മോദിയുടെ ചടങ്ങുകളിലേക്ക് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഇല്ല

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചടങ്ങുകളില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പങ്കെടുക്കില്ല. മോദിയോടൊപ്പം വേദികളിലെത്തുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ കൂവി അപമാനിക്കാന്‍ ആസൂത്രിതവും സംഘടിതവുമായ ശ്രമം നടത്തുകയാണെന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഇതു തടയാന്‍ മോദി ശ്രമിക്കുന്നുമില്ല.

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മെട്രോ റയില്‍ പദ്ധതിക്കു ഇന്നലെ പ്രധാനമന്ത്രി തറക്കല്ലിടുന്ന ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന് മഹരാഷ്ട്രാ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ തീരുമാനിച്ചതിനെ കോണ്‍ഗ്രസ് ന്യായീകരിച്ചു. മുഖ്യമന്ത്രിയുടെ നടപടി നിര്‍ഭാഗ്യകരമെന്നു പ്രതികരിച്ച ബിജെപി സംസ്ഥാന ഘടകം പൃഥ്വിരാജ് ചവാന്‍ വിദര്‍ഭയിലെ ജനങ്ങളെയൊന്നാകെ അപമാനിക്കുകയും അവഗണിക്കുകയും ചെയ്യുകയാണെന്ന പ്രചാരണവും തുടങ്ങി. മോദിയെ കരിങ്കൊടി കാട്ടിയതിനു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ചടങ്ങുകളില്‍ ജാര്‍ക്കണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ (ജെഎംഎം), ഹരിയാന മുഖ്യമന്ത്രി ഭുപീന്ദര്‍ സിങ് ഹൂഡ (കോണ്‍ഗ്രസ്), മഹരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ (കോണ്‍ഗ്രസ്) എന്നിവരെ മോദിയുടെ മുന്നില്‍വച്ചു ബിജെപിക്കാന്‍ കൂവി വിളിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. മോദി പങ്കെടുക്കുന്ന യോഗങ്ങളില്‍ ഇനി പങ്കെടുക്കില്ലെന്ന് ഹൂഡ വ്യക്തമാക്കുകയും ചെയ്തു.

അപമാനിക്കല്‍ ബിജെപി ബോധപൂര്‍വം ആസൂത്രിതമായി ചെയ്യുന്നതാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അംബികാ സോണി കുറ്റപ്പെടുത്തി. തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരെ അപമാനിക്കാനും അവഹേളിക്കാനും ആര്‍ക്കും അധികാരമില്ല. ബിജെപി പ്രവര്‍ത്തകരോട് ഇങ്ങനെ ചെയ്യരുതെന്ന് മോദി വിലക്കേണ്ടതാണ്. അദ്ദേഹം അതു ചെയ്യാത്തതു തന്നെ ഇത് ആസൂത്രിതമാണെന്ന് വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഈ അപമാനം സഹിക്കേണ്ട കാര്യമില്ല എന്നാണ് പാര്‍ട്ടിയുടെ തീരുമാനം. എന്നാല്‍, പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ പോകരുതെന്ന് പാര്‍ട്ടി ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രിമാര്‍ അങ്ങനെ തീരുമാനിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ലെന്നും അംബികാ സോണി പറഞ്ഞു.

ഇതേസമയം, മോദിക്കൊപ്പം വേദി പങ്കിടുന്ന പ്രതിപക്ഷ മുഖ്യമന്ത്രിമാരെ കൂവിയിരുത്തുന്നതു ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ തന്ത്രമാണെന്ന് ആക്ഷേപമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പരിപാടികള്‍ക്കു തിരഞ്ഞെടുപ്പു പ്രചാരണ റാലികളുടെ സ്വഭാവം കൈവന്നതില്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് ആശങ്കയുണ്ട്.

സംസ്ഥാന സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരമിളക്കാനും പ്രധാനമന്ത്രിക്കു മുന്നില്‍ മുഖ്യമന്ത്രിയെ കൂവിയിരുത്തി എതിരാളികളുടെ മനോവീര്യം തകര്‍ക്കാനും ശ്രമമുണ്ട്. തിരഞ്ഞെടുപ്പു റാലികളിലേതു പോലെ ‘മോദി മോദി ആരവമുയര്‍ത്തിയാണു ബിജെപി അണികള്‍ സര്‍ക്കാര്‍ ചടങ്ങുകളിലും പങ്കെടുക്കുന്നത്.
പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ മുഖ്യമന്ത്രിമാരെ ജനം കൂവുന്നതില്‍ ബിജെപിക്കു പങ്കില്ലെന്നു പാര്‍ട്ടി വക്താവ് നളിന്‍ കോലി പ്രതികരിച്ചു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close