യു.എസ്. സൈനികര്‍ ബാഗ്ദാദില്‍

അല്‍ ഖ്വെയ്ദ ബന്ധമുള്ള സുന്നി ഭീകരരുടെ മുന്നേറ്റം തടയുന്നതിന് ഇറാഖ് സൈന്യത്തെ സഹായിക്കാന്‍ കമാന്‍ഡൊകള്‍ ഉള്‍പ്പെട്ട അമേരിക്കയുടെ പ്രത്യേക സംഘം ബാഗ്ദാദിലെത്തി. ബാഗ്ദാദിലും ഭീകരര്‍ പിടിമുറക്കിയ വടക്കന്‍ ഖേലയിലും ഇറാഖ് സൈന്യവുമായി ചേര്‍ന്ന് ഓരോ സംയുക്ത സൈനിക കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള തയ്യാെറടുപ്പുകള്‍ ഇവര്‍ ആരംഭിച്ചു. ഇറാഖില്‍ യു.എസ്. സൈനിക നടപടിയുണ്ടാകുമെന്ന വാര്‍ത്തകള്‍ക്ക് ശക്തിപകരുന്നതാണ് ഈ നീക്കം. അതേസമയം ഭീകരര്‍ക്കെതിരെ ഇറാഖ് സൈന്യം നടത്തുന്ന ചെറുത്തുനില്പ് വിലയിരുത്താനാണ് സംഘത്തെ അയച്ചതെന്നാണ് യു.എസ്. പ്രതിരോധ വൃത്തങ്ങളുടെ വിശദീകരണം. ഇറാന്‍ ആളില്ലാ വിമാനം അയച്ചതായും റിപ്പോര്‍ട്ടുണ്ട്.

യു.എസ്. സെനറ്റര്‍മാരും ഒബാമ ഭരണകൂടത്തിലെ ഉന്നതരും വാഷിങ്ടണില്‍ യോഗം ചേര്‍ന്ന് ഇറാഖിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. ഇറാഖ് പ്രശ്‌നത്തില്‍ നിലപാടെടുക്കുന്നതിന് നാറ്റോ യോഗവും ബ്രസല്‍സില്‍ തുടരുകയാണ്. വടക്കുപടിഞ്ഞാറന്‍ മേഖലയിലെ അഞ്ച് പ്രവിശ്യകള്‍ പിടിച്ചെടുത്ത ഭീകരര്‍ ബുധനാഴ്ച ബാഗ്ദാദിന് 90 കിലോമീറ്റര്‍ മാത്രം അകലെയുള്ള യാത്രിബ് നഗരത്തില്‍ എത്തി. നഗരം പിടിച്ചെടുക്കുന്നതിന് രൂക്ഷമായ പോരാട്ടം തുടരുകയാണ്. രാജ്യത്തെ ഏറ്റവും വലിയ വ്യോമതാവളമായ ബാലാദിലുള്ള ‘ക്യാമ്പ് അനാക്കൊണ്ട’ ഭീകരര്‍ ആക്രമിച്ചു. യു.എസ്. സഹായത്തോടെയുള്ള വ്യോമതാവളം മൂന്ന് വശത്ത് നിന്നും ഭീകരര്‍ വളഞ്ഞിരിക്കുകയാണ്. 2003-ല്‍ സദ്ദാം ഭരണകൂടത്തിനെതിരെ നടന്ന യുദ്ധത്തിന്റെ കാലത്ത് അമേരിക്ക സ്ഥാപിച്ചതാണ് ഈ താവളം. വടക്കന്‍ മേഖലയിലെ ഹുസൈനിയയിലുള്ള ഷിയകളുടെ രണ്ട് ആത്മീയ കേന്ദ്രങ്ങള്‍ ഭീകരര്‍ ബുധനാഴ്ച ബോംബിട്ട് തകര്‍ത്തു. ഷിയ ഭരണകൂടത്തിനെതിരായ പോരാട്ടത്തില്‍ പങ്കുചേരുമെന്ന് ഇറാഖ് അതിര്‍ത്തിയിലുള്ള സിറിയന്‍ നഗരമായ അല്‍ബു കമാലിലെ അല്‍ഖ്വെയ്ദ ഘടകം പ്രഖ്യാപിച്ചു.

ഭീകരര്‍ക്കെതിരെ ഇറാഖ് സൈന്യത്തെ സഹായിക്കുന്നതിന് ഇറാന്‍ പൈലറ്റില്ലാ വിമാനങ്ങള്‍ അയച്ചതായി റിപ്പോര്‍ട്ടുണ്ട്. ബാഗ്ദാദിലിലെ വ്യോമതാവളത്തില്‍ നിന്ന് ദിവസേന 70 ടണ്‍ യുദ്ധസാമഗ്രികള്‍ ഇത്തരം വിമാനങ്ങളില്‍ കൊണ്ടുപോകുന്നതായി യു.എസ്. പ്രതിരോധ വൃത്തങ്ങളാണ് വെളിപ്പെടുത്തിയത്. ഇറാന്‍ സൈനിക മേധവി ജനറല്‍ ക്വാസിം സുലൈമാനി രണ്ടുവട്ടം ബാഗ്ദാദിലെത്തി ഇറാഖ് സൈനിക മേധാവികളുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇറാഖ് സൈനിക വൃത്തങ്ങള്‍ ഈ വാര്‍ത്ത തള്ളി.

കമാന്‍ഡൊകള്‍ക്ക് പുറമെ 90 സൈനിക ഉപദേശകരും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമടങ്ങിയ യു.എസ്. സൈനിക സംഘം ചൊവ്വാഴ്ചയാണ് ഇറാഖിലെത്തിയത്. 130 പേരാണ് സംഘത്തിലുള്ളത്. വരും ദിവസങ്ങളില്‍ നാല് സംഘങ്ങള്‍കൂടി ഇറാഖിലെത്തുമെന്ന് യു.എസ്. നാവിക സേന അഡ്മിറല്‍ ജനറല്‍ ജോണ്‍ കിര്‍ബി പറഞ്ഞു. അല്‍ഖ്വെയ്ദ ബന്ധമുള്ള ഇസ് ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലവന്റ് (ഐ.എസ്.ഐ.എല്‍.) ഭീകരരെ നേരിടുന്നതിന് അമേരിക്ക വ്യോമാക്രമണം നടത്തണമെന്ന് ഇറാഖ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തത്കാലം സൈനിക നടപടി വേണ്ടെന്നായിരുന്നു അമേരിക്കയുടെ ആദ്യ നിലപാട്. കൂടുതല്‍ സംഘത്തെ അയച്ചത് സൈനിക ഇടപെടല്‍ നടത്താനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. എംബസിയുടെ സുരക്ഷയ്‌ക്കെന്നപേരില്‍ നേരത്തെ 360 പേരടങ്ങിയ സംഘത്തെ യു.എസ്. അയച്ചിരുന്നു. ഇതിനുപുറമെ യു.എസ്. വ്യോമസേന വിമാനങ്ങള്‍ നിരീക്ഷണ പറക്കലും നടത്തുന്നുണ്ട്.

ഇറാഖിന്റെ സുരക്ഷയ്ക്ക് എത്രത്തോളം സൈനികര്‍ ആകാമെന്നും കൂടുതല്‍ സംഘത്തെ ആവശ്യമുണ്ടോയെന്നും പ്രത്യേകസംഘം പരിശോധിക്കുമെന്ന് ജോണ്‍ കിര്‍ബി പറഞ്ഞു. എത്രകാലം ദൗത്യം ഉണ്ടാകുമെന്ന് മുന്‍കൂട്ടി പറയുക അസാധ്യമാണ്. അതേസമയം ചുരുങ്ങിയ കാലത്തേക്കുള്ള ദൗത്യമായിരിക്കുമെന്ന് ഉറപ്പ് പറയാനാകുമെന്നും കിര്‍ബി വിശദീകരിച്ചു.

ഇതിനിടെ, സുന്നി, കുര്‍ദ് വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി ഐക്യ സര്‍ക്കാര്‍ രൂപവത്കരിക്കണമെന്ന യു.എസ്. നിര്‍ദേശം ഇറാഖ് പ്രധാനമന്ത്രി നൂരി അല്‍ മാലിക്കി തള്ളി. ഇത്തരം നീക്കം ഭരണഘടന അട്ടിമറിക്കുന്നതിന് തുല്യമാണെന്നും ജനാധിപത്യരീതിയില്‍ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഇറാഖിലെ കുര്‍ദ് മേഖല സന്ദര്‍ശിച്ച യു.എസ്. വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി, ഐക്യസര്‍ക്കാര്‍ രൂപവത്കരിക്കണമെന്ന നിര്‍ദേശം മുന്നോട്ടുെവച്ചിരുന്നു.

Show More

Related Articles

Close
Close