ലോകബാങ്കിന് ബദലായി ബ്രിക്‌സിന്റെ ബാങ്ക് വരുന്നു

modi brics

ലോകബാങ്കിന് ബദലായി ബ്രിക്‌സ് രാജ്യങ്ങള്‍ പുതിയ വികസന ബാങ്കും കരുതല്‍ നിധിയും രൂപവത്കരിക്കുന്നു. ലോകജനസംഖ്യയുടെ 40 ശതമാനത്തിന്റെ പിന്തുയുള്ള, സാമ്പത്തിക വ്യവസ്ഥയുടെ അഞ്ചിലൊന്ന് കൈയാളുന്ന രാജ്യങ്ങളുടെ ഉച്ചകോടിയെന്ന നിലയില്‍ ബ്രിക്‌സിന്റെ സുപ്രധാനമായ തീരുമാനമായിരിക്കുമിത്.

ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൗസഫിന്റെ ആതിഥേയത്വത്തില്‍ സമ്മേളനത്തിനെത്തിച്ചേര്‍ന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുതിന്‍, ചൈന പ്രസിഡന്റ് സി ജിന്‍പിങ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ എന്നിവര്‍ ചേര്‍ന്ന് പുതിയ ബാങ്ക് സംബന്ധിച്ച് പ്രഖ്യാപനം നടത്തും

5,000 കോടി ഡോളറാണ് ബാങ്കിന്റെ പ്രാരംഭമൂലധനം. ഇതിന് എല്ലാ അംഗരാജ്യങ്ങളും തുല്യ ഓഹരി എടുക്കും. എന്നാല്‍, ക്രയശേഷി 10,000 കോടി ഡോളറായിരിക്കും. ചൈന 4,100 കോടി ഡോളര്‍, ബ്രസീലും ഇന്ത്യയും റഷ്യയും 1,800 കോടി ഡോളര്‍ വീതം, ദക്ഷിണാഫ്രിക്ക 500 കോടി ഡോളര്‍ എന്നിങ്ങനെ അംഗരാജ്യങ്ങള്‍ സംഭാവന നല്‍കും. ബ്രിക്‌സ് രൂപവത്കരിക്കുന്ന കരുതല്‍ നിധി ‘മിനി ഐ.എം.എഫ്.’ എന്ന നിലയില്‍ പ്രവര്‍ത്തിക്കും.

ബാങ്കിന്റെ ആസ്ഥാനം, ആദ്യ അധ്യക്ഷന്‍ എന്നീ കാര്യങ്ങളില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ആസ്ഥാനത്തിന്റെ കാര്യത്തില്‍ ഷാങ്ഹായിക്കായി ചൈനയും ജോഹന്നാസ് ബര്‍ഗിനായി ദക്ഷിണാഫ്രിക്കയും വാദിക്കുന്നുണ്ട്. ഇന്ത്യയും റഷ്യയും അവകാശവാദവുമായി പിന്നാലെയുണ്ട്.

ബ്രിക്‌സ് രാജ്യങ്ങളുടെ വികസനത്തിന് പുതിയ ബാങ്ക് നിര്‍ണായമാകുമെന്ന് ബ്രസീല്‍ വ്യവസായ മന്ത്രി മൗറോ ബോര്‍ഗസ് പറഞ്ഞു
യു.എന്നിലും ലോക വ്യാപാര സംഘടനയിലുമടക്കം ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് പൊതു അജന്‍ഡയുടെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകുന്നതിനുള്ള പ്രാരംഭ നടപടിയാണിതെന്ന് ബ്രിക്‌സ് ലാബ് റിസര്‍ച്ച് സെന്ററിന്റെ ബ്രസീല്‍കാരനായ ഡയറക്ടര്‍ മാര്‍കോസ് ട്രോയ്‌ജോ അഭിപ്രായപ്പെട്ടു.

അമേരിക്ക മുന്നോട്ടുവെക്കുന്ന വിദേശനയങ്ങളെ എതിര്‍ക്കുന്ന രാജ്യങ്ങളെ ഉപദ്രവിക്കുന്നതിനെതിരെ ഒരു സംവിധാനം ആലോചിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. യുക്രൈന്‍ പ്രശ്‌നത്തില്‍ ജി.എട്ട് രാജ്യങ്ങളുടെ കൂട്ടായ്മയില്‍ നിന്ന് റഷ്യയെ പുറത്താക്കിയതിന്റെ പശ്ചാത്തലത്തിലാണ് പുതിന്റെ പ്രതികരണം വന്നത്.
2013-ലെ ഉച്ചകോടിയില്‍ത്തന്നെ ബ്രിക്‌സ് രാജ്യങ്ങള്‍ ഒരു ബാങ്ക് രൂപവത്കരിക്കുന്നതിനെപ്പറ്റി ആലോചന തുടങ്ങിയിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close