മോസ്‌കോയില്‍ മെട്രോ തീവണ്ടി പാളം തെറ്റി 19 പേര്‍ മരിച്ചു

റഷ്യയില്‍ മോസ്‌കോ മെട്രോയില്‍ തീവണ്ടി പാളംതെറ്റി 19 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. റഷ്യയില്‍ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ തീവണ്ടിയപകടമാണിത്.
തീവണ്ടി പെട്ടന്ന് ബ്രേക്കിട്ടതാണ് അപകടകാരണം. മൂന്ന് ബോഗികളാണ് അപകടത്തില്‍പ്പെട്ടത്. ഈ ബോഗികളിലുണ്ടായവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് ആസ്പത്രികളിലെത്തിച്ചു. ആസ്പത്രിയില്‍ ചികിത്സയിലുള്ളവരില്‍ ഏറെപ്പേരും ഗുരുതരാവസ്ഥയിലാണ്.
സംഭവസ്ഥലത്ത് പുകപരന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. |അപകടത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിക്കാന്‍ 24 മണിക്കൂറെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അപകടം നടന്നയുടന്‍ മോസ്‌കോ മേയര്‍ സെര്‍ജി സോബിയാന്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
വൈദ്യുതിബന്ധം കുറഞ്ഞതായ തെറ്റായ അലാറം അടിഞ്ഞപ്പോള്‍ ഡ്രൈവര്‍ ബ്രേക്കിട്ടതാകാം അപകടകാരണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക നിഗമനം. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിനിടയാക്കിയതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
മോസ്‌കോ മെട്രോ ട്രെയിനിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യ പിഴവ് മൂലമുള്ള അപകടമാണിതെന്ന് അടിസ്ഥാനവികസനകാര്യ വിദഗ്ധന്‍ അലക്‌സി കസ്ബിയവ് പറഞ്ഞു. യാത്രക്കാര്‍ വര്‍ധിക്കുമ്പോഴും മെട്രോയുടെ നവീകരണവും വികസനവും അധികൃതര്‍ അവഗണിക്കുകയാന്നെന്നും അദ്ദേഹം ആരോപിച്ചു.
1935-ല്‍ സ്റ്റാലിന്റെ കാലത്താണ് മോസ്‌കോ മെട്രോ ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ മെട്രോ സര്‍വീസാണിത്. 90 ലക്ഷം യാത്രക്കാരാണ് ഓരോ വര്‍ഷവും ഇതില്‍ യാത്രചെയ്യുന്നത്. ഇതിനുമുമ്പ് 1982-ലാണ് മോസ്‌കോ മെട്രോയില്‍ ഏറ്റവും വലിയ അപകടമുണ്ടായത്. എസ്‌കലേറ്റര്‍ തകര്‍ന്ന് അന്ന് എട്ടുപേരാണ് മരിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close