റയില്‍വേ: കേരളത്തിന്റെ പ്രശ്നം പഠിക്കാന്‍ സമിതി

 

റയില്‍വേ അവഗണനയ്ക്കെതിരെ ഒറ്റക്കെട്ടായി പ്രതികരിച്ച കേരളത്തിന്റെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനു കേന്ദ്ര, സംസ്ഥാന പ്രതിനിധികള്‍ ഉള്‍പ്പെട്ട സംയുക്ത പഠനസമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കും.

സമിതി രൂപീകരണവുമായി ബന്ധപ്പെട്ടു റയില്‍വേ മന്ത്രിയുടെ അധ്യക്ഷതയില്‍ ഉടന്‍ കേരള എംപിമാരുടെയും ഉന്നത റയില്‍വേ ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കും. ശബരിമലയും ഗുരുവായൂരും ഉള്‍പ്പെടുത്തി തീര്‍ഥാടക ശൃംഖലയ്ക്കും രൂപംനല്‍കും.

കേരളത്തില്‍നിന്നുള്ള എംപിമാര്‍ രാഷ്ട്രീയ ഭിന്നതയില്ലാതെ ഒന്നിച്ചു ശബ്ദമുയര്‍ത്തിയ സാഹചര്യത്തിലാണ്, സമിതിക്കു രൂപംനല്‍കുമെന്നു ലോക്സഭയിലെ റയില്‍ ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മന്ത്രി ഡി.വി. സദാനന്ദ ഗൌഡ ഉറപ്പുനല്‍കിയത്. കേരളത്തിന്റെ റയില്‍വേ വികസന പ്രശ്നങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ട് നല്‍കുകയായിരിക്കും സമിതിയുടെ ദൌത്യം.

തീര്‍ഥാടക ശൃംഖലയുടെ വിശദാംശങ്ങള്‍ മന്ത്രി വെളിപ്പെടുത്തിയില്ല. കേരളത്തില്‍നിന്നുള്ള പ്രതിനിധി സംഘം താനുമായി വിശദമായ ചര്‍ച്ച നടത്തിയിരുന്നുവെന്നു മന്ത്രി പറഞ്ഞു. കേരളത്തില്‍ വികസനം അടിയന്തരാവശ്യമാണ്. അവിടെ ജനസാന്ദ്രത കൂടുതലാണ്.

എന്നാല്‍ ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രശ്നങ്ങളുണ്ട്. പാതകള്‍ക്കു താങ്ങാനാവുന്നതിനെക്കാള്‍ കൂടുതലാണു ട്രെയിനുകള്‍. എല്ലാ പ്രശ്നങ്ങള്‍ക്കും തൃപ്തികരമായ പരിഹാരം നിര്‍ദേശിക്കുന്നതിനാണു പഠനസമിതിയെന്നു മന്ത്രി വിശദീകരിച്ചു. ഇതേസമയം, മറുപടിയെക്കുറിച്ചു സമ്മിശ്ര പ്രതികരണമായിരുന്നു എംപിമാര്‍ക്ക്.

രാഷ്ട്രീയത്തിനതീതമായ ഐക്യം കാട്ടിയതു കൊണ്ടു പ്രതീക്ഷയുടെ കച്ചിത്തുരുമ്പു ലഭിച്ചിരിക്കുന്നുവെന്നു പി.കെ. ശ്രീമതി പ്രതികരിച്ചു. തികച്ചും അതൃപ്തനാണെന്നു കൊടിക്കുന്നില്‍ സുരേഷും.

പൊതു സ്വകാര്യ പങ്കാളിത്തം (പിപിപി) പരാജയമാണെന്ന വാദം തെറ്റാണ്. 15,000 കോടി രൂപയുടെ നിക്ഷേപ നിര്‍ദേശങ്ങള്‍ സ്വകാര്യമേഖലയില്‍ നിന്നു ലഭിച്ചുകഴിഞ്ഞു. ചരക്ക്, അതിവേഗ, സബര്‍ബന്‍ ഇടനാഴികള്‍ക്കു വിദേശനിക്ഷേപം ലഭിക്കാനും സാധ്യത തെളിഞ്ഞിട്ടുണ്ട്. റയില്‍വേ നടത്തിപ്പില്‍ സ്വകാര്യ, വിദേശനിക്ഷേപം അനുവദിക്കില്ല.

എന്നാല്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനു സ്വകാര്യ, വിദേശ നിക്ഷേപം ആവശ്യമാണ്. അവഗണനയെക്കുറിച്ച് ഏറ്റവുമധികം ബഹളമുണ്ടാക്കിയ ബംഗാളിനു തന്നെയാണ് ഏറ്റവും കൂടുതല്‍ തുക വകയിരുത്തിയിരിക്കുന്നതെന്നും മന്ത്രി വെളിപ്പെടുത്തി – 3780 കോടി രൂപ. രണ്ടാം സ്ഥാനത്തു യുപിയും (2720) മൂന്നാമതു മഹാരാഷ്ട്രയും (1660).

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close