മോദി യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി സപ്തംബറില്‍ യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും. വിദേശകാര്യ പ്രതിനിധികളുടെ സമിതി ചെയര്‍മാനായ എഡ് റോയ്‌സ് മോദിയെ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ ജോണ്‍ ബൊഹ് നര്‍ക്ക് കത്തെഴുതി. എന്നാല്‍ കത്തിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഒമ്പതുകൊല്ലം മുമ്പ് മോദിക്ക് വിസ നിഷേധിച്ച അമേരിക്ക, അദ്ദേഹത്തെ രണ്ടുംകൈയും നീട്ടി സ്വീകരിക്കുന്നുവെന്ന പ്രത്യേകതയും ഇതിലുണ്ട്. ഒബാമയും മോദിയും സപ്തംബര്‍ അവസാനവാരം നടക്കുന്ന ചര്‍ച്ച നയതന്ത്രരംഗത്ത് നിര്‍ണായകമായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍.

എന്‍.ഡി.എ. അധികാരത്തിലേറിയപ്പോള്‍ ബരാക് ഒബാമ നരേന്ദ്രമോദിയെ വിളിച്ച് അഭിനന്ദിക്കുകയും അമേരിക്കയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ന്യൂയോര്‍ക്കില്‍ സപ്തംബറില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുയോഗത്തിനിടയിലുള്ള കൂടിക്കാഴ്ചക്ക് പകരം, യു.എസ്. തലസ്ഥാനമായ വാഷിങ്ടണില്‍ ഇരുനേതാക്കളും കണ്ടുമുട്ടുന്നുവെന്നതും ശ്രദ്ധേയമാണ്. ഐക്യരാഷ്ട്രസഭാ പൊതുയോഗത്തിനിടെ ഉഭയകക്ഷി ചര്‍ച്ചകള്‍ അമേരിക്ക സാധാരണ പ്രോത്സാഹിപ്പിക്കാറില്ല. മന്‍മോഹന്‍ സിങ്ങിനുവേണ്ടി കഴിഞ്ഞകൊല്ലം ഈ നിലപാടില്‍ അയവുവരുത്തിയിരുന്നു.

വീണ്ടുമൊരിക്കല്‍ക്കൂടി ഉഭയകക്ഷി ചര്‍ച്ചയ്ക്ക് അമേരിക്ക തയ്യാറാകുന്നത് പ്രശ്‌നങ്ങള്‍ മറന്ന് ഇന്ത്യയുമായുള്ള ബന്ധം മുന്നോട്ടുകൊണ്ടുപോകണമെന്ന താത്പര്യത്തെയാണ് സൂചിപ്പിക്കുന്നത്.

Show More

Related Articles

Close
Close