മൂന്നാം ദിനം

 

1000

3

ദുര്‍ഗാ മനോജ്

കിളികള്‍ മധുരഗാനം പൊഴിച്ച് പ്രഭാതത്തെ വരവേല്‍ക്കവേ രാമലക്ഷ്മണന്മാര്‍ വിശ്വാമിത്രനു മുന്നില്‍ എത്തി. മുനി പറഞ്ഞു: ”രാമാ, നമുക്കിനി ഗംഗാനദി കടക്കാം.” അങ്ങനെ ഗംഗാനദി കടക്കുന്നതിനിടയില്‍ മുനി രാജകുമാരന്മാര്‍ക്ക് പാലാഴിമഥനത്തിന്റെ കഥ പറഞ്ഞുകൊടുത്തു തുടങ്ങി. ദേവന്മാര്‍ക്കു കൗസ്തുഭവും, ഉച്ചൈശ്രവസ്സ് എന്ന് അശ്വവും, അമൃതും ഒക്കെ കൈവന്ന കഥകേട്ട് ഗംഗാനദിയും കടന്ന് മിഥിലാപുരിയിലേക്ക് യാത്ര ചെയ്യവേ വഴിമധ്യേ ഉപേക്ഷിക്കപ്പെട്ട ഒരാശ്രമം രാമന്റെ ശ്രദ്ധയില്‍പ്പെട്ടു.

രാമന്‍ വിശ്വാമിത്രനോട് ചോദിച്ചു: “മുനേ, ഈ കാണുന്നത് ഒരു ഉപേക്ഷിക്കപ്പെട്ട ആശ്രമംപോലെ തോന്നുന്നുവല്ലോ. ആരുടേതാണീ ആശ്രമം?” അതുകേട്ട് മഹര്‍ഷി പറഞ്ഞു: ”രാമാ, നിന്റെ സംശയം സത്യമാണ്. ദേവന്‍മാര്‍ പോലും പൂജിച്ചിരുന്ന ഗൗതമമഹര്‍ഷിയുടെ ആശ്രമമാണിത്. അദ്ദേഹം അഹല്യയോടൊത്ത് അനേകായിരം വര്‍ഷം തപസ് ചെയ്തിരുന്നത് ഇവിടെയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ തപസിന് ഭംഗം വരുത്താനായി ഇന്ദ്രന്‍, അദ്ദേഹം കുളിക്കുവാനായി പോയ തക്കത്തിന് അദ്ദേഹത്തിന്റെ വേഷം ധരിച്ച് അഹല്യയുടെ അടുത്ത് എത്തി. തിരികെ വന്ന മഹര്‍ഷി, വേഷപ്രച്ഛന്നനായ ഇന്ദ്രനെ അവിടെ കണ്ടു. ഇന്ദ്രനെ  തിരിച്ചറിഞ്ഞ മുനി ഈ കൊടുംപാതകത്തിന് അദ്ദേഹത്തെ ശപിച്ചു. ഒപ്പം, അഹല്യയെയും. “അഹല്യേ, നീ ഒരു ശിലയായിത്തീരട്ടെ. അനേകായിരം വര്‍ഷം വായുമാത്രം ഭക്ഷിച്ച് തപിച്ച് നീ ഇവിടെ ഈ പൂഴിയില്‍ കിടക്കാനിടവരട്ടെ. ആ സമയം മറ്റാര്‍ക്കുംതന്നെ ഭവതിയെ കാണുവാനാകില്ല. ത്രേതായുഗത്തില്‍  ദശരഥപുത്രനായ രാമന്‍ ഈ വഴി കടന്നു വരും. അദ്ദേഹത്തിന്റെ അനുഗ്രഹത്താല്‍  ശുദ്ധയായിത്തീര്‍ന്ന്, നിനക്ക് സ്വന്തം രൂപം തിരികെ കിട്ടും.” ഇത്രയും പറഞ്ഞ് അദ്ദേഹം ആ ആശ്രമം വിട്ട് ഹിമവത്ശൃംഗങ്ങളിലേക്ക് യാത്രയായി.

ഈ കഥ പഞ്ഞുകഴിഞ്ഞ് വിശ്വാമിത്രന്‍ രാമനോട് അഹല്യക്ക് ശാപമോക്ഷമേകുവാനായി അഭ്യര്‍ത്ഥിച്ചു. ശാപമോക്ഷം ലഭിച്ചതോടെ അഹല്യയെ മറ്റുള്ളവര്‍ക്ക് കാണുവാന്‍ സാധിച്ചു. രാമലക്ഷ്മണന്മാര്‍ അഹല്യയുടെ കാല്‍പാദം വണങ്ങി. പിന്നെ അവരുടെ ആതിഥ്യം സ്വീകരിച്ചു. അവരോടൊപ്പം ഗൗതമനും ചേര്‍ന്നപ്പോള്‍ ദേവതകള്‍ പുഷ്പവൃഷ്ടി നടത്തി. പിന്നെ രാമനും സംഘവും മിഥിലയിലേക്ക് യാത്ര തുടര്‍ന്നു.

അഹല്യാമോക്ഷം
അഹല്യാമോക്ഷം

വിശ്വാമിത്രമുനിയും സംഘവും മിഥിലാ പുരിയില്‍ എത്തിച്ചേര്‍ന്നു. ആ വിവരം അറിഞ്ഞ് ജനകന്‍ നേരിട്ട് അവരെ സ്വീകരിക്കുന്നതിനായി എത്തിച്ചേര്‍ന്നു. മഹര്‍ഷിയോടൊപ്പമുള്ള തേജസ്വികളായ കുമാരന്മാരെക്കണ്ട് വിശ്വാമിത്രന്‍ ജനകരാജാവിന് താടകാവധവും അഹല്യാമോക്ഷവും ഒക്കെ വിശദമായി പറഞ്ഞുകൊടുത്തു. ഒപ്പം മഹാധനുസ്സ് കാണുവാനുള്ള രാമന്റെ ആഗ്രഹവും സൂചിപ്പിച്ചു.

ഈ സമയത്ത് ഗൗതമമഹര്‍ഷിയുടെ ജ്യേഷ്ഠപുത്രനായ ശതാനന്ദന്‍ രാമന്റെ പ്രഭാവത്തില്‍ വിസ്മയിച്ച് നില്ക്കുകയായിരുന്നു. അദ്ദേഹവും ഒരു താപസിയായിരുന്നു.  കുശലാന്വേഷണങ്ങള്‍ക്കിടയില്‍ രാമനോട് വിശ്വാമിത്രമഹര്‍ഷിയുടെ കഥകള്‍ അറിയുമോ എന്ന് അദ്ദേഹം ചോദിക്കുകയും അതേക്കുറിച്ച് പറയുകയും ചെയ്തു: ”കുമാരാ, അപരാജിതനായ വിശ്വാമിത്രനെ പിന്തുടര്‍ന്നാണല്ലോ അങ്ങിവിടെ എത്തിയത്. അദ്ദേഹത്തിന്റെ ബലവും ഞാന്‍ പറഞ്ഞുതരാം. വിശ്വാമിത്രന്‍ പ്രജാപതിയുടെ പൗത്രനായ കുശനാഭന്റെ മകന്‍ ഗാധിയുടെ മകനാണ്. അദ്ദേഹം അനേകായിരം വര്‍ഷം രാജ്യം ഭരിച്ചു. പിന്നീട് ഒരിക്കല്‍ ഭൂമി ചുറ്റിസഞ്ചരിക്കവെ വസിഷ്ഠമുനിയുടെ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നു. അവിടെ വച്ച് എന്ത് ആവശ്യവും നിവര്‍ത്തിച്ച് കൊടുക്കുന്ന വസിഷ്ഠമുനിയുടെ കാമധേനുവായ ശബളയെ കണ്ട് അതിനെ തനിക്ക് നല്കണമെന്ന് ആവശ്യപ്പെട്ടു. അതിന് വസിഷ്ഠന്‍ വഴങ്ങിയില്ല. vishvamitra ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ കാമധേനു സൃഷ്ടിച്ച പടയ്ക്ക് മുന്നില്‍ വിശ്വാമിത്രന്റെ സൈന്യം നിഷ് പ്രഭമായി. ഒടുവില്‍ മഹര്‍ഷിയുടെ മുന്നില്‍ രാജാവിന് തോറ്റ് പിന്‍മാറേണ്ടിവന്നു. അതോടെ തന്റെ ക്ഷാത്രബലത്തേക്കാള്‍ മികച്ചത് മഹര്‍ഷിയുടെ ബ്രഹ്മവിദ്യ തന്നെ എന്ന് വിശ്വാമിത്രന് മനസ്സിലായി. അദ്ദേഹം അനേകായിരം വര്‍ഷത്തെ കഠിനമായ തപസ് ആരംഭിച്ചു. തപസിനൊടുവില്‍ ബ്രഹ്മാവ് രാജര്‍ഷിപദം നല്കി. എന്നാലതില്‍ അദ്ദേഹം തൃപ്തനായില്ല. ഇതിനിടയില്‍ ത്രിശങ്കു എന്ന രാജാവ് തനിക്ക് ഉടലോടെ സ്വര്‍ഗ്ഗത്തില്‍ പോകണമെന്ന ആവശ്യവുമായി വസിഷ്ഠനു മുന്നിലെത്തി. പക്ഷേ, അത് സാധ്യമല്ല എന്നുപറഞ്ഞ് വസിഷ്ഠന്‍ ത്രിശങ്കുവിനെ മടക്കി അയച്ചു. ഒടുവില്‍ ത്രിശങ്കു വിശ്വാമിത്രനു മുന്നിലെത്തി. വിശ്വാമിത്രന്‍ വലിയൊരു യജ്ഞം നടത്തി ത്രിശങ്കുവിനെ സ്വര്‍ഗ്ഗത്തിലേക്ക് ഉടലോടെ ഉയര്‍ത്തി. പക്ഷേ, ഇന്ദ്രന്‍ അത് അനുവദിച്ചില്ല. ത്രിശങ്കു താഴേക്ക് പതിച്ചുതുടങ്ങി. ഉടനെ മഹര്‍ഷി തനിക്ക് വാക്ക് പാലിച്ചേ മതിയാകൂ എന്നും ഞാന്‍ ത്രിശങ്കുവിനായി മറ്റൊരു സ്വര്‍ഗ്ഗവും മറ്റൊരു ഇന്ദ്രനേയും ദേവന്‍മാരേയും സൃഷ്ടിക്കാന്‍ പോകുകയാണ് എന്നും പറഞ്ഞു. ഒടുവില്‍ വിശ്വാമിത്രമുനിയെ ഭയന്ന് അദ്ദേഹം സൃഷ്ടിച്ച സ്വര്‍ഗത്തില്‍ ത്രിശങ്കു കഴിയട്ടെ എന്ന് ദേവതകള്‍ മുനിയുമായി ധാരണയിലെത്തി. അങ്ങനെ വിശ്വാമിത്രമുനിയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ദേവന്മാര്‍പോലും കീഴടങ്ങി. ഇതിനുശേഷവും മഹര്‍ഷി തന്റെ തപസ് തുടര്‍ന്നു. തപസു മുടക്കാന്‍ ഇന്ദ്രന്‍ മേനകയേയും രംഭയേയുമൊക്കെ നിയോഗിച്ചു. മേനകയ്ക്ക് വിശ്വാമിത്രന്റെ തപസ് ഇളക്കാനായെങ്കിലും രംഭയ്ക്ക് അതിന് സാധിക്കാതെ അദ്ദേഹത്തിന്റെ ശാപം ഏറ്റുവാങ്ങേണ്ടി വന്നു. പിന്നെ തന്റെ കോപംകൊണ്ട് പലപ്പോഴും തപസിന് ഭംഗംവരുന്നുവെന്ന് കണ്ട് ശ്വാസംപോലും വിടാതെ തപസ് അനുഷ്ഠിച്ച് ഒടുവില്‍ ബ്രഹ്മര്‍ഷിപദം നേടിയെടുക്കുകതന്നെ ചെയ്തു. പിന്നെ വസിഷ്ഠമുനിയും അദ്ദേഹവുമായി സഖ്യം ചെയ്തു. ഇപ്രകാരമാണ് രാമാ വിശ്വാമിത്രമുനി ബ്രഹ്മര്‍ഷിയായിത്തീര്‍ന്നത്.” ശതാനന്ദന്‍ പറഞ്ഞ് നിര്‍ത്തി.

രാമലക്ഷ്മണന്മാരോടൊപ്പം വിസ്മയത്തോടെ ഭക്തിയോടെ കഥകള്‍ കേട്ടിരിക്കുകയായിരുന്ന ജനകരാജാവ് കൈകൂപ്പിക്കൊണ്ട് വിശ്വാമിത്രമുനിയെത്തന്നെ യജ്ഞശാലയിലേക്ക് രാമലക്ഷ്മണന്മാരോടൊപ്പം ക്ഷണിച്ചു…

durga_atl@yahoo.com                                                                                                                                                             തുടരും…

1000 x 80 ad

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close