷം ആശ്രമത്തിലെത്തിയ ഭാര്‍ഗവന്‍ പൊടിപുരണ്ട് മണ്ണില്‍ കിടക്കുന്ന അരന്ദയെ കണ്ട് കാര്യങ്ങള്‍ മനസ്സിലാക്കി. അദ്ദേഹം കോപം പൂണ്ട് ദണ്ഡനെ ശപിച്ചു. ഇന്നേക്ക് ഏഴാംനാള്‍ മുതല്‍ പെയ്യുന്ന കഠിനമായ പൊടിമഴയില്‍ ദണ്ഡന്റെ രാജ്യം തകര്‍ന്ന് തരിപ്പണമാകും എന്നതായിരുന്നു ശാപം. അങ്ങനെ ആ ശാപഫലമായി ദണ്ഡന്റെ രാജ്യം നാമാവശേഷമായി. അങ്ങനെ ഏഴുനാള്‍ കൊണ്ട് ഭസ്മമായി മാറ്റപ്പെട്ട പ്രദേശമാണ് ദണ്ഡകാരണ്യം എന്ന് അറിയപ്പെടുന്നു. അതിന് സമീപം മഹര്‍ഷിമാര്‍ പാര്‍ത്തയിടം ”ജനസ്ഥാനം” എന്നും അറിയപ്പെടുന്നു.”

ഇങ്ങനെ രാമന്‍ തന്റെ സംശയങ്ങള്‍ എല്ലാം ദൂരീകരിക്കപ്പെട്ടുകഴിഞ്ഞപ്പോള്‍ മഹര്‍ഷിയോട് യാത്രപറഞ്ഞ് അവിടെനിന്നും തിരികെ അയോധ്യയിലെത്തി. അവിടെവച്ച് ലക്ഷ്മണനോടും ഭരതനോടുംകൂടി ആലോചിച്ചിട്ട് സര്‍വ്വപാപങ്ങളും തീര്‍ക്കുന്ന അശ്വമേധം നടത്താന്‍ തീരുമാനമെടുത്തു. അതുകേട്ട് ഇന്ദ്രന്‍പോലും പാപം നശിക്കുന്നതാണ് എന്നും അഭിപ്രായപ്പെട്ടു. അതുകേട്ട് രാമന്‍ ആ കഥ വിശദീകരിക്കുവാന്‍ ലക്ഷ്മണനോട് ആവശ്യപ്പെട്ടു. ലക്ഷ്മണന്‍ പറഞ്ഞു ”ജ്യേഷ്ഠാ പണ്ട് ദേവന്മാരും അസുരന്മാരും സുഹൃത്തുക്കളായിരുന്നപ്പോള്‍ ലോകസമ്മതനായ ഒരു മഹാദൈത്യന്‍ വുത്രന്‍ രാജ്യമൊക്കെ മകനെ ഏല്‍പ്പിച്ചശേഷം തപസാരംഭിച്ചു. വിഷ്ണുവിനെ തപസുചെയ്ത അവന്റെ തപശക്തിയാല്‍ പാരിടം ആകെ തപിച്ചു. ഇതുകണ്ട് ഭയന്ന് ഇന്ദ്രന്‍ വുത്രനെ കൊല്ലണം എന്ന ആവശ്യവുമായി മഹാവിഷ്ണുവിന്റെ അടുക്കലെത്തി. തന്റെ ഭക്തനായ വുത്രനെ താന്‍ നേരിട്ട് കൊല്ലില്ല എന്നും തന്റെ ശക്തി മൂന്നാക്കി ഭാഗിച്ച് ഒരുഭാഗം ഇന്ദ്രനും ഒരുഭാഗം ഇന്ദ്രന്റെ വജ്രത്തിലും ബാക്കി ഭൂതത്തിലും നല്‍കാമെന്നും അത് ഉപയോഗിച്ച് വുത്രനെ വധിക്കുവാനും ഉപദേശിച്ചു.

വിഷ്ണു ചൈതന്യം കൂടി ലഭിച്ച ഇന്ദ്രന്‍ തന്റെ വജ്രായുധം ഉപയോഗിച്ച് അതിതേജസ്വിയായ വുത്രനെ വധിച്ചു. പക്ഷേ, വധിച്ചുകഴിഞ്ഞപ്പോള്‍ തന്നെ ബ്രഹ്മഹത്യാപാപം ഇന്ദ്രനെ പിടികൂടി. ഇന്ദ്രന്റെ അവസ്ഥകണ്ട് വിഷ്ണുവിനു ചുറ്റും മറ്റ് ദേവന്മാര്‍ ഓടിക്കൂടി. അതുകണ്ട് വിഷ്ണു ഇന്ദ്രന്റെ ബ്രഹ്മഹത്യാ പാപം മാറുവാനായി അശ്വമേധം നടത്തുവാന്‍ ഉപദേശിക്കുകയും അപ്രകാരം ചെയ്ത് ഇന്ദ്രന്‍ മൗഢ്യം മാറി തിരികെ ഇന്ദ്രനായി മാറുകയും ചെയ്തു.”

അതുകേട്ട് സന്തോഷത്തോടെ രാമന്‍ അശ്വമേധം നടത്തിയ ഇളന്‍ എന്ന രാജാവും പരിവാരങ്ങളും നായാട്ടിനിടയില്‍ ദേവി പാര്‍വ്വതിയും പരമശിവനും സ്ത്രീരൂപമെടുത്ത് ഉല്ലസിച്ചുകൊണ്ടിരുന്ന ദിക്കില്‍ പ്രവേശിച്ചു. അവിടെ കടന്നപാടെ ഇളനും പരിവാരങ്ങളും സ്ത്രീകളായി മാറി. കാര്യം മനസ്സിലാക്കി ദേവിയെ പ്രാര്‍ത്ഥിച്ചതിന് ഫലമായി ശാപത്തിന്റെ കാഠിന്യം ദേവി കുറച്ചുകൊടുത്തു. അതിന്‍പ്രകാരം ഇളന്‍ ഒരുമാസം സ്ത്രീയായും അടുത്തമാസം പുരുഷനായും കഴിയുവാന്‍ സാധിക്കും എന്ന് ദേവി അനുഗ്രഹിച്ചു. അങ്ങനെ സ്ത്രീയായി മാറിയ നാളുകളില്‍ ഇളന്‍ ഇളയെന്ന പേര് സ്വീകരിച്ചു. ഈ സമയം ചന്ദ്രപുത്രനായ ബുധന് ഇളയില്‍ ഭ്രമം ജനിക്കുകയും ഇളയില്‍ പുരൂരവസ്സ് എന്ന പുത്രന്‍ ജനിക്കുകയും ചെയ്തു. പിന്നെ കര്‍ദ്ദമന്‍ ഇളനോട് ഈ അവസ്ഥയില്‍നിന്നും കരകയറുവാനായി അശ്വമേധം നടത്തുവാന്‍ ആവശ്യപ്പെടുകയും അതിന്‍പ്രകാരം ചെയ്ത് സ്ത്രീവേഷം ഒഴിവാക്കി പൂര്‍ണ്ണമായി തിരികെ പുരുഷനായി ഇളന്‍ മാറി.”

അങ്ങനെ എല്ലാം കൊണ്ടും ശുഭകരമായ അശ്വമേധം നടത്തുവാനുള്ള തീരുമാനം രാമന്‍ കൈക്കൊണ്ടു.
പിന്നെ യാഗത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്ത് എല്ലാ വിധത്തിലും ശ്രേഷ്ഠകരമായ തിതിയില്‍ യജ്ഞം ആരംഭിച്ചു. ഈ സമയം യജ്ഞശാലക്ക് അടുത്തായി അല്പം ഒഴിഞ്ഞ ഭാഗത്ത് മുനി വാല്‍മീകി എത്തുകയും അവിടെ പര്‍ണ്ണശാല ചമയ്ക്കുകയും ചെയ്തു. പിന്നെ തന്റെ രണ്ട് ശിഷ്യന്മാരെ വിളിച്ച് നാളെ മുതല്‍ രാമകഥ പുറത്ത് പാടിനടക്കണമെന്നും അതുകേട്ട് രാജാവ് വിളിച്ചാല്‍ അവിടെ ഏവരും നിറഞ്ഞിരിക്കുന്ന സദസില്‍ അത് പാടണമെന്നും ആവശ്യപ്പെട്ടു. ഒപ്പം ധനമോ മറ്റൊന്നുമോ സ്വീകരിക്കരുത് എന്നും ശട്ടം കെട്ടി.

പിറ്റേന്ന് മനോഹരനാദത്തില്‍ പാടുന്ന കുട്ടികളെക്കുറിച്ച് അറിഞ്ഞ് രാമന്‍ അവരെ യജ്ഞസദസില്‍ വിളിച്ചുവരുത്തി. പിന്നെ ദിനവും ഇരുപത് സര്‍ഗ്ഗം എന്ന കണക്കില്‍ അവര്‍ പാടിത്തുടങ്ങി. അവരെക്കുറിച്ച് കൂടുതല്‍ അറിയുവാനായി ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ അവര്‍ വാല്‍മീകി ശിഷ്യന്മാരാണ് എന്നുമാത്രമേ പറഞ്ഞുള്ളൂ. എന്നാല്‍ രാമകഥാകഥനം പുരോഗമിക്കവേ കുട്ടികള്‍ക്ക് രാമനോടുളള സാദൃശ്യവും കണ്ട് വിസ്മയിച്ചിരുന്ന ഏവരും അവര്‍ രാമന്റെ മക്കള്‍ തന്നെയാണെന്ന് തീര്‍ച്ചയാക്കി.

അതറിഞ്ഞ രാമന്‍ സദസിനു നടുവില്‍ വച്ച് ”സീത സത്‌വൃത്തയെങ്കില്‍ മുനിയുടെ അനുമതിയോടെ ആത്മശുദ്ധി അറിയിക്കട്ടെ” എന്നുപറഞ്ഞു.
ഇതുകേട്ട് മുനി സീതയുമൊത്ത് പിറ്റേന്ന് യജ്ഞവാടത്തിലെത്തി. എന്നിട്ട് ഏവരും കേള്‍ക്കെപ്പറഞ്ഞു ”ദാശരഥേ ഇതാ താങ്കള്‍ അപവാദം കേട്ടുപേക്ഷിച്ച സീത. ഇവള്‍ ആറുതരത്തിലും നിഷ്പാപയാണ്. അങ്ങയുടെ പുത്രന്മാരാണ് ഈ നില്‍ക്കുന്ന ലവകുശന്മാര്‍. ഞാന്‍ അനേകായിരം വര്‍ഷം തപസ്സനുഷ്ടിച്ചിട്ടുണ്ട്. സീത ദുഷ്ടയെങ്കില്‍ ആ തപസിന്റെ ഫലം എനിക്ക് ലഭിക്കാതെ പോട്ടെ. ഇവള്‍ അപാപയും പതിദേവതയുമാകുന്നു. ലോകാപവാദം ഭയന്ന് പരിശുദ്ധയെന്ന് അറിഞ്ഞിട്ടും അവളെ ത്യജിക്കുകയല്ലേ അങ്ങ് ചെയ്തത്.”
ഇതുകേട്ട് രാമന്‍ പറഞ്ഞു ”അങ്ങ് പറഞ്ഞത് സത്യം തന്നെ. ലോകാപവാദം ഭയന്നാണ് പരിശുദ്ധയെന്ന് അറിഞ്ഞിട്ടും ഞാന്‍ ഇവളെ ത്യജിച്ചത്. കുശീലവന്മാര്‍ എന്റെ പുത്രന്മാര്‍ ആണെന്നും ഞാനറിയുന്നു. എന്നാലും ജനമധ്യത്തില്‍ ശുദ്ധയെന്ന് അവള്‍ തെളിയിക്കുക.
ഈ സമയം തല കീഴ്‌പ്പോട്ട് നോക്കി കൈകൂപ്പി സീത പറഞ്ഞു. ”രാമനെ ഒഴികെ മറ്റാരെയും ഞാന്‍ മനസ്സില്‍ നിനയ്ക്കാറില്ലെങ്കില്‍ മാധവീദേവി എനിക്ക് ഇടം നല്‍കുമാറാകണം. രാമനെ അല്ലാതെ മറ്റാരേയും ഞാന്‍ അറിയുന്നില്ല എങ്കില്‍ ദേവി എന്നെ സ്വീകരിക്കുമാറാകട്ടെ.” ഇങ്ങനെ ശപഥം ചെയ്ത നിമിഷം ഭൂമി പിളര്‍ന്ന് അതി വിക്രമരായ നാഗങ്ങള്‍ സിംഹാസനവുമായി പുറത്തുവന്ന് അതില്‍ സീതയെ ഇരുത്തി ഭൂമിയ്ക്കടിയിലേക്ക് മറയുകയും ചെയ്തു. ഇതുകണ്ട് ഏവരും വിസ്മയം പൂണ്ടു.

ഇത് കണ്ട് രാമന്‍ അത്യന്തം ദുഃഖിതനായി കണ്ണീര്‍ വാര്‍ത്തു. പിന്നെ ഭൂമിയിലേക്ക് അവളെ മടിക്കി നല്‍കുവാന്‍ ആവശ്യപ്പെട്ടു. അതുകേട്ട് ദേവന്‍മാരോട് ഒപ്പം എത്തിയ ബ്രഹ്മാവ് രാമനെ വൈഷ്ണവ ജന്മം ഓര്‍മ്മിപ്പിച്ച് സ്വര്‍ഗ്ഗത്തില്‍വച്ച് രണ്ടുപേരും ഒന്നിക്കും എന്ന് അനുഗ്രഹിച്ച് വാല്‍മീകി രചിച്ച രാമായണം പൂര്‍ണ്ണമായും ശ്രവിക്കുവാന്‍ ആവശ്യപ്പെട്ടു.
അതിന്‍പ്രകാരം വാല്‍മീകി രചിച്ച രാമായണം പൂര്‍ണ്ണമായും കേള്‍ക്കുവാന്‍ ഏവരും നിശ്ചയിച്ചു.

durga_atl@yahoo.com                                                                                                                                                             തുടരും…

1000 x 80 ad

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close