മെസ്സിയുടെ ഗോളില്‍ അര്‍ജന്റീന രക്ഷപ്പെട്ടു

ലോകഫുട്ബോളിലെ തമ്പുരാക്കന്മാരെ ഞെട്ടിച്ച് നവാഗതര്‍ കീഴടങ്ങി. ബോസ്നിയ തീര്‍ത്ത മാസ്മരിക ഫുട്ബോളിന് മുന്നില്‍ പകച്ചു പോയ മെസിയും കൂട്ടരും രക്ഷപ്പെട്ടത് ഭാഗ്യത്തിന്റെ അകമ്പടിയില്‍. 1950 ല്‍ ബ്രസീലിനെ കരയിച്ച മാരക്കാനയില്‍ ദുരന്തമുനമ്പില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു അര്‍ജന്റീന. നവാഗതരുടെ സഭാകമ്പം ഒട്ടുമില്ലാതെ പന്ത് തട്ടിയ ബോസ്നിയയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് അര്‍ജന്റീന മറികടന്നത്. ഇതില്‍ ആദ്യ ഗോളാവട്ടെ ബോസ്നിയയുടെ സംഭാവനയും. മൂന്നാം മിനുട്ടില്‍ കൊളാസിനിച്ച് സമ്മാനിച്ച ഈ ഗോള്‍ ഇല്ലായിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു. മെസിയെടുത്ത ഫ്രീ കിക്ക് കൊളാസിനിച്ചിന്റെ കാലില്‍ തട്ടി വലയിലെത്തുകയായിരുന്നു എന്നാല്‍ മുന്‍തൂക്കം ലഭിച്ചിട്ടും കളിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ അര്‍ജന്റീനയ്ക്കായില്ല. പേരുകേട്ട അര്‍ജന്റീനന്‍ മുന്നേറ്റ നിര പന്ത് കിട്ടാതെ വലഞ്ഞു. മെസിയുടെ നിഴല്‍ മാത്രമായിരുന്നു ഗ്രൗണ്ടില്‍. അഗ്യൂറോ ആയിരുന്നു തമ്മില്‍ ഭേദം. പന്ത് കിട്ടിയപ്പോഴൊക്കെ വിദഗ്ധമായി ബോസ്നിയന്‍ പ്രതിരോധം മെസിയെ വളഞ്ഞു. മധ്യ നിരയുടെ നിയന്ത്രണം ഏറ്റെടുത്ത ബോസ്നിയ എഡില്‍ സെക്കോയിലൂടെ നിരന്തരം അര്‍ജന്റീനന്‍ ഗോള്‍ മുഖത്തെത്തി.12 ാം മിനുട്ടില്‍ ബോസ്നിയ ഗോളിന് അടുത്തെത്തിയെങ്കിലും അര്‍ജന്റീനിയന്‍ ഗോളി
സെര്‍ജിയോ റൊമീറോ വിലങ്ങ് തടിയായി. രണ്ടാം പകുതിയില്‍ മുന്നേറ്റത്തില്‍ ഹിഗ്വെയ്നെ കൂടി വിന്യസിക്കാനുള്ള സബേലയുടെ തന്ത്രം വിജയം കണ്ടു. മെസി ഉണര്‍ന്നു കളിച്ചതോടെ അര്‍ജന്റീന തിരിച്ചുവന്നു. തുടര്‍ച്ചയായ നീക്കങ്ങള്‍ക്കൊടുവില്‍ ലോകം ഒന്നാകെ കാത്തിരുന്ന നിമിഷം പിറന്നു. ഹിഗ്വെയ്നില്‍ നിന്നും സ്വീകരിച്ച പന്ത് മെസ്സി വലയിലേക്ക് തൊടുത്തു.2006 ല്‍ സെര്‍ബിയക്കെതിരായ ഗോളിന് ശേഷം മെസിയുടെ ആദ്യ ലോകകപ്പ് ഗോള്‍. അതോടെ ബോസ്നിയ എല്ലാം മറന്ന് ആക്രമിക്കാന്‍ തുടങ്ങി. നാല് മുന്നേറ്റ നിരക്കാരെ അണി നിരത്തി നടത്തിയ ശ്രമം ഒടുവില്‍ ഫലം കണ്ടു,84ാം മിനുട്ടില്‍ പകരക്കാരനായി ഇറങ്ങിയ ഇബിസെവിച്ച് ബോസ്നിയയുടെ ആദ്യ ലോകകപ്പ് ഗോള്‍ സ്വന്തമാക്കി. ഇഞ്ചുറി ടൈമില്‍ മെസി ഒരിക്കല്‍ കൂടി ഗോള്‍ മുഖത്ത് എത്തിയെങ്കിലും
ലക്ഷ്യത്തിലെത്തിയില്ല. ജയിക്കാനായില്ലെങ്കിലും കന്നി ലോകകപ്പ് മത്സരത്തില്‍ അര്‍ജന്റീനയെ വിറപ്പിച്ച ബോസ്നിയ തലയുയര്‍ത്തി തന്നെയാണ് ഗ്രൗണ്ട് വിട്ടത്.