രാഹുലിന്‍റെ പരാമര്‍ശത്തെച്ചൊല്ലി ബി.ജെ.പി-കോണ്‍ഗ്രസ് വാക്‌പോര്‌

ഉത്തര്‍പ്രദേശില്‍ അടിക്കടിയുണ്ടാവുന്ന വര്‍ഗീയകലാപങ്ങള്‍ രാഷ്ട്രീയലക്ഷ്യത്തോടെ ആസൂത്രണം ചെയ്യുന്നതാണെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തെച്ചൊല്ലി ബി.ജെ.പി.-കോണ്‍ഗ്രസ് വാക്‌പോര്. പാവപ്പെട്ടവര്‍തമ്മില്‍ ശത്രുതയുണ്ടാക്കാന്‍ തന്ത്രപരമായാണ് കലാപങ്ങള്‍ ആസൂത്രണം ചെയ്യുന്നതെന്ന് കഴിഞ്ഞദിവസം അഭിമുഖത്തിലാണ് രാഹുല്‍ പറഞ്ഞത്.

രാഷ്ട്രീയലാക്കോടെ ബി.ജെ.പി. സ്ഥിതിഗതികള്‍ മുതലെടുക്കുകയാണെന്നാരോപിച്ച് കോണ്‍ഗ്രസ് രാഹുലിന് പിന്തുണ നല്‍കിയപ്പോള്‍ കോണ്‍ഗ്രസിന്റെ വര്‍ഗീയചിന്തയാണ് രാഹുലിലൂടെ പുറത്തുവന്നതെന്ന് ബി.ജെ.പി. തിരിച്ചടിച്ചു.

കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിലൂടെ രാജ്യത്ത് വര്‍ഗീയത നിലനില്‍ക്കണമെന്നു തന്നെയാണ് ബി.ജെ.പി. കരുതുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. ഉപതിരഞ്ഞെടുപ്പുകള്‍ അടുത്തതോടെ യു.പി.യില്‍ വര്‍ഗീയസംഘര്‍ഷം വര്‍ധിച്ചത് അതിന് തെളിവാണ് -അദ്ദേഹം പറഞ്ഞു. മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങും രാഹുലിനെ പിന്തുണച്ച് രംഗത്തെത്തി.

എന്നാല്‍ സംസ്ഥാനം ഭരിക്കുന്ന സമാജ്വാദി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് കൂട്ടുചേര്‍ന്നതാണ് ഉത്തര്‍പ്രദേശിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ബി.ജെ.പി. നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍ തിരിച്ചടിച്ചു. ഇവിടെ ഏതെങ്കിലും പാര്‍ട്ടി വര്‍ഗീയരാഷ്ട്രീയം കളിക്കുന്നുണ്ടെങ്കില്‍ അത് കോണ്‍ഗ്രസ്സാണ്. വര്‍ഗീയകക്ഷികളുമായി കൂട്ടുകൂടുന്നതും അവരാണ് -ജാവ്‌ദേക്കര്‍ ആരോപിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close