പ്രധാനമന്ത്രി ബര്‍ലിനില്‍ എത്തി; ബ്രിക്‌സ് ഉച്ചകോടി നാളെ മുതല്‍

modi berlin

ബ്രസീലില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള യാത്രാമധ്യേ പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ എത്തി. ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലുമായി നേരത്തേ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും ലോകകപ്പ് ഫൈനല്‍ കാണാന്‍ അവര്‍ ബ്രസീലിന് പുറപ്പെട്ടതിനാല്‍ അത് നടന്നില്ല.

സമഗ്രവും സുസ്ഥിരവുമായ സാമ്പത്തികവളര്‍ച്ച കൈവരിക്കാനും പ്രാദേശിക- അന്താരാഷ്ട്രസമാധാനത്തിന് നേരേയുള്ള വെല്ലുവിളികള്‍ നേരിടാനും ബ്രിക്‌സ് കൂട്ടായ്മയ്ക്ക് നിര്‍ണായകപങ്ക് വഹിക്കാനാവുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ബ്രസീലില്‍ നടക്കുന്ന ആറാമത് ബ്രിക്‌സ് ഉച്ചകോടിക്കായി യാത്ര തിരിക്കുംമുമ്പ് നടത്തിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രിയുടെ അഭിപ്രായപ്രകടനം.
തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് ഫോര്‍ട്ടലേസ, ബ്രസീലിയ എന്നീ നഗരങ്ങളില്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാഷ്ട്രങ്ങളുടെ തലവന്മാര്‍ സമ്മേളിക്കുന്നത്. നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം പങ്കെടുക്കുന്ന ആദ്യ അന്താരാഷ്ട്ര ഉച്ചകോടിയാണിത്. അധികാരമേറ്റ ശേഷം പ്രധാനമന്ത്രി അയല്‍രാജ്യമായ ഭൂട്ടാനില്‍മാത്രമാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍ എന്നിവരുമായി മോദി ഉച്ചകോടിക്കിടെ ഉഭയകക്ഷിചര്‍ച്ചയും നടത്തും. ലോകത്തിന്റെ പലഭാഗത്തും രാഷ്ട്രീയാനിശ്ചിതത്വവും സംഘര്‍ഷങ്ങളും മാനവികമായ പ്രതിസന്ധികളും വര്‍ധിക്കുകയും ആഗോള സമ്പദ്വ്യവസ്ഥ ദുര്‍ബലമാവുകയും ചെയ്യുന്ന സമയത്താണ് ഉച്ചകോടി ചേരുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര നാണ്യനിധി(ഐ.എം.എഫ്)ക്കും ലോകബാങ്കിനും ബദലായി ബ്രിക്‌സ് രാഷ്ട്രങ്ങള്‍ മുന്നോട്ടു വെക്കുന്ന വികസനബാങ്കിനും സഞ്ചിത നിധിക്കും ഉച്ചകോടിയില്‍ പൂര്‍ണരൂപമാകുമെന്ന പ്രതീക്ഷ പ്രധാനമന്ത്രി പ്രകടിപ്പിച്ചു. ബ്രിക്‌സ് രാഷ്ട്രങ്ങളുടെ സാമ്പത്തികസുസ്ഥിരതയ്ക്ക് മാത്രമല്ല മറ്റു വികസ്വരരാജ്യങ്ങള്‍ക്കും വികസനബാങ്ക് പ്രയോജനകരമായിരിക്കും- അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോക- പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ചും ഉഭയകക്ഷി വിഷയങ്ങളെക്കുറിച്ചും മറ്റ് രാഷ്ട്രത്തലവന്മാരുമായി അര്‍ഥപൂര്‍ണമായ ചര്‍ച്ചകള്‍ക്ക് ഉച്ചകോടി അവസരമൊരുക്കുമെന്ന പ്രതീക്ഷയും മോദി പ്രകടിപ്പിച്ചു.

വാണിജ്യസഹമന്ത്രി നിര്‍മല സീതാരാമന്‍, ദേശീയസുരക്ഷാഉപദേഷ്ടാവ് എ.കെ. ഡോവല്‍, വിദേശസെക്രട്ടറി സുജാതാസിങ്, ധനകാര്യസെക്രട്ടറി അരവിന്ദ് മായാറാം എന്നിവരടങ്ങിയ ഉന്നതതല പ്രതിനിധി സംഘം പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. അര്‍ജന്റീന, ബൊളീവിയ, ചിലി, കൊളംബിയ, ഇക്വഡോര്‍, ഗയാന, പരാഗ്വേ, പെറു, സുരിനാം, ഉറുഗ്വായ്, വെനസ്വേല തുടങ്ങിയ രാഷ്ട്ര-ഭരണത്തലവന്മാരെയും ബ്രസീല്‍ പ്രസിഡന്‍റ് ദില്‍മാ റൂസഫ് ഉച്ചകോടിക്ക് ക്ഷണിച്ചിട്ടുണ്ട്. ഇവരുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തിയേക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close