മെസ്സിക്ക് ഇന്ന് ഇരുപത്തിയേഴാം പിറന്നാള്‍

 

ലോകഫുട്ബോളിന്റെ രാജകുമാരന്‍ ലയണല്‍ മെസ്സിക്ക് ഇന്ന് ഇരുപത്തിയേഴാം പിറന്നാള്‍.

1986ല്‍ ജൂണ്‍ 24ന് അര്‍ജന്റീനയിലെ റൊസാരിയോയിലാണ് ജോര്‍ജ്ഹൊറാസിയോ മെസ്സിയുടേയും (ഫാക്ടറി തൊഴിലാളി) സെലിയ മറിയ കുചിറ്റിനിയുടേയും (തൂപ്പുകാരി) മകനായി ലയണല്‍ മെസി എന്ന ഇന്നത്തെ ഫുട്ബോള്‍ ഇതിഹാസം പിറവികൊണ്ടത്. റൊസാരിയോയിലെ തെരുവുകളില്‍ ഫുട്ബോള്‍ കളിച്ചാണ് മെസി വളര്‍ന്നത്.
പതിനൊന്നാം വയസ്സില്‍ അദ്ദേഹത്തിന്റെ വളര്‍ച്ചക്കു ആവശ്യമായ ഹോര്‍മോണിന്റെ കുറവ് തിരിച്ചറിയപ്പെട്ടു. എന്നാല്‍ ഹോര്‍മോണ്‍ സംബന്ധമായ അസുഖത്തെതുടര്‍ന്ന് സ്പെയിനിലേക്ക് പോയ മെസിയെ ബാഴ്സലോണ ക്ലബ് അധികൃതര്‍ ഏറ്റെടുക്കുകയായിരുന്നു. സ്പെയിനിലേക്ക് മാറി താമസിക്കാമെങ്കില്‍ ചികിത്സക്കുള്ള പണം ക്ലബ്ബ് ഏറ്റെടുത്തുകൊള്ളാം എന്ന് അവര്‍ പറഞ്ഞു

മെസിയുടെ ചികില്‍സയും പഠനവും ഫുട്ബോള്‍ പരിശീലനവുമെല്ലാം ബാഴ്സലോണയുടെ ചെലവിലായിരുന്നു. ബാഴ്സയുടെ കളരിയില്‍ കളി പഠിച്ച മെസിയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരനായി മെസി മാറിയിരിക്കുന്നു. എത്ര വലിയ താരമായാലും മെസി ആത്യന്തികമായി ഒരു റൊസാരിയോക്കാരനാണ്. എല്ലാ ദിവസവും വീട്ടുകാരെയും റൊസാരിയോയിലെ കൂട്ടുകാരെയും മുടങ്ങാതെ വിളിക്കാറുണ്ട് മെസി.

ഒഴിവുസമയം കിട്ടുമ്പോഴെല്ലാം റൊസാരിയോയില്‍ ഒടിയെത്തുന്ന മെസി കൂട്ടുകാര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാറുണ്ട്. അര്‍ജന്റീനയില്‍ ദേശീയ ടീമിന്റെ കളിയുണ്ടെങ്കില്‍ മെസി ഹോട്ടലില്‍ താമസിക്കാറില്ല. റൊസാരിയോയില്‍നിന്ന് മൂന്നരമണിക്കൂര്‍ കാറോടിച്ചാണ് മെസി ബ്യൂണസ് അയേഴ്സില്‍ പരിശീലനത്തിന് എത്താറുള്ളത്. പരിശീലനം കഴിഞ്ഞ രാത്രി വൈകി റൊസാരിയോയിലെത്തുന്ന മെസി പുലര്‍ച്ചെ പരിശീലനത്തിനായി ബ്യൂണസ് അയേഴ്സിലേക്ക് പോകുകയും ചെയ്യും. റൊസാരിയോയില്‍നിന്ന് സഹായം അഭ്യര്‍ത്ഥിച്ച് ആര് വിളിച്ചാലും മെസി അവരെ നിരാശപ്പെടുത്താറില്ല. ചികില്‍സാ ചെലവിനും വിവാഹ ആവശ്യങ്ങള്‍ക്കുമായി മെസിയുടെ സുഹൃത്തുക്കളും അയല്‍ക്കാരും അകന്ന ബന്ധുക്കളുമൊക്കെ മെസിയെ വിളിക്കാറുണ്ട്. അവര്‍ ആവശ്യപ്പെടുന്നതിലും അധികം നല്‍കിയാണ് മെസി പ്രിയപ്പെട്ടവരെ സഹായിക്കുന്നത്.

അസുഖബാധിതരായ കുട്ടികളുടെ ചികില്‍സയ്ക്കായി റൊസാരിയോയില്‍ ഒരു ജീവകാരുണ്യസംഘടനയും മെസി തുടങ്ങിയിട്ടുണ്ട്. തന്റെ കുഞ്ഞുനാളിലെ അവസ്ഥ മറ്റാര്‍ക്കും വരരുതെന്ന് കരുതിയാണ് മെസി ഇത്തരത്തിലൊരു പ്രവര്‍ത്തനം നടത്തുന്നത്.

ഈ സംഘടന വഴി അസുഖബാധിതരായി കുട്ടികള്‍ക്ക് വിദഗ്ദ്ധ ചികില്‍സയും മികച്ച വിദ്യാഭ്യാസവും നല്‍കാന്‍ മെസി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. കളിയുടെ തിരക്കിലും റൊസാരിയോയെ മറക്കാത്ത മെസി നാട്ടുകാരുടെ നാടന്‍ ഹീറോയാണ്.

Show More

Related Articles

Close
Close