യുവതി ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്‍മാറി; മല കയറണമെന്ന് ഭര്‍ത്താവ്

ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയ ചേര്‍ത്തല സ്വദേശിനി അഞ്ജു മല കയറുന്നതില്‍നിന്ന് പിന്‍മാറിയതായി സൂചന. എന്നാല്‍, യുവതിക്കും രണ്ട് മക്കള്‍ക്കുമൊപ്പം മല കയറണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഭര്‍ത്താവ്.

അതേസമയം, യുവതി സന്നിധാനത്തേക്ക് പോകുന്നില്ലെന്ന് എസ്.പി രാഹുല്‍ ആര്‍ നായര്‍ അറിയിച്ചിട്ടുണ്ട്. ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നതിന് തൊട്ടുപിന്നാലെയാണ് അഞ്ജു ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം പമ്പയിലെത്തിയത്. സന്നിധാനത്ത് എത്താന്‍ സുരക്ഷ നല്‍കണമെന്ന് ഇവര്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.

സന്നിധാനത്തെ സ്ഥിതിഗതികള്‍ പോലീസ് യുവതിയെ പറഞ്ഞു മനസിലാക്കി. ഇതോടെ ഭര്‍ത്താവ് പറഞ്ഞാല്‍ മടങ്ങിപ്പോകാമെന്ന നിലപാടില്‍ യുവതി എത്തി. എന്നാല്‍, യുവതിക്കൊപ്പം ദര്‍ശനം നടത്തണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഭര്‍ത്താവ്. യുവതിയുടെ കുടുംബാംഗങ്ങള്‍ അടക്കമുള്ളവരുമായി പൊലീസ് സംസാരിച്ചിരുന്നു.

ദര്‍ശനത്തിന് യുവതി എത്തിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ പമ്പയില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. കെ.പി ശശികലയുടെ നേതൃത്വത്തില്‍ പമ്പ ഗണപതി കോവിലിന് സമീപമാണ് ശരണമന്ത്രങ്ങള്‍ ജപിച്ചുകൊണ്ടുള്ള പ്രതിഷേധം നടക്കുന്നത്.

Show More

Related Articles

Close
Close