ജനങ്ങളുടെ ഹൃദയം കീഴടക്കുമെന്ന പ്രതിജ്ഞയുമായി പ്രധാനമന്ത്രി .

modi kashmir

വികസനത്തിലൂടെ ജമ്മുകശ്മീരിലെ ജനങ്ങളുടെ ഹൃദയം കീഴടക്കുമെന്ന പ്രതിജ്ഞയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജമ്മുകശ്മീര്‍ സന്ദര്‍ശനം. ഹുറിയത്ത് കോണ്‍ഫ്രന്‍സ് അടക്കമുള്ള വിഘടനവാദികള്‍ ബന്ദാഹ്വാനംചെയ്ത പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിക്ക് ഒരുക്കിയിരുന്നത്. തന്റെ ആദ്യസന്ദര്‍ശനത്തില്‍ ഭരണഘടനയുടെ 370-ാം വകുപ്പുപോലുള്ള വിവാദ വിഷയങ്ങള്‍ മോദി പരാമര്‍ശിച്ചേയില്ല.

വൈഷ്‌ണോദേവി ക്ഷേത്രത്തിലെത്തുന്ന തീര്‍ഥാടകര്‍ക്ക് സഹായകമായവിധം നിര്‍മിച്ച കത്ര-ഉധംപുര്‍ തീവണ്ടിപ്പാതയുടെ ഉദ്ഘാടനമായിരുന്നു പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി. ഏഴ് തുരങ്കങ്ങളും ചെറുതും വലുതുമായ മുപ്പതോളം പാലങ്ങളും ഉള്‍പ്പെടുന്ന 25 കി.മി പാത 1,132.75 കോടി രൂപ ചെലവിലാണ് നിര്‍മിച്ചത്. കത്ര-ന്യൂഡല്‍ഹി റൂട്ടിലാരംഭിച്ച ശ്രീശക്തി എക്‌സ്പ്രസ് വണ്ടിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

‘ ഇത് വെറുമൊരു യാത്രാമാര്‍ഗം മാത്രമല്ല. അടിസ്ഥാനസൗകര്യമെന്നത് വികസനത്തിന്റെ അമ്മയാണ്. വികസനത്തിലൂടെ ജമ്മുകശ്മീരിലെ ജനങ്ങളുടെ ഹൃദയം കീഴടക്കണമെന്നാണ് എന്റെ ആഗ്രഹം” -പ്രധാനമന്ത്രി പറഞ്ഞു. വൈഷ്‌ണോദേവി ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് മാത്രമല്ല, പ്രദേശത്തിന്റെ വികസനത്തിനും പുതിയ തീവണ്ടിപ്പാത സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കശ്മീര്‍ താഴ്വരയെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കൂടുതല്‍ തീവണ്ടിപ്പാതകള്‍ നിര്‍മിക്കുമെന്നും മോദി പറഞ്ഞു.

സംസ്ഥാനത്തെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയി വഹിച്ച പങ്ക് പ്രധാനമന്ത്രിയും ചടങ്ങില്‍ പ്രസംഗിച്ച കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും അനുസ്മരിച്ചു. റെയില്‍വേ മന്ത്രി സദാനന്ദഗൗഡയും ചടങ്ങില്‍ പങ്കെടുത്തു.

പുതിയ പാത തുറന്നതോടെ തീര്‍ഥാടകര്‍ക്ക് ഇനി നേരിട്ട് കത്രയില്‍നിന്ന് വൈഷ്‌ണോദേവി ക്ഷേത്രത്തിലെത്താം. റെയില്‍വേസ്റ്റേഷനില്‍ നിന്ന് 14 കി.മീ.മാത്രം അകലെയാണ് ക്ഷേത്രം. മുമ്പ് ജമ്മുവരെ മാത്രമേ തീവണ്ടിസൗകര്യം ഉണ്ടായിരുന്നുള്ളു. അവിടെനിന്ന് ബസ്സില്‍ കത്രയിലെത്തിയ ശേഷമായിരുന്നു ക്ഷേത്രത്തിലേക്ക് പോയിരുന്നത്.

കത്രയിലെ ചടങ്ങിനുശേഷം ശ്രീനഗറിലെത്തിയ പ്രധാനമന്ത്രി ബദോമി ബാഗ് കന്റോണ്‍മെന്റിലെത്തി സൈനികരെ അഭിസംബോധനചെയ്തു. പിന്നീട് ഉറിയില്‍ ജലവൈദ്യുതിപദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഗവര്‍ണര്‍ എന്‍.എന്‍. വോറ അടക്കമുള്ള പ്രമുഖര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു.

പ്രധാനമന്ത്രിയായ ശേഷം ആദ്യമായി സംസ്ഥാനത്തെത്തുന്ന മോദിയെ സ്വാഗതം ചെയ്ത് ശ്രീനഗര്‍ നഗരത്തിന്റെ പല ഭാഗത്തും വന്‍ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍. ബന്ദാഹ്വാനത്തെത്തുടര്‍ന്ന് കടകളും സ്ഥാപനങ്ങളും അടഞ്ഞുകിടന്നു.
ഹുറിയത്ത് കോണ്‍ഫ്രന്‍സിന്റെ ഇരു വിഭാഗത്തിന്റെയും മുതിര്‍ന്ന നേതാക്കളെ മുന്‍കരുതല്‍ എന്ന നിലയില്‍ പോലീസ് വീട്ടു തടങ്കലിലാക്കിയിരുന്നു. ജെ.കെ.എല്‍.എഫ്. ചെയര്‍മാന്‍ മുഹമ്മദ് യാസീന്‍ മാലിക്കും അറസ്റ്റിലായവരില്‍പ്പെടുന്നു.

അതിനിടെ, ഷോപിയാന്‍ ജില്ലയിലെ നവോദയ വിദ്യാലയത്തിന് മുന്നില്‍ കാവലുണ്ടായിരുന്ന പോലീസിനുനേരെ തീവ്രവാദികള്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close