രണ്ടാംഘട്ട പോളിങ് ആരംഭിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട പോളിങ് ആരംഭിച്ചു. അരുണാചല്‍ പ്രദേശ്, മണിപ്പുര്‍ , മേഘാലയ, നാഗാലന്‍ഡ് എന്നിവിടങ്ങളിലെ ആറു സീറ്റുകളിലേയ്ക്കാണ് വോട്ടിങ് നടക്കുന്നത്. അരുണാചലിലെ അരുണാചല്‍ വെസ്റ്റ്, അരുണാചല്‍ ഈസ്റ്റ്, മണിപ്പുരിലെ ഔട്ടര്‍ മണിപ്പുര്‍ , മേഘാലയയിലെ ഷില്ലോങ്, തുറ, നാഗാന്‍ഡിലെ ഏക സീറ്റായ നാഗാലന്‍ഡ് എന്നിവിയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍. ഇതിനോടൊപ്പം വോട്ടെടുപ്പ് നടക്കേണ്ടിയിരുന്ന മിസോറമിലെ ഏക സീറ്റിലെ തിരഞ്ഞെടുപ്പ് 72 മണിക്കൂര്‍ ബന്ദിനെ തുടര്‍ന്ന് ഏപ്രില്‍ പതിനൊന്നിലേയ്ക്ക് മാറ്റിവച്ചു.  കിഴക്കന്‍ മേഘാലയയില്‍ നിരോധിക്കപ്പെട്ട ഹൈന്യുത്രെപ് നാഷണല്‍ ലിബറേഷന്‍ കൗണ്‍സില്‍ എന്ന സംഘടന തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് സംസ്ഥാനത്തെങ്ങും കനത്ത സുരക്ഷയാണ് വോട്ടെടുപ്പിനുവേണ്ടി ഒരുക്കിയിരിക്കുന്നത്.

അരുണാചലിലെ രണ്ടു ലോക്‌സഭാ സീറ്റുകള്‍ക്ക് പുറമെ 60 അംഗ നിയമസഭയിലേയ്ക്കും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. മുഖ്യമന്ത്രി നബാന്‍ തുക്കി ഉള്‍പ്പടെ പതിനൊന്ന് സ്ഥാനാര്‍ഥികള്‍ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ ശേഷിക്കുന്ന 49 സീറ്റുകളിലേയ്ക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഏറ്റവും ശ്രദ്ധേയം മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി.എ. സാംങ്മ മത്സരിക്കുന്ന മേഘാലയയിലെ തുറയാണ്. മകളും കേന്ദ്രമന്ത്രിയുമായ അഗത സാംങ്മയുടെ സിറ്റിങ് സീറ്റായ തുറയില്‍ എന്‍ .പി.പി. സ്ഥാനാര്‍ഥിയായാണ് സാംങ്മ ജനവിധി തേടുന്നത്. കോണ്‍ഗ്രസിന്റെ ഡാരില്‍ വില്ല്യം ചേരന്‍ മോമിനാണ് സാംങ്മയുടെ എതിരാളി. സാംങ്മ തുടര്‍ച്ചയായി ഒന്‍പത് തവണ വിജയിച്ച മണ്ഡലമാണിത്.നാഗാലന്‍ഡിലെ ഏക സീറ്റില്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ട് സ്ഥാനാര്‍ഥിയായ മുഖ്യമന്ത്രി നെയ്ഫ്യു റിയോയും കോണ്‍ഗ്രസിന്റെ കെ.വി.പുസയും തമ്മിലാണ് മത്സരം. 11,79,881 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. വിസെന്റ് എച്ച് പാല, പോള്‍ ലിങ്‌ദോ, ഷിബുന്‍ ലിങ്‌ദോ, പി.ബി. എം. ബസായിവ്‌മോയ്റ്റ് എന്നിവരാണ് മേഘാലയയില്‍ നിന്ന് ജനവിധി തേടുന്ന പ്രമുഖര്‍ .കോണ്‍ഗ്രസിന്റെ സിറ്റിങ് എം.പി. തങ്‌സോ ബെയ്‌റ്റെ, ബി.ജെ.പി.യുടെ ഗംങ്മുമൈ കമേരി, എന്‍ .സി.പി.യുടെ സി. ഡൗങ്ഗല്‍ , ത്രിണമൂലിന്റെ കിം ഗങ്‌ടെ, നാഗ പീപ്പിള്‍സ് ഫ്രണ്ടിന്റെ സോസോ ലോര്‍ഹൊ എന്നിവരാണ് ഔട്ടര്‍ മണിപ്പുര്‍ സീറ്റില്‍ മത്സരിക്കുന്ന പ്രമുഖര്‍ .

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close