രവീന്ദ്രന്റെ ആത്മഹത്യ: ജയചന്ദ്രനെയും കൂട്ടാളികളെയും പ്രതിയാക്കും

വെഞ്ഞാറമൂട് സ്വദേശി രവീന്ദ്രന്‍ ആത്മഹത്യ ചെയ്ത കേസില്‍ റുക്‌സാനയെയും ബിന്ധ്യയെയും കൂടാതെ കൊച്ചി ബ്ലാക് മെയിലിങ് പെണ്‍വാണിഭ കേസിലെ പ്രതികളായ ജയചന്ദ്രന്‍ ഉള്‍പ്പെടെ മൂന്നുപേരെ കൂടി പ്രതി ചേര്‍ക്കും. അഡ്വ. സനലന്‍, പ്രജീഷ് എന്നിവരെ കൂടിയാണ് ആത്മഹത്യാപ്രേരണകുറ്റം ചുമത്തി പ്രതി ചേര്‍ക്കുന്നത്.

സി.ഡിയിലെ ദൃശ്യങ്ങള്‍ പുറത്ത് നല്‍കാതിരിക്കാന്‍ മൂന്ന് കോടി രൂപ ബ്ലാക് മെയിലിങ് സംഘം ആവശ്യപ്പെട്ടതായിട്ടാണ് പരാതി. ഇതിനായി രവീന്ദ്രനെ ഫോണിലൂടെ ഇവര്‍ പലപ്പോഴായി ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

രവീന്ദ്രനുമായി ബന്ധപ്പെട്ട സി.ഡി. ഉപയോഗിച്ചായിരുന്നു ഭീഷണിപ്പെടുത്തല്‍. രവീന്ദ്രനെ ഭീഷണിപ്പെടുത്തിയതിന്റെ പേരിലും ആത്മഹത്യാപ്രേരണയ്ക്കുമാണ് ബിന്ധ്യയെയും റുക്‌സാനയെയും ഒന്നും രണ്ടും പ്രതികളാക്കി ഇപ്പോള്‍ കേസെടുത്തിട്ടുള്ളത്. സി.ഡി ദൃശ്യങ്ങള്‍ കൂടാതെ ബിന്ധ്യയും റുക്‌സാനയും നിരന്തരം രവീന്ദ്രന്റെ ഫോണിലേക്കു വിളിച്ചിരുന്നതായും കണ്ടെത്തി. ഫോണില്‍ പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ച് പുരുഷശബ്ദത്തിലായിരുന്നു ഭീഷണിപ്പെടുത്തിയത്. ഇതിന്റെ വിശദാംശങ്ങളും പോലീസ് ശേഖരിച്ചു. രവീന്ദ്രന്‍ സമ്പന്നനാണെന്ന ധാരണയിലാണ് ഇവര്‍ ഇയാളെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. മെയിലില്‍ കൂടിയും ഭീഷണിപ്പെടുത്തിയതായി പോലീസിന് സംശയമുണ്ട്. ഇതിനായി റുക്‌സാനയുടെ മെയില്‍ പരിശോധിച്ചെങ്കിലും മെയില്‍ എല്ലാം മായ്ച്ചുകളഞ്ഞിരുന്നു. ഇത് വീണ്ടെടുക്കാനുള്ള ശ്രമം പോലീസ് തുടങ്ങിയിട്ടുണ്ട്. ഭര്‍ത്താവാണ് തന്റെ മെയില്‍ നോക്കുന്നതെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്. ഇത് അന്വേഷണസംഘം മുഖവിലക്കെടുത്തിട്ടില്ല. ബ്ലാക്‌മെയിലിങ്ങിന്റെ ഭാഗമായി റുക്‌സാനയും ബിന്ധ്യയും വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയത് ജയചന്ദ്രന്റെയും മറ്റ് രണ്ടുപേരുടെയും സഹായത്തോടെയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

സജിക്കും രവീന്ദ്രനും യുവതികളെ പരിചയപ്പെടുത്തി നല്‍കിയത് സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇവരുടെ സുഹൃത്ത് കൂടിയായ അനില്‍കുമാര്‍ എന്നൊരാളാണ്. എന്നാല്‍ ഇയാളെ ആത്മഹത്യപ്രേരണാ കേസില്‍ ഉള്‍പ്പെടുത്താവുന്ന വിധത്തിലുളള തെളിവുകള്‍ ലഭിച്ചിട്ടില്ല. ഇയാളെ കണ്ട് തെളിവെടുക്കാനും പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അനില്‍കുമാര്‍ ഇപ്പോള്‍ വിദേശത്തെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

രവീന്ദ്രന്റെ ആത്മഹത്യാ കുറിപ്പില്‍ തന്നെ ജീവിക്കാന്‍ അനുവദിക്കാത്ത തരത്തില്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി വ്യക്തമാക്കിയിരുന്നു. ആത്മഹത്യാകുറിപ്പില്‍ ഭീഷണി സന്ദേശം ഉണ്ടായിരുന്നെങ്കിലും നേരത്തെ പോലീസ് കേസെടുക്കാതിരുന്നതും ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ട ചില ബന്ധങ്ങളും ഇവര്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിരവധിപേര്‍ കബളിപ്പിക്കപ്പെട്ടതായി അഭ്യൂഹമുണ്ടെങ്കിലും ആരും ഇതുവരെ പുതിയ പരാതിയുമായി രംഗത്തെത്തിയിട്ടില്ല. ബ്ലാക് മെയിലിങ് കേസിലെ പരാതിക്കാരനായ വ്യവസായി സജിയെ കാണാനില്ലെന്ന് അഭ്യൂഹമുണ്ടെങ്കിലും പോലീസ് ഇത് നിഷേധിച്ചു. അന്വേഷണവുമായി ഇയാള്‍ പൂര്‍ണമായി സഹകരിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കേസിലെ പ്രതികളെ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനില്‍ നിന്നും നെടുമങ്ങാട് കോടതിയിലേക്ക് കൊണ്ടു പോകുന്നുവെന്നറിഞ്ഞ് രാവിലെമുതല്‍ വന്‍ ജനക്കൂട്ടമാണു സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയത്. കന്യാകുളങ്ങര ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയശേഷമാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close