യുഎന്‍ രക്ഷാസമിതി സ്ഥിരാംഗത്വം: ഇന്ത്യയ്ക്ക് പിന്തുണയുമായി ബ്രിട്ടന്‍

 

ഇന്ത്യയെ സ്ഥിരാംഗമായി ഉള്‍പ്പെടുത്തി യുഎന്‍ രക്ഷാസമിതി വിപുലീകരിക്കണമെന്നു ബ്രിട്ടന്‍ വ്യക്തമാക്കി. ബ്രിട്ടിഷ് വിദേശകാര്യമന്ത്രി വില്യം ഹേഗ്, ധനമന്ത്രി ജോര്‍ജ് ഓസ്ബോണ്‍ എന്നിവര്‍ നാളെ മുതല്‍ നടത്തുന്ന ദ്വിദിന ഇന്ത്യാ സന്ദര്‍ശനത്തിനു മുന്നോടിയായി ഇരുവരും പുറത്തിറക്കിയ പ്രത്യേക കുറിപ്പിലാണ് ഈ നിര്‍ദേശം.

വ്യാപാര, വിദ്യാഭ്യാസ, നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ്, കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് ഒന്നര മാസത്തിനകം ഉന്നതതല ബ്രിട്ടിഷ് സംഘം ഇന്ത്യയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ധന/പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി തുടങ്ങിയവരുമായി ഇരുവരും കൂടിക്കാഴ്ച നടത്തും.

ഇന്ത്യയില്‍ നടന്ന, മാനവരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് ലോകമൊന്നടങ്കം സാകൂതം വീക്ഷിക്കുകയായിരുന്നു. മാറ്റത്തിനാണു ജനങ്ങള്‍ വോട്ട് നല്‍കിയത്. വളര്‍ച്ചയ്ക്കും വികസനത്തിനും പ്രധാനമന്ത്രി മുന്നോട്ടുവയ്ക്കുന്ന പദ്ധതിയുമായി കൈകോര്‍ക്കാന്‍ ബ്രിട്ടന്‍ സന്നദ്ധമാണ് – ഇരുവരും വ്യക്തമാക്കി.

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്താന്‍ ഒട്ടേറെ നടപടികളെടുത്തു. അന്‍പതിലധികം മന്ത്രിതല സന്ദര്‍ശനങ്ങള്‍ നടത്തി. ഉഭയകക്ഷി വ്യാപാരം 2009ലേതിനെക്കാള്‍ 50% വര്‍ധിച്ചു. ബ്രിട്ടിഷ് കമ്പനികള്‍ ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകരായി. കുറച്ചുവര്‍ഷമായി ബ്രിട്ടനില്‍ ഇന്ത്യക്കാര്‍ നടത്തുന്ന നിക്ഷേപം യൂറോപ്യന്‍ യൂണിയനിലെ മറ്റെല്ലാ രാജ്യക്കാരും നടത്തുന്ന മൊത്തം നിക്ഷേപത്തെക്കാള്‍ വലുതാണ്. വ്യാപാരരംഗത്ത് ഇനിയും സാധ്യതകളുണ്ട്. ഇന്ത്യയുടെ 150ല്‍ ഒരു അംശം വലുപ്പം മാത്രമുള്ള സ്വിറ്റ്സര്‍ലന്‍ഡില്‍ വില്‍ക്കുന്നതിനെക്കാള്‍ കുറച്ച് ഉല്‍പന്നങ്ങള്‍ മാത്രമേ ബ്രിട്ടിഷ് കമ്പനികള്‍ ഇപ്പോഴും ഇന്ത്യയില്‍ വില്‍ക്കുന്നുള്ളൂ. അതുപോലെ, കൂടുതല്‍ ഇന്ത്യന്‍ കമ്പനികള്‍ ബ്രിട്ടനിലുമെത്തണം.

പുതിയ നൂറു നഗരങ്ങള്‍ നിര്‍മിക്കാനുള്ള ഇന്ത്യയുടെ പദ്ധതിക്കു പിന്തുണ നല്‍കാന്‍ ബ്രിട്ടനു കഴിയും. ലോകനിലവാരത്തിലുള്ള ബ്രിട്ടിഷ് കമ്പനികള്‍ക്ക് ഇന്ത്യയിലെ റോഡ്, റയില്‍വേ, തുറമുഖം, വിമാനത്താവളം, വ്യോമമേഖല, പ്രതിരോധം തുടങ്ങിയ രംഗങ്ങളിലെല്ലാം മികച്ച പങ്കാളിത്തം വഹിക്കാന്‍ കഴിയും.

അഞ്ചു വര്‍ഷത്തിനിടെ ഒരുലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളും ഗവേഷകരുമാണു ബ്രിട്ടനില്‍ ഉപരിപഠനത്തിനെത്തിയത്. യോഗ്യരായ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ ഒരു നിയന്ത്രണവുമുണ്ടാകില്ല. തൊഴില്‍രംഗത്തും ഇതുതന്നെയാണു നയം. ഇന്ത്യയുമായി ചേര്‍ന്നു വിവിധ രംഗങ്ങളിലെ ഗവേഷണത്തിനായി അഞ്ചുകോടി പൌണ്ട് (500 കോടി രൂപ) മാറ്റിവച്ചിട്ടുണ്ട്.

ഭീകരതയ്ക്കെതിരായ പോരാട്ടം, കാലാവസ്ഥാ വ്യതിയാനം നേരിടല്‍, ഏഷ്യന്‍ മേഖലയിലെ സമാധാനം തുടങ്ങിയ പൊതുതാല്‍പര്യമുള്ള മേഖലകളില്‍ ഒന്നിച്ചുനില്‍ക്കാന്‍ ഇന്ത്യയ്ക്കും ബ്രിട്ടനും സാധിക്കും. രാജ്യാന്തര രംഗത്തു സമാധാനപൂര്‍ണമായ അന്തരീക്ഷമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. തങ്ങളുടെ രക്ഷാസമിതി സ്ഥിരാംഗത്വവും വിപുലമായ നയതന്ത്രബന്ധങ്ങളും വഴി ബ്രിട്ടന്‍ ഇതിന് അവസരമൊരുക്കും. ആഗോളരംഗത്ത് ഇന്ത്യയുമായി കൂടുതല്‍ അടുത്തു പ്രവര്‍ത്തിക്കാനാണ് ആഗ്രഹം. അതിന്, ഇന്ത്യയ്ക്കു സ്ഥിരാംഗത്വത്തോടെ വിപുലീകൃതമായ യുഎന്‍ രക്ഷാസമിതി വേണം – വില്യം ഹേഗും ജോര്‍ജ് ഒാസ്ബോണും വ്യക്തമാക്കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close