മെഡല്‍ ജേതാക്കള്‍ക്ക് രാജ്യത്തിന്റെ ആദരം

ഗ്ലാസ്‌ഗോയില്‍ സമാപിച്ച കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍ക്കു രാജ്യത്തിന്റെ ആദരം. കേന്ദ്ര കായിക മന്ത്രാലയവും സ്‌പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും (സായ്) സംയുക്തമായി സംഘടിപ്പിച്ച ചടങ്ങില്‍ നിനച്ചിരിക്കാതെ ഒരു അതിഥിയെത്തി; സച്ചിന്‍ തെന്‍ഡുല്‍ക്കര്‍.

ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ സോനോവാലിനെ ‘ക്ലീന്‍ ബോള്‍ഡാക്കി സച്ചിന്‍ താരമായി. മെഡല്‍ ജേതാക്കളെ കായിക മന്ത്രിയും സച്ചിനും ചേര്‍ന്ന് അനുമോദിച്ചു. മെഡല്‍ ജേതാക്കള്‍ക്കുള്ള പാരിതോഷികങ്ങള്‍ ഇരുവരും ചേര്‍ന്നു വിതരണം ചെയ്തു. മലയാളികളായ ഹോക്കി താരം പി.ആര്‍. ശ്രീജേഷും സ്‌ക്വാഷ് താരം ദീപിക പള്ളിക്കലും സന്നിഹിതരായിരുന്നു.

സ്വര്‍ണ മെഡല്‍ ജേതാക്കളായ അഭിനവ് ബിന്ദ്ര (ഷൂട്ടിങ്), വികാസ് ഗൗഡ (ഡിസ്‌കസ് ത്രോ) എന്നിവര്‍ ചടങ്ങിനെത്തിയില്ല. വ്യക്തിഗത സ്വര്‍ണം, വെള്ളി, വെങ്കല മെഡല്‍ ജേതാക്കള്‍ക്കു യഥാക്രമം 20 ലക്ഷം, പത്തു ലക്ഷം, ആറു ലക്ഷം രൂപ സമ്മാനമായി നല്‍കി. ശ്രീജേഷ് ഉള്‍പ്പെടെയുള്ള ഹോക്കി ടീമംഗങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപ വീതം ലഭിച്ചു. സ്‌ക്വാഷ് ഡബിള്‍സില്‍ സ്വര്‍ണം നേടിയ ദീപിക പള്ളിക്കല്‍, ജോഷ്‌ന ചിന്നപ്പ എന്നിവര്‍ക്കു 15 ലക്ഷം രൂപ വീതം സമ്മാനിച്ചു.

സായ് കേന്ദ്രത്തില്‍ പരിശീലിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വരെയെത്തിയ മലയാളിയായ സഞ്ജു സാംസണ്‍ രാജ്യത്തെ കായിക താരങ്ങള്‍ക്കു മാതൃകയാണെന്നു മന്ത്രി സോനോവാല്‍ ചൂണ്ടിക്കാട്ടി. ‘എളിമ കൈവിടാതിരിക്കുക; രാജ്യത്തിനായി കൂടുതല്‍ വിജയങ്ങള്‍ സ്വന്തമാക്കുക എന്നായിരുന്നു മെഡല്‍ ജേതാക്കള്‍ക്കുള്ള സച്ചിന്റെ ഉപദേശം.

കായിക താരങ്ങളെന്ന നിലയില്‍ നിങ്ങളുടെ പ്രകടനം എപ്പോഴും വിലയിരുത്തലുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമായിരിക്കും. എന്നാല്‍, കളിക്കളത്തില്‍ 100 ശതമാനം ആത്മാര്‍ഥതയോടെയുള്ള പ്രകടനത്തിലൂടെ നിങ്ങള്‍ക്കു ലഭിക്കുന്ന ആത്മസംതൃപ്തിയുടെ സുഖം മറ്റുള്ളവര്‍ക്ക് അളക്കാനാവില്ല.

നിങ്ങള്‍ കഴിവിന്റെ 100 ശതമാനം പുറത്തെടുത്തിട്ടും എതിരാളികള്‍ വിജയിച്ചാല്‍ അതില്‍ സങ്കടപ്പെടേണ്ട കാര്യമില്ല – സച്ചിന്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു, സായ് ഡയറക്ടര്‍ ജനറല്‍ ജിജി തോംസണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close