മൂന്നാം മുന്നണിയെ മുലായം നയിക്കും; കോണ്‍ഗ്രസ് പിന്തുണയ്ക്കും: കാരാട്ട്‌

karatt

കേന്ദ്രത്തില്‍ വര്‍ഗീയ ശക്തികള്‍ അധികാരത്തിലെത്തുന്നത് തടയാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം മുന്നണിയെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. മുന്നണിയെ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവായിരിക്കും നയിക്കുകയെന്നും കാരാട്ട് പറഞ്ഞു.

ബി.ജെ.പി. അധികാരത്തിലേറുന്നത് തടയാന്‍ കെല്‍പുള്ള ഏക ബദല്‍ മൂന്നാം മുന്നണിയാണ്. ഇപ്പോള്‍ മൂന്നാം മുന്നണിയുടെ ഭാഗമായ പതിനൊന്ന് പ്രാദേശിക കക്ഷികളും തിരഞ്ഞെടുപ്പ്ഫലം പുറത്തുവന്നാലും ഒന്നിച്ചു നില്‍ക്കുമെന്നു തന്നെയാണ് പ്രതീക്ഷ. ജയലളിത ബി.ജെ.പി.ക്കൊപ്പമോ മുലായംസിങ് കോണ്‍ഗ്രസിനൊപ്പമോ പോകില്ലെന്നാണ് കരുതുന്നത്. മൂന്നാം മുന്നണിയുടെ കോണ്‍ഗ്രസിന്റെയും പൊതുവായുള്ള അജന്‍ഡയാണ് ബിജെപിയെ അധികാരത്തിലേറ്റാതിരിക്കുക എന്നത്. പിന്നെന്തുകൊണ്ട് അന്യോന്യം സഹകരിച്ചു കൂടാ? സഹായിച്ചു കൂടാ? ഇക്കാര്യം സംബന്ധിച്ച് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം കോണ്‍ഗ്രസ്സുമായി ചര്‍ച്ച നടത്തും. ബി.ജെ.പി.യെ തടയാന്‍ മൂന്നാം മുന്നണിയെ പിന്തുണയ്ക്കുകയല്ലാതെ കോണ്‍ഗ്രസിന് മുന്നില്‍ മറ്റു മാര്‍ഗങ്ങളുണ്ടാവില്ല-കാരാട്ട് പറഞ്ഞു.

അതേസമയം മൂന്നാം മുന്നണി ഒരു സങ്കല്‍പം മാത്രമാണെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. നേരത്തെ മൂന്നാം മുന്നണിക്ക് പിന്തുണ നല്‍കുമെന്ന് പ്രസ്താവിച്ച സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. മൂന്നാംമുന്നണി എന്നത് ഇപ്പോള്‍ സാങ്കല്‍പികം മാത്രമാണ്. കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരത്തിലേറുകയും അഞ്ചുവര്‍ഷം ഭരിക്കുകയും ചെയ്യും-അഹമ്മദ് പട്ടേല്‍ പറഞ്ഞു.

മൂന്നാം മതേതര മുന്നണിയെ പിന്തുണച്ചു കൊണ്ടുള്ള പഴയ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണിത്. മുതിര്‍ന്ന നേതാവും സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവുമായ പട്ടേലിന്റെ പ്രസ്താവനയെ എതിര്‍ത്ത് പല കോണ്‍ഗ്രസ് നേതാക്കളും രംഗത്ത് വന്നിരുന്നു.

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോദിയും ഇക്കാര്യം ചൂണ്ടിക്കാട്ടി പരിഹസിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോണ്‍ഗ്രസ് പരാജയം സമ്മതിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close