റോഡിലെ കുഴി: നഗരസഭായോഗത്തില്‍ പ്രതിഷേധം, കൈയാങ്കളി

കണ്ണൂര്‍: പൊട്ടിപ്പൊളിഞ്ഞ റോഡും പൊടിശല്യവും നഗരസഭായോഗത്തിലുണ്ടാക്കിയത് നാടകീയരംഗങ്ങള്‍. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കൗണ്‍സില്‍ യോഗം തടസ്സപ്പെടുത്തി. ആദ്യം അമ്പരപ്പോടെ സമരം കണ്ട പ്രതിപക്ഷാംഗങ്ങള്‍ പിന്നീട് അവര്‍ക്ക് പിന്തുണയുമായെത്തിയതോടെ ഭരണപക്ഷാംഗങ്ങളും നടുത്തളത്തിലിറങ്ങി. അരമണിക്കൂര്‍ പണിപ്പെട്ട് സമരക്കാരെ പോലീസ് മാറ്റി. അപ്പോഴേക്കും നടുത്തളത്തിലുണ്ടായിരുന്ന ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളും ചെറിയതോതില്‍ കൈയാങ്കളിയുമായി. ദൗര്‍ഭാഗ്യകരമായ സംഭവമാണ് യോഗത്തിലുണ്ടായതെന്ന് നഗരസഭാധ്യക്ഷ റോഷ്‌നി ഖാലിദ് പറഞ്ഞു.

യോഗം തുടങ്ങി അരമണിക്കൂര്‍ കഴിയുമ്പോഴാണ് ഒ.കെ.വിനീഷ്, പി.പ്രശാന്തന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ യോഗഹാളിലേക്കു തള്ളിക്കയറിയത്. അധ്യക്ഷയുടെ ഇരിപ്പിടത്തിനടുത്ത് മുദ്രാവാക്യം വിളിച്ച് അല്പസമയം നിന്നശേഷം എല്ലാവരും വാതിലിനുപുറത്തെത്തി. അവിടെ മുദ്രാവാക്യംവിളി തുടര്‍ന്നു. റോഡ് നന്നാക്കാത്ത നഗരസഭാ ഭരണത്തിനെതിരെയായിരുന്നു പ്രതിഷേധം. സമരക്കാര്‍ ഹാളില്‍നിന്ന് മാറിയതോടെ യോഗം തുടര്‍ന്നു.

പത്തുമിനിറ്റ് കഴിഞ്ഞപ്പോഴേക്കും സമരക്കാര്‍ ഹാളിനുള്ളിലേക്ക് വീണ്ടും തള്ളിക്കയറി. പൊടിശല്യം തടയാനുള്ള മാസ്‌ക് ഹാളില്‍ വിതറി. ഇതൊരു ജനകീയവികാരമാണെന്നും അതുള്‍ക്കൊണ്ട് ചെയര്‍മാന്‍ സംസാരിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടതോടെ ഭരണപക്ഷാംഗങ്ങളും ബഹളം തുടങ്ങി. ഇത് ജനവികാരമല്ല നാണംകെട്ട നാടകമാണെന്ന് അവര്‍ വിളിച്ചുപറഞ്ഞു. ഇതിനിടെ ടൗണ്‍ സി.ഐ. ആസാദിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി സമരക്കാരെ നീക്കാന്‍ ശ്രമം തുടങ്ങി. ഒന്നിച്ചുകെട്ടിപ്പിടിച്ച് മുദ്രാവാക്യം മുഴക്കിയ സമരക്കാരെ മാറ്റാന്‍ ഏറെ പ്രയാസപ്പെടേണ്ടിവന്നു. പോലീസിനെ കൈയേറ്റം ചെയ്യാന്‍വരെ ചില സമരക്കാര്‍ മുതിര്‍ന്നു. അരമണിക്കൂര്‍ കഴിഞ്ഞാണ് പോലീസിന് സമരക്കാരെ മാറ്റാന്‍കഴിഞ്ഞത്.

ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ മാറ്റിയതിനു തൊട്ടുപിന്നാലെ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലേക്കിറങ്ങി. ഇവരെ പ്രതിരോധിക്കാന്‍ ഭരണപക്ഷാംഗങ്ങളുമെത്തി. ഇതോടെ വാക്കുതര്‍ക്കം കൈയാങ്കളിയിലെത്തി. പ്രതിപക്ഷനേതാവ് യു.പുഷ്പരാജും ടി.സി.താഹയും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇവര്‍ക്കൊപ്പം ഇരുവശങ്ങളിലും മറ്റ് കൗണ്‍സിലര്‍മാരും നിരന്നു. ഇതിനിടയില്‍ ചിലര്‍ ഇരുവിഭാഗത്തെയും മാറ്റാന്‍ ശ്രമിച്ചതിനാല്‍ തര്‍ക്കത്തിന് അയവുവന്നു. പക്ഷേ, നഗരസഭാധ്യക്ഷയുടെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം യോഗം ബഹിഷ്‌കരിച്ചു.

റോഡ് നന്നാക്കാന്‍ നഗരസഭ സ്വീകരിച്ച നടപടികളെക്കുറിച്ച് ധാരണയുണ്ടായിട്ടും പ്രതിപക്ഷാംഗങ്ങള്‍ സമരക്കാര്‍ക്കൊപ്പം നിന്നത് അപലപനീയമാണെന്ന് വൈസ് ചെയര്‍മാന്‍ ടി.ഒ.മോഹനന്‍ പറഞ്ഞു. പ്രശ്‌നമുണ്ടാക്കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. ടി.കെ.നൗഷാദ്, മീറ വത്സന്‍, ടി.ഇന്ദിര, അല്‍ത്താഫ് മാങ്ങാടന്‍, എം.പി.മുഹമ്മദലി എന്നിവരും സമരത്തെ അപലപിച്ചു.
എസ്.ഡി.പി.ഐ. അംഗം സുഫീറ സമരത്തെ അനുകൂലിച്ച് സംസാരിച്ചത് വീണ്ടും ഒച്ചപ്പാടിനിടയാക്കി. ‘ഇത് നാടകമല്ല. നാട്ടുകാരുടെ അവസ്ഥ അങ്ങേയറ്റം ഭീകരമാണ്. നഗരസഭ കണ്ണുതുറക്കാന്‍ ഇതുപോലുള്ള സമരങ്ങള്‍ വേണ്ടിവരും’- സുഫീറ പറഞ്ഞു. ഇതുകേട്ടപാടെ ‘നിങ്ങള്‍ എസ്.ഡി.പി.ഐ.യുടെ കൗണ്‍സിലറോ അതോ സി.പി.എമ്മിേെന്റതാ’ എന്ന് ചെയര്‍ പേഴ്‌സണ്‍ ചോദിച്ചു. ഒരു കാര്യത്തില്‍ അഭിപ്രായം പറയുമ്പോള്‍ ചെയര്‍ പേഴ്‌സണ്‍ ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്നു സുഫീറയും തിരിച്ചടിച്ചു. ബഹളത്തിനു ശേഷം അജന്‍ഡകളെല്ലാം ചര്‍ച്ച ചെയ്ത് യോഗം അവസാനിപ്പിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close