രാജസ്ഥാന് ഞെട്ടിക്കുന്ന തോല്‍വി

ipl08-05

ഐപിഎല്ലില്‍ തുടര്‍ച്ചയായ തോല്‍വികള്‍ക്കുശേഷം സണ്‍റൈസേഴ്സ് ഹൈദരാബാദിന് ത്രസിപ്പിക്കുന്ന ജയം. പോയന്റ് പട്ടികയിലെ മുന്‍നിരക്കാരായ രാജസ്ഥാന്‍ റോയല്‍സിനെ 32 റണ്‍സിന് കീഴടക്കിയാണ് സണ്‍റൈസേഴ്സ് വിജയവഴിയില്‍ തിരിച്ചെത്തിയത്.ഹൈദരാബാദ് ഉയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 19.5 ഓവറില്‍ 102 റണ്‍സിന് ഓള്‍ ഔട്ടായി.സ്കോര്‍: സണ്‍റൈസേഴ്സ് ഹൈദരാബാദ്; 20 ഓവറില്‍  134/9, രാജസ്ഥാന്‍ 19.5 ഓവറില്‍ 102ന് ഓള്‍ ഔട്ട്.

സണ്‍റൈസേഴ്സ് ഉയര്‍ത്തിയ താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് ആദ്യ ഓവറില്‍ സ്കോര്‍ ബോര്‍ഡ് തുറക്കും മുമ്പെ ഫോമിലുള്ള രഹാനെയെ(0)നഷ്ടമായി. പിന്നീട് സഞ്ജു സാംസണും കരുണ്‍ നായരും ചേര്‍ന്ന് രാജസ്ഥാന്‍ സ്കോര്‍ 27ലെത്തിച്ചെങ്കിലും സ്റ്റെയിനിന്റെ പന്തില്‍ കരുണ്‍ നായര്‍(12)പുറത്തായതോടെ രാജസ്ഥാന്റെ തകര്‍ച്ച തുടങ്ങി. സ്റ്റെയിനിനെ സിക്സറടിച്ച് മികവ് തെളിയിച്ച സഞ്ജുവിന് അധികം ആയുസുണ്ടായില്ല. കരുണ്‍ ശര്‍മയുടെ പന്തില്‍ സഞ്ജു(16) ബൗള്‍ഡാവുമ്പോള്‍ രാജസ്ഥാന്‍ സ്കോര്‍ ബോര്‍ഡില്‍ 37 റണ്‍സെ ഉണ്ടായിരുന്നുള്ളു.

ക്യാപ്റ്റന്‍ വാട്സണ്‍(11), സ്റ്റുവര്‍ട്ട് ബിന്നി(12)ഭാട്ടിയ(4), ഫോക്നോര്‍(4) എന്നിവരും വന്നപോലെ മടങ്ങിയതോടെ രാജസ്ഥാന്റെ പോരാട്ടം അവസാനിച്ചു. 22 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്താണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍. നാലോവറില്‍ 14 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറും 31 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത സ്റ്റെയിനും ചേര്‍ന്നാണ് രാജസ്ഥാനെ തകര്‍ത്തത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 20 പന്തില്‍ 33 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശിഖര്‍ ധവാനാണ് ഹൈദരാബാദിന്റെ ടോപ് സ്കോറര്‍. ഇര്‍ഫാന്‍ പത്താന്‍(21 നോട്ടൗട്ട്), രാഹുല്‍(18), നമാന്‍ ഓജ(17) എന്നിവരാണ് ഹൈദരാബാദിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍. രാജസ്ഥാനുവേണ്ടി ക്യാപ്റ്റന്‍ ഷെയിന്‍ വാട്സണ്‍ ഹാട്രിക് നേടി.

നാലാം ഓവറിലെ അവസാന പന്തില്‍ ഹൈദരാബാദ് ക്യാപ്റ്റന്‍ ധവാനെ ബൗള്‍ ചെയ്ത് വാട്സണ്‍ പതിനേഴാം ഓവറിന്റെ ആദ്യ രണ്ടു പന്തുകളില്‍ ഹെന്‍റികസിനെയും കരുണ്‍ ശര്‍മയെയും പുറത്താക്കിയാണഅ ഹാട്രിക് പൂര്‍ത്തിയാക്കിയത്. രണ്ടോവറില്‍ 13 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വാട്സണ്‍ സ്വന്തമാക്കി.രജത് ഭാട്ടിയ 23 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. രാജസ്ഥാനായി നാലു വിക്കറ്റില്‍ പങ്കാളിയായി മലയാളി താരം സഞ്ജു വിക്കറ്റിന് പിന്നില്‍ തിളങ്ങി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close