ലിബിയയില്‍ അമ്പതിലേറെ മലയാളിനഴ്‌സുമാര്‍ മടങ്ങാനാകാതെ ആശങ്കയില്‍

ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ അമ്പതിലേറെ മലയാളിനഴ്‌സുമാര്‍ ആശങ്കയില്‍. ആഭ്യന്തരപ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ പലരും നാട്ടിലേക്കു മടങ്ങാനുള്ള ശ്രമത്തിലാണ്. നഴ്‌സുമാര്‍ ഇന്റര്‍നെറ്റ് ഫോണിലൂടെ ഇടയ്ക്ക് വീട്ടുകാരുമായി ബന്ധപ്പെടുന്നുണ്ട്. ഇവരെ തിരിച്ചുവിളിക്കാന്‍ കഴിയുന്നില്ല. ട്രിപ്പോളിയിലെ രാജ്യാന്തരവിമാനത്താവളം നേരത്തെതന്നെ ആക്രമണത്തില്‍ തകര്‍ന്നു. രണ്ടു ചെറിയ ആഭ്യന്തരവിമാനത്താവളങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ളത്.

പ്രശ്‌നത്തില്‍ ഇടപെടണമെന്ന് മന്ത്രാലയത്തിന് കത്തയച്ചതായി മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണ്. ന്യൂഡല്‍ഹിയിലുള്ള മുഖ്യമന്ത്രിയെ വിവരം ധരിപ്പിച്ചിട്ടുണ്ട്. നഴ്‌സുമാരുമായി ബന്ധപ്പെടാനാകുന്നില്ല. അതിനാല്‍ നിലവിലെ അവസ്ഥയെക്കുറിച്ച് കൂടുതല്‍ അറിയാനാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ട്രിപ്പോളിയിലെ അല്‍ഖദ്ര ആസ്പത്രിയില്‍ നഴ്‌സായ കോട്ടയം നീണ്ടൂര്‍ സ്വദേശിനി കുമ്മണ്ണൂര്‍ പുരയിടം പരേതനായ സുരേന്ദ്രന്റെ മകള്‍ ശ്രീേരഖ(28) ഇടയ്ക്ക് വീട്ടിലേക്കു വിളിക്കുന്നുണ്ട്. ഇന്റര്‍നെറ്റ് ഫോണിലൂടെയുള്ള സംസാരമായതിനാല്‍ ഏറെ നീളാറില്ല. വ്യാഴാഴ്ച വൈകീട്ടും ശ്രീരേഖ വിളിച്ചു. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ തിരിച്ചുപോരാന്‍ താത്പര്യമുള്ളവരുടെ പട്ടിക ചോദിച്ചതായി ശ്രീരേഖ പറഞ്ഞെന്ന് ചേച്ചി രഞ്ജുവിന്റെ ഭര്‍ത്താവ് അരുണ്‍ പറഞ്ഞു.

വിമാനത്താവളത്തിലേക്കുള്ള യാത്രയെ ഇവര്‍ക്ക് പേടിയാണ്. വഴിയില്‍ ആക്രമണസാധ്യത കൂടുതലാണ്. അതിനാല്‍ റംസാന്‍ കഴിയുന്നതുവരെ ക്ഷമിക്കാനാണ് എംബസി ഉദ്യോഗസ്ഥര്‍ നഴ്‌സുമാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനോടകം ആസ്പത്രിയധികൃതരില്‍നിന്ന് രേഖകള്‍ തിരിച്ചുവാങ്ങാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയതായി ശ്രീരേഖ അറിയിച്ചിട്ടുണ്ട്. ലിബിയയില്‍ കലാപം എപ്പോഴുമുള്ളതാണ്. ബുധനാഴ്ച രൂക്ഷമാണ്. തുടര്‍ച്ചയായ ഷെല്ലാക്രമണംമൂലം ആസ്പത്രിക്കകത്ത് കനത്ത ചൂടാണ്. തദ്ദേശീയരെല്ലാവരും ആസ്പത്രിവിട്ടു. റംസാന്‍ ആയതിനാല്‍ വരുംദിവസങ്ങളില്‍ ആക്രമണം കുറയുമെന്ന പ്രതീക്ഷയിലാണിവര്‍.

തിരിച്ചുപോരാനുള്ള തയ്യാറെടുപ്പിലാണ് ശ്രീരേഖയും ഒപ്പമുള്ളവരും. കുറച്ചുപേര്‍ ട്രിപ്പോളിയില്‍ നില്‍ക്കാനാണ് താത്പര്യപ്പെടുന്നതെന്ന് അനുജത്തി പറഞ്ഞതായി അരുണ്‍ പറഞ്ഞു. പാസ്‌പോര്‍ട്ടും മറ്റുരേഖകളും ആസ്പത്രിയധികൃതരുടെ കൈവശമാണെന്നതാണ് നഴ്‌സുമാെര കുഴക്കുന്നത്. ജോലിയില്‍ പ്രവേശിച്ച് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അധികൃതര്‍ രേഖകള്‍ വാങ്ങിവെച്ചു.

ഒരുവര്‍ഷം മുമ്പാണ് ശ്രീരേഖ ട്രിപ്പോളിയിലെ ആസ്പത്രിയിലെത്തിയത്. അതിനുമുമ്പ് ന്യൂഡല്‍ഹിയിലായിരുന്നു. കഴിഞ്ഞ നവംബറിലാണ് ഓട്ടോറിക്ഷാഡ്രൈവറായ സുരേന്ദ്രന്‍ മരിച്ചത്. ഈസമയം നാട്ടിലേക്കുവരാന്‍ ആസ്പത്രിയധികൃതര്‍ ശ്രീരേഖയ്ക്ക് അനുമതി നല്‍കിയില്ല. നീണ്ടൂരിലെ വീട്ടില്‍ അമ്മ രാധ മാത്രമാണുള്ളത്. ചേച്ചിമാരായ രമ്യ കോട്ടയത്തും രഞ്ജു കടുത്തുരുത്തിയിലുമാണ് താമസം.
ലിബിയയിലെ നഴ്‌സുമാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നതിന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ലിബിയന്‍ നഴ്‌സസ് പേരന്റ്‌സ് അസോസിയേഷന്‍ യോഗം വെള്ളിയാഴ്ച 11 മണിക്ക് കോട്ടയം ഊട്ടി ലോഡ്ജ് ഹാളില്‍ ചേരും .

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close