മുല്ലപ്പെരിയാര്‍ ഡാം സുരക്ഷാ നിയമം സുപ്രീംകോടതി റദ്ദാക്കി

mullaperiyar

മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് തിരിച്ചടിയും സുപ്രീംകോടതിയുടെ നിശിതവിമര്‍ശനവും. ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന് സുപ്രീംകോടതി വിധിന്യായത്തില്‍ പറഞ്ഞു. കേരളത്തിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് ജലനിരപ്പ് ഉയര്‍ത്താന്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി. കേരളം കൊണ്ടുവന്ന ഡാം സുരക്ഷാ നിയമവും സുപ്രീംകോടതി തള്ളിക്കളഞ്ഞു. ഡാം സുരക്ഷാ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് നിരീക്ഷിച്ച വിധിന്യായത്തില്‍ സുപ്രീംകോടതിയുടെ അധികാരത്തില്‍ കേരളം കടന്നുകയറാന്‍ ശ്രമിച്ചതായും വിമര്‍ശനമുണ്ട്. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല.

അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ മൂന്നംഗ സമിതിയെ നിയോഗിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര ജലകമ്മീഷന്‍ ചെയര്‍മാന്റെ അദ്ധ്യക്ഷതയിലാണ് മൂന്നംഗ സമിതിയെ നിയോഗിക്കുന്നത്. ഇതില്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും ഓരോ പ്രതിനിധികളുണ്ടാകും. ഡാമിന്റെ സുരക്ഷ മൂന്നംഗ സമിതി പരിശോധിക്കും. മൂന്നംഗ സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രമാകും അണക്കെട്ടിന് അറ്റകുറ്റപ്പണി നടത്തുക. അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള അവകാശം തമിഴ്നാട്ടിനാകും. കാലവര്‍ഷത്തിന് മുമ്പും ശേഷവും അണക്കെട്ടിന്റെ അവസ്ഥ പരിശോധിക്കാം.

വിധി വന്നതോടെ ഇടുക്കിയില്‍ ശക്തമായ പ്രതിഷേധമുയരുകയാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സമരം നടന്നുവരുന്ന ചപ്പാത്തില്‍ ജനങ്ങള്‍ വൈകാരികമായാണ് സുപ്രീംകോടതി വിധിയോട് പ്രതികരിച്ചത്.

ചീഫ് ജസ്റ്റീസ് ആര്‍എം ലോധയ്ക്ക് പുറമെ ജസ്റ്റീസുമാരായ എച്ച്എല്‍ ദത്തു, സികെ പ്രസാദ്, മദന്‍ പി ലോകൂര്‍, എംവൈ ഇഖ്ബാല്‍ എന്നിവരടങ്ങുന്ന ഭരണഘടനാ ബഞ്ചാണ് കേസില്‍ ഏറെ നിര്‍ണായകമായ അന്തിമ വിധി പ്രസ്താവിച്ചത്. എട്ടുവര്‍ഷത്തോളം നീണ്ട വാദങ്ങള്‍ക്കൊടുവിലാണ് മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചിന്റെ നിര്‍ണായക വിധി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close