രാജസ്ഥാന് തകര്‍പ്പന്‍ ജയം

ipl05-05

എല്ലാം തല കീഴായി മറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. രണ്ടു റണ്‍സിനിടെ ആറു വിക്കറ്റ് നിലംപൊത്തിയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് രാജസ്ഥാന്‍ റോയല്‍സിന് മുന്നില്‍ തോല്‍ക്കാതെ തരമില്ലായിരുന്നു. വെറ്ററന്‍ താരം ഹാട്രിക്കുമായി കളംനിറ‍ഞ്ഞപ്പോള്‍ പത്തു റണ്‍സിനായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ ജയം. 171 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റുചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 14 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 121 എന്ന ശക്തമായ നിലയില്‍നിന്ന് 20 ഓവറില്‍ ആറിന് 160 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. ഏഴാമത് ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ തുടര്‍ച്ചയായ നാലാമത്തെ തോല്‍വിയായിരുന്നു ഇത്.

ഫോം വീണ്ടെടുത്ത ഗംഭീറും(54), ഉത്തപ്പയും(65) ചേര്‍ന്ന് നല്‍കിയ ഗംഭീര തുടക്കത്തിനുശേഷമാണ് അവിശ്വസനീയമാംവിധം കൊല്‍ക്കത്ത ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞത്. 21 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ഷെയ്ന്‍ വാട്ട്സന്റെയും 26 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത പ്രവിന്‍ ടാംബെയുടെ ഹാട്രിക്ക് പ്രകടനവുമാണ് കൊല്‍ക്കത്തയെ തകര്‍ത്തത്. പതിനാറാമത്തെ ഓവറില്‍ ആദ്യ മൂന്നു പന്തിലായിരുന്നു ടാംബെയുടെ ഹാട്രിക്ക് പ്രകടനം. ഈ ഐപിഎല്‍ സീസണിലെ ആദ്യ ഹാട്രിക്ക് നേട്ടമാണ് ടാംബെ സ്വന്തമാക്കിയത്. മനീഷ് പാണ്ഡെ, യൂസഫ് പത്താന്‍, ഡെന്‍ ഡൊഷാറ്റെ എന്നിവരായിരുന്നു ടാംബെയുടെ ഇരകള്‍. ഉത്തപ്പയെയും ഗംഭീറിനെയും റസലിനെയും വാട്ട്സനാണ് പുറത്താക്കിയത്. ടാംബെയാണ് മാന്‍ ഓഫ് ദ മാച്ച്.

സ്കോര്‍ രാജസ്ഥാന്‍ റോയല്‍സ്- 20 ഓവറില്‍ ആറിന് 170, & കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ ആറിന് 160

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത രാജസ്ഥാന്‍ റോയല്‍സ് മലയാളി താരങ്ങളായ കരുണ്‍ നായര്‍(35 പന്തില്‍ 44), സഞ്ജു വി സാംസണ്‍(31 പന്തില്‍ 37) എന്നിവരുടെ മികവില്‍ 20 ഓവറില്‍ ആറിന് 170 എന്ന സ്കോറിലെത്തുകയായിരുന്നു. കരുണും സഞ്ജുവും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 53 റണ്‍സാണ് നേടിയത്. രാജസ്ഥാന് വേണ്ടി ഷെയ്ന്‍ വാട്ട്സണ്‍ 31 റണ്‍സും ആജിന്‍ക്യ രഹാനെ 30 റണ്‍സും നേടി. രണ്ടു വിക്കറ്റ് വീതമെടുത്ത സുനില്‍ നരെയ്‌നും വിനയ്‌കുമാറുമാണ് കൊല്‍ക്കത്തയ്ക്ക് വേണ്ടി തിളങ്ങിയ ബൗളര്‍മാര്‍.

ഈ വിജയത്തോടെ ഏഴു മല്‍സരങ്ങളില്‍ അഞ്ചാമത്തെ വിജയം സ്വന്തമാക്കിയ രാജസ്ഥാന്‍ 10 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ഏഴില്‍ അഞ്ചു കളിയും തോറ്റ കൊല്‍ക്കത്ത വെറും നാലു പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close