രാഷ്ട്രീയക്കാര്‍തന്നെ രാഷ്ട്രീയക്കാരുടെ വില കളയുന്നു സ്‌പീക്കര്‍

രാഷ്ട്രീയക്കാര്‍തന്നെ രാഷ്ട്രീയക്കാരുടെ വില കുറച്ചുകൊണ്ടിരിക്കുകയാണെന്നും ടി.വി. ചാനലുകളിലൂടെയുള്ള അവരുടെ തര്‍ക്കങ്ങള്‍ കാണുമ്പോള്‍ അങ്ങനെയാണ് തോന്നുന്നതെന്നും നിയമസഭാ സ്​പീക്കര്‍ ജി. കാര്‍ത്തികേയന്‍. താന്‍ ഒരു രാഷ്ട്രീയക്കാരനായിട്ടല്ല ഇത് പറയുന്നതെന്നും സ്​പീക്കര്‍ വ്യക്തമാക്കി. ഡോ. ഇ.ജി.സുരേഷ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഡോ. ഇ.ജി. സുരേഷ് അനുസ്മരണവും അവാര്‍ഡ്ദാന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡോക്ടര്‍മാരെ ജനങ്ങള്‍ ദൈവത്തെപ്പോലെയാണ് കാണുന്നത്. ജനത്തിന്റെ ആഗ്രഹത്തിനൊത്ത് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉന്നതസ്ഥാനത്തിരിക്കുന്നവര്‍ ഉയരണം. സേവനാവകാശനിയമംകൊണ്ടുമാത്രം എല്ലാവര്‍ക്കും അര്‍ഹിക്കുന്ന സേവനങ്ങള്‍ ഉദ്യോഗസ്ഥരില്‍നിന്ന് കിട്ടണമെന്നില്ല. ഇത് തിരിച്ചറിഞ്ഞാണ് പരാതി കേള്‍ക്കുന്നതിനുള്ള അവകാശവും നിയമമാക്കുന്നത്. വരുന്ന നിയമസഭാ സമ്മേളനത്തില്‍ പരാതി കേള്‍ക്കുന്നതിനുള്ള അവകാശവും പരിഗണനയ്ക്ക് വരുമെന്ന് അദ്ദേഹം പറഞ്ഞു.

ഡോ. ഇ.ജി. സുരേഷ് അവാര്‍ഡ്, ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിഭാഗം മേധാവി ഡോ. ഗിരിജ മോഹന് സ്​പീക്കര്‍ സമ്മാനിച്ചു. വാന്‍ ഇന്‍ഫ്രയുടെ പബ്‌ളിഷ് ഏഷ്യാ രാജ്യാന്തര സ്വര്‍ണമെഡല്‍ ജേതാവ് മലയാള മനോരമ ന്യൂസ് ഫോട്ടോഗ്രാഫര്‍ റിങ്കുരാജ് മട്ടാഞ്ചേരിയ്ക്കും പുരസ്‌കാരം നല്‍കി. മൃദംഗ വിദ്വാന്‍ പുരുഷോത്തമ ശര്‍മ്മ, എന്‍.എസ്.എസ്. അമ്പലപ്പുഴ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.കെ. പത്മനാഭപിള്ള എന്നിവരെ ആദരിച്ചു.
ഫൗണ്ടേഷന്‍ രക്ഷാധികാരി എ.ഡി.ജി.പി. എ. ഹേമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് എ.എ. ഷുക്കൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഐ.എം.എ. ദേശീയ പ്രസിഡന്റ് ഡോ. മാര്‍ത്താണ്ഡന്‍, ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ. ബി. പദ്മകുമാര്‍, ജനറല്‍ സെക്രട്ടറി ഡോ. എസ്. രൂപേഷ്, വൈസ് പ്രസിഡന്റ് ഡോ. എസ്. രാകേഷ്, അവാര്‍ഡ് നിര്‍ണയ കമ്മിറ്റി അംഗം ദേവദത്ത് ജി.പുറക്കാട്, ഐ.എം.എ. പ്രസിഡന്റ് ഡോ. ഇ.കെ. ആന്റണി, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക് അസോസിയേഷന്‍ ഭാരവാഹി ഡോ. ജോസ്, ആലപ്പുഴ പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജാക്‌സണ്‍ ആറാട്ടുകുളം എന്നിവര്‍ പ്രസംഗിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close