രണ്ടാമത്തെ നാവിഗേഷന്‍ ഉപഗ്രഹ വിക്ഷേപണം വിജയം

irnss1b

ഇന്ത്യയുടെ നാവിഗേഷന്‍ ഉപഗ്രഹമായ ‘ഐ.ആര്‍.എന്‍.എസ്.എസ്. 1 ബി’ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് ‘പി.എസ്.എല്‍.വി-സി 24’ റോക്കറ്റില്‍ വൈകിട്ട് 5.14 നാണ് വിക്ഷേപിച്ചത്.

ദിശാനിര്‍ണയത്തിനുള്ള നാവിഗേഷന്‍ സാങ്കേതികവിദ്യയില്‍ പുതിയ കുതിപ്പിന് ഇന്ത്യയെ പ്രാപ്തമാക്കുന്നതാണ് ‘ഇന്ത്യന്‍ റീജ്യണല്‍ നാവിഗേഷണല്‍ സാറ്റലൈറ്റ് സിസ്റ്റം’ (ഐ ആര്‍ എന്‍ എസ് എസ്). ഏഴ് ഉപഗ്രഹങ്ങളടങ്ങിയ ആ പരമ്പരയിലെ രണ്ടാമത്തെ ഉപഗ്രഹമാണ് വെള്ളിയാഴ്ച വിക്ഷേപിച്ച ഐ ആര്‍ എന്‍ എസ് എസ് 1ബി.

നിരത്തിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയുമുള്ള ഗതാഗതത്തില്‍ സഹായിക്കുന്നവയാണ് നാവിഗേഷന്‍ ഉപഗ്രഹങ്ങള്‍. വാര്‍ത്താവിനിമയം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലും ഇവ ഉപയോഗിക്കാനാവും.

navigation via mobile

ഇന്ത്യയുടെ നാവിഗേഷന്‍ ഉപഗ്രഹങ്ങളില്‍ ആദ്യത്തേതായ ‘ഐ.ആര്‍.എന്‍.എസ്.എസ്. 1 എ’ 2013 ജൂലായിലാണ് വിക്ഷേപിച്ചത്. 2016 ഓടെ ആ പരമ്പരയിലെ മുഴുവന്‍ ഉപഗ്രഹങ്ങളും വിക്ഷേപിക്കാനാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ എസ് ആര്‍ ഒ) ലക്ഷ്യമിടുന്നത്.

നാവിഗേഷന്‍ പരമ്പരയിലെ രണ്ട് ഉപഗ്രഹങ്ങള്‍കൂടി ഇക്കൊല്ലം വിക്ഷേപിക്കുമെന്നാണ് ഐ എസ് ആര്‍ ഒ കഴിഞ്ഞ ദിവസം അറിയിച്ചത്. ഇതോടെ ഐ.ആര്‍.എന്‍.എസ്.എസ്. സംവിധാനം പ്രവര്‍ത്തനക്ഷമമാവും. ബാക്കി മൂന്നെണ്ണംകൂടി വിക്ഷേപിക്കുന്നതോടെ സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിക്കും.അതോടെ യു.എസ്സിന്റെ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്.), റഷ്യയുടെ ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ഗ്ലോനാസ്) തുടങ്ങിയ സംവിധാനങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യയ്ക്ക് ഒരു പരിധിവരെ ഒഴിവാക്കാനാവും.

യുദ്ധടാങ്കുകള്‍, മിസൈലുകള്‍ തുടങ്ങിയവയുടെ നീക്കത്തിന് കൃത്യത ഉറപ്പുവരുത്തുന്നതടക്കമുള്ള പ്രതിരോധ ആവശ്യങ്ങള്‍ക്ക് നാവിഗേഷന്‍ ഉപഗ്രഹങ്ങള്‍ ഉപയോഗിക്കാനാവും. എന്നാല്‍, ഇതിനായി ഐ.ആര്‍.എന്‍.എസ്.എസ്. സംവിധാനം ഉപയോഗപ്പെടുത്തുമോ എന്ന് ഐ.എസ്.ആര്‍.ഒ. സ്ഥിരീകരിച്ചിട്ടില്ല. (ചിതങ്ങള്‍ കടപ്പാട് : ISRO )

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close