യുക്രൈനില്‍ അഭയാര്‍ഥി വാഹനങ്ങള്‍ക്ക് നേരെ ആക്രമണം: 15 മരണം

സംഘര്‍ഷം തുടരുന്ന കിഴക്കന്‍ യുക്രൈനില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 15 പേര്‍ മരിച്ചു. റഷ്യന്‍ അനുകൂല വിമതര്‍ക്ക് സ്വാധീനമുള്ള ലൂഹാന്‍സ്‌ക് മേഖലയിലാണ് സംഭവം.

നഗരത്തിന്റെ നിയന്ത്രണത്തിനായി യുക്രൈന്‍ സൈന്യവും റഷ്യന്‍ അനുകൂലികളും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. തന്ത്രപരമായ നീക്കങ്ങളിലൂടെ നഗരത്തിന്റെ ഭൂരിഭാഗവും തിരിച്ചുപിടിച്ചതായി യുക്രൈന്‍ സൈനിക വക്താക്കള്‍ അവകാശപ്പെട്ടു.

ഏറ്റുമുട്ടലിനെത്തുടര്‍ന്ന് മേഖലയില്‍ നിന്ന് പലായനം ചെയ്തവരുടെ വാഹനങ്ങള്‍ക്ക് നേരെ തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ആക്രമണം ഉണ്ടായത്. സാധാരണക്കാരാണെന്ന് വ്യക്തമാക്കുന്നതിന് വാഹനത്തില്‍ വെള്ള പതാകയും സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇതുവകവെക്കാതെ റഷ്യന്‍ അനുകൂലികള്‍ ആക്രമണം നടത്തുകയായിരുന്നെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപിച്ചു.

ഇവര്‍ സഞ്ചരിച്ചിരുന്ന ബസ്സുകള്‍ക്കും കാറുകള്‍ക്കും നേരെ റോക്കറ്റ് ഉപയോഗിച്ചായിരുന്നു ആക്രമണം. മരിച്ച 15 പേരുടെ മൃതദേഹങ്ങളും മേഖലയില്‍ നിന്ന് കണ്ടെടുത്തു. സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടവരില്‍പ്പെടും. എന്നാല്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനാല്‍ മൃതദേഹങ്ങള്‍ ഇവിടെനിന്ന് മാറ്റാനാവാത്ത സ്ഥിതിയാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close