യൂറോപ്യന്‍ പോരില്‍ ആര് ?

klose

ബ്രസീലില്‍ നിന്ന് അവശേഷിക്കുന്ന നാല് മുന്‍ ലോകചാമ്പ്യന്‍മാരില്‍ ഒരു ടീം കൂടി ഇന്ന് മടങ്ങും. അത് തങ്ങളാകരുത് എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് തവണ ചാമ്പ്യന്‍മാരായ ജര്‍മനിയും ഒരു തവണ ചാമ്പ്യന്‍മാരായ ഫ്രാന്‍സും കൊമ്പുകോര്‍ക്കുന്നത്. ചരിത്രവും വര്‍ത്തമാനവുമൊക്കെ ഇരു ടീമുകള്‍ക്കും തുല്യ ശക്തി പകരുമ്പോള്‍ മത്സരത്തിന് തീവ്രത കൂടും. ഗ്രൂപ്പ് ഘട്ടത്തില്‍ 2 ജയവും ഒരു സമനിലയും നേടി ഒന്നാം സ്ഥാനക്കാരായാണ് രണ്ട് ടീമുകളുടെയും വരവ് . പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സ് നൈജീരിയന്‍ വെല്ലുവിളി അതിജീവിച്ചപ്പോള്‍ മറ്റൊരു ആഫ്രിക്കന്‍ ശക്തികളായ അള്‍ജീരിയയുടെ കടുത്ത വെല്ലുവിളി മറികടന്നാണ് ജര്‍മനിയുടെ വരവ്.

ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ 4 ഗോളിന് തകര്‍ത്ത് തുടങ്ങിയെങ്കിലും ആ മികവ് ആവര്‍ത്തിക്കാന്‍ പിന്നീട് ജര്‍മനിക്കായിട്ടില്ല. ഘാനയോട് സമനിലയില്‍ പിരി‍ഞ്ഞതും അള്‍ജീരിയയോട് ജയിക്കാന്‍ അധിക സമയം വരെ കാത്തിരിക്കേണ്ടി വന്നതും ആരാധകരില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. നാല് ഗോളുമായി മികച്ച് ഫോമിലുള്ള തോമസ് മുള്ളര്‍ തന്നെയാണ് ജ്വാകിം ലോയുടെ സംഘത്തിലെ ശ്രദ്ധാ കേന്ദ്രം. മുള്ളര്‍ ഓസില്‍ സഖ്യം താളം കണ്ടെത്തിയാല്‍ കാര്യങ്ങള്‍ ഏറെക്കുറെ എളുപ്പമാകും. എന്നാല്‍ മധ്യ നിരയില്‍ നിന്നും കാര്യമായി ഇവര്‍ക്ക് പന്തെത്താത്തത് മുന്നേറ്റത്തെ കാര്യമായി ബാധിക്കുന്നുണ്ട്. നായകന്‍ ഫിലിപ്പ് ലാമിനെ പ്രതിരോധത്തിലേക്ക് ഇറക്കണോ അതോ കഴിഞ്ഞ മത്സരങ്ങളില്‍ കളിച്ചത് പോലെ മധ്യനിരയുടെ ചുമതല ഏല്‍പ്പിക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് ജ്വാകിം ലോ.

മുള്ളര്‍-ഓസില്‍ കൂട്ടുകെട്ടിന് തടയിടാനുള്ള തന്ത്രവുമായാകും ഫ്രഞ്ച് പടയുടെ വരവ്. ഓസിലിനെ പൂട്ടി മുള്ളറുടെ നീക്കങ്ങള്‍ തടയാനായാല്‍ ഫ്രാന്‍സ് പ്രതിരോധത്തിന് പിന്നെ കാര്യമായ ജോലിയുണ്ടാവില്ല. മുന്നേറ്റ നിരയില്‍ കഴിഞ്ഞ മത്സരത്തില്‍ നിറം മങ്ങിയെങ്കിലും കരിംബെന്‍സീമ തന്നെയാണ് ഫ്രാന്‍സിന്റെ കരുത്ത്. മൂന്ന് ഗോള്‍ നേടുകയും ഗോളവസരങ്ങള്‍ സൃഷ്ടിച്ച് ഫ്രഞ്ച് ആക്രമണങ്ങള്‍ക്ക് ശക്തി പകരുകയും ചെയ്യുന്ന ബെന്‍സിമയെ തളയ്ക്കാന്‍ മെല്‍ട്സെക്കറും സംഘവും പാടുപെടും. ആക്രമണത്തിന് തീവ്രത വര്‍ദ്ധിപ്പിക്കാന്‍ ഒളിവര്‍ ജിറോഡിന് പകരം ആന്റണി ഗ്രീസ്മനെ ഫ്രാന്‍സ് രംഗത്തിറക്കിയേക്കും. മധ്യ നിരയില്‍ വാന്‍ബ്വെന, പോഗ്ബെ, മറ്റ്യൂഡി സഖ്യം മികച്ച ഫോമിലാണ്. എന്നാല്‍ ടൂര്‍ണമെന്റില്‍ ഇതുവരെ ശക്തരായ എതിരാളികളെ ഫ്രാന്‍സ് കണ്ടുമുട്ടിയിട്ടില്ല. അതിനാല്‍ തന്നെ ഫ്രഞ്ച് ഫുട്ബോളിന്റെ കരുത്ത് മാറ്റുരയ്ക്കുന്ന ആദ്യ മത്സരം കൂടിയാണിത്. ഗോള്‍ മഴ തീര്‍ത്താണ് ഫ്രാന്‍സും ജര്‍മനിയും തമ്മിലുള്ള ലോകകപ്പ് പോരാട്ടങ്ങള്‍ അവസാനിച്ചിട്ടുള്ളത്. മൂന്ന് തവണ ഏറ്റുമുട്ടിയപ്പോള്‍ 2 ജയവുമായി ജര്‍മനിയാണ് മുന്നില്‍. 17 ഗോളുകളാണ് ഈ മൂന്ന് മത്സരത്തില്‍ പിറന്നത്. 1958 ല്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ 6-3 ന് ഫ്രാന്‍സ് ജയിച്ചു. 82 ല്‍ നിശ്ചിത സമയത്ത് 3-3 ന് സമനില പാലിച്ചതിനെ തുടര്‍ന്ന് ഷൂട്ടൗട്ട് ജയം സ്വന്തമാക്കി ജര്‍മനി തിരിച്ചടിച്ചു. 86 ലും ജയം ജര്‍മനിയ്ക്കൊപ്പം നിന്നു. ഇരു ടീമുകളും കഴിഞ്ഞ വര്‍ഷം അവസാനമായി ഏറ്റുമുട്ടിയപ്പോഴും ജര്‍മനിക്ക് തന്നെയായിരുന്നു ജയം. വാന്‍ബ്വേനയുടെ ഗോളില്‍ മുന്നിട്ട് നിന്നിട്ടും രണ്ട് ഗോള്‍ തിരിച്ചു വാങ്ങിയാണ് ഫ്രാന്‍സ് പരാജയം സമ്മതിച്ചത്. എന്നാല്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ കടന്നപ്പോഴൊക്കെ സെമിയില്‍ പ്രവേശിച്ചിട്ടുണ്ട് എന്ന ചരിത്രം ഫ്രാന്‍സിന് ആത്മവിശ്വാസം പകരും. അതേ സമയം തുടര്‍ച്ചയായ നാലാം സെമി ഫൈനലാണ് ജര്‍മനി ലക്ഷ്യമിടുന്നത്

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close