യുവതിയെ ഫോണിലൂടെ ശല്യം ചെയ്ത കൊലക്കേസ് പ്രതി അറസ്റ്റില്‍

തിരുവല്ല: ബലാത്സംഗം ചെയ്ത് യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മറ്റൊരു യുവതിയെ ഫോണിലൂടെ ശല്യം ചെയ്ത കേസില്‍ അറസ്റ്റില്‍. കൊല്ലം നിലമേല്‍ വളയിടം ചേറാട്ടുകുഴി ഷീജാഭവനില്‍ പ്രശാന്തിനെയാണ്(30) തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്.

ഇരവിപേരൂര്‍ കോഴിമല സ്വദേശിനി സൈബര്‍സെല്ലിന് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 13 മുതല്‍ ഇയാള്‍ വ്യാജ സിം കാര്‍ഡ് ഉപയോഗിച്ച് യുവതിയെ വിളിച്ച് ശല്യംചെയ്തുവരികയായിരുന്നു. ജൂലായില്‍ യുവതി സൈബര്‍സെല്ലില്‍ പരാതി നല്‍കി. ലോക്കല്‍ പോലീസിന് കൈമാറിയ പരാതിയില്‍ മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത്.

കളഞ്ഞുകിട്ടിയ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് സിം കാര്‍ഡ് എടുത്തും സുഹൃത്ത് നല്‍കിയ സിം കാര്‍ഡ് ഉപയോഗിച്ചുമാണ് ഇയാള്‍ സ്ത്രീകളെ വിളിച്ച് ശല്യം ചെയ്തിരുന്നത്. കടയ്ക്കലിലെ വര്‍ക്ക്‌ഷോപ്പില്‍ വെല്‍ഡറായി ജോലി ചെയ്തിരുന്ന ഇയാള്‍ തിരുവനന്തപുരം സ്വദേശി മനു ശങ്കറിന്റെ കളഞ്ഞുകിട്ടിയ ഡ്രൈവിങ് ലൈസന്‍സ് നല്‍കിയാണ് ഒരു സിം കാര്‍ഡ് എടുത്തത്. സുഹൃത്തായ രാജു അയാളുടെ പേരിലെടുത്ത 2 സിം കാര്‍ഡുകള്‍ പ്രശാന്തിന് ഉപയോഗിക്കുന്നതിന് നല്‍കിയിരുന്നതായും പോലീസ് കണ്ടെത്തി.

മോബൈല്‍ ഫോണ്‍ മുഖേനെ പരിചയപ്പെട്ട ചാലക്കുടി സ്വദേശിനി മാഗി റോഡ്രിഗ്‌സിനെ 2008ല്‍ ആതിരപ്പള്ളി ചിക്ലായി വനപ്രദേശത്ത് എത്തിച്ച് സുഹൃത്തുമായി ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ് പ്രശാന്ത്. വെറ്റിലപ്പാറ പോലീസ് ചാര്‍ജ് ചെയ്ത കേസിന്റെ വിചാരണ നടക്കുകയാണ്. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് തിരുവല്ല പോലീസ് പ്രശാന്തിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആള്‍മാറാട്ടം നടത്തി സിം കാര്‍ഡ് എടുത്തത് കടയ്ക്കല്‍ പോലീസ് സ്റ്റേഷന്റെ പരിധിയിലായതിനാല്‍ പ്രതിയെ അവിടേക്ക് കൈമാറും.

എസ്.ഐ. വിനോദ് കൃഷ്ണന്‍, എ.എസ്.ഐ. പി.ഡി.സലിം, സി.പി.ഒ. വിനോദ്കുമാര്‍, ജയമോന്‍, ഷാഡോ പോലീസുകാരനായ അജികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close