മേയര്‍ക്കു മുന്നില്‍ കൗണ്‍സിലര്‍ കൈത്തണ്ട മുറിച്ചു

റോഡ് അറ്റകുറ്റപ്പണി ചെയ്യാന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടത്തിയിട്ടും നടപടിയുണ്ടാകാത്തതില്‍ മനം നൊന്തു കോര്‍പറേഷന്‍ വനിതാ കൗണ്‍സിലര്‍ മേയര്‍ക്കു മുന്നില്‍ കൈത്തണ്ട മുറിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ചു. കോഴിക്കോട് കോര്‍പറേഷന്‍ അത്താണിക്കല്‍ വാര്‍ഡിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ സി.എസ്. സത്യഭാമ (62) ആണ് കൗണ്‍സില്‍ യോഗങ്ങളിലും പുറത്തും മാസങ്ങളായി നടത്തുന്ന പോരാട്ടം ഫലം കാണാതെ കടുംകൈയ്ക്കു തുനിഞ്ഞത്.

ചോര വാര്‍ന്നൊഴുകിയിട്ടും ചികില്‍സയ്ക്കു വഴങ്ങാതെ മേയറുടെ ഓഫിസിനു മുന്നില്‍ ഇരുന്നു പ്രതിഷേധിച്ച സത്യഭാമയെ പിന്നീടു ജീവനക്കാരും മറ്റു കൗണ്‍സിലര്‍മാരും ചേര്‍ന്നു ബലം പ്രയോഗിച്ചു ബീച്ച് ജനറല്‍ ആശുപത്രിയിലേക്കും തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. അപകടനില തരണം ചെയ്‌തെങ്കിലും ചികില്‍സയോടു സഹകരിക്കാതെ ആശുപത്രിയിലും പ്രതിഷേധം തുടരുകയാണു കൗണ്‍സിലര്‍.

എല്‍ഡിഎഫ് മുന്നണി ഭരിക്കുന്ന കോര്‍പറേഷന്‍, ഏതാനും സിപിഎം അനുഭാവികളുടെ കുടുംബങ്ങള്‍ക്കു വേണ്ടി റോഡ് അറ്റകുറ്റപ്പണി തടസ്സപ്പെടുത്തുന്നു എന്ന പരാതിയില്‍ മേയര്‍ ഉള്‍പ്പെടെ നടപടിക്കു തയാറാകുന്നില്ലെന്നതാണ് ആരോപണം. വെസ്റ്റ്ഹില്‍ ചുങ്കം – അത്താണിക്കല്‍ ക്രോസ് റോഡിന്റെ ഒരു ഭാഗത്തു വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഏതാനും കുടുംബങ്ങള്‍ മണ്ണിട്ടു നികത്തിയതോടെ ഗതാഗതം താറുമാറായി. ഈ മണ്ണു നീക്കാനുള്ള പോരാട്ടമാണ് ഒന്നര വര്‍ഷമായി കൗണ്‍സിലര്‍ നടത്തുന്നത്.

കഴിഞ്ഞ 10നു ചേര്‍ന്ന കൗണ്‍സിലിലും സത്യഭാമ വിഷയം ഉന്നയിച്ചെങ്കിലും അന്വേഷിച്ചിട്ടു പറയാമെന്ന ഒഴുക്കന്‍ മറുപടിയില്‍ മേയര്‍ തീരുമാനം ഒതുക്കിയത്രെ. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഉച്ചഭക്ഷണത്തിനു ശേഷം കോര്‍പറേഷന്‍ ഓഫിസിലെ മുറിയിലേക്കു മേയര്‍ എ.കെ. പ്രേമജം പ്രവേശിക്കാന്‍ ഒരുങ്ങവെ വാതില്‍ക്കല്‍ കാത്തുനിന്ന സത്യഭാമ അവിടെ വച്ചും പ്രശ്‌നം ഉന്നയിക്കുകയും ഇടത്തേ കൈത്തണ്ട ബ്ലേഡ് കൊണ്ടു മുറിക്കുകയുമായിരുന്നു. രണ്ടു വട്ടം മുറിവേല്‍പ്പിച്ചു വീണ്ടും തുനിഞ്ഞപ്പോള്‍ ഓഫിസ് ജീവനക്കാര്‍ പിടിച്ചുമാറ്റി.

തുടര്‍ന്നു പ്രതിഷേധവുമായി മേയറുടെ മുറിക്കു പുറത്തുള്ള സന്ദര്‍ശക കസേരയിലിരുന്ന സത്യഭാമ, ആശുപത്രിയിലേക്കു പോകാന്‍ കൂട്ടാക്കിയില്ല. പിന്നീടു ജീവനക്കാരും മറ്റു കൗണ്‍സിലര്‍മാരും ബലം പ്രയോഗിച്ചാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. മേയറും സംഘവും സ്ഥലത്തെത്തി റോഡ് അറ്റകുറ്റപ്പണി ചെയ്യാമെന്ന് ഉറപ്പു നല്‍കിയല്ലാതെ ചികില്‍സയ്ക്കു വിധേയയാകില്ലെന്നു സത്യഭാമ ഉറച്ച നിലപാടെടുത്തതിനാല്‍ മുറിവു തുന്നിക്കെട്ടാന്‍ മെഡിക്കല്‍ കോളജിലും ഡോക്ടര്‍മാര്‍ക്കായില്ല.

അതേസമയം, കഴിഞ്ഞ മൂന്നു മാസത്തിനിടെ ഒരു പ്രശ്‌നവും ഉന്നയിച്ചു സത്യഭാമ തന്നെ കണ്ടിട്ടില്ലെന്നും ബ്ലേഡുമായി എത്തിയത് ആസൂത്രിത നാടകത്തിന്റെ ഭാഗമാണെന്നു സംശയിക്കുന്നതായും മേയര്‍ എ.കെ. പ്രേമജം പറഞ്ഞു. സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം പ്രവൃത്തികള്‍ക്കു കാലതാമസം വരുന്നത് എല്ലാ വാര്‍ഡിലെയും അവസ്ഥയാണ്. ഇതിന് ആത്മഹത്യാ ശ്രമം നടത്തുന്നതു ജനാധിപത്യപരമല്ലെന്നും അവര്‍ പറഞ്ഞു. രേഖാമൂലം പരാതി ലഭിച്ചിട്ടില്ലാത്തതിനാല്‍ സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്നു പൊലീസ് വ്യക്തമാക്കി.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close