ലോക്പാല്‍ നിയമനം: പ്രതിപക്ഷ നേതാവ് അത്യാവശ്യമെന്ന് കോടതി

ലോക്പാല്‍ നിയമനവുമായി ബന്ധപ്പെട്ട നടപടികളില്‍ പ്രതിപക്ഷനേതാവ് അത്യാവശ്യമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ലോക്പാല്‍ നിയമനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ആരെന്നത് വ്യാഖ്യാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഈ വിഷയത്തില്‍ രണ്ടാഴ്ചയ്ക്കകം നിലപാട് വ്യക്തമാക്കണമെന്നും സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. ലോക്പാല്‍ നിയമനച്ചട്ടങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി അടുത്തമാസം ഒമ്പതിന് വീണ്ടും പരിഗണിക്കും.

കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃപദവി നല്‍കാന്‍ കഴിയില്ലെന്ന് കഴിഞ്ഞദിവസം ലോക്‌സഭാ സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. ലോക്‌സഭയിലെ ആകെ അംഗങ്ങളില്‍ പത്തിലൊന്നുപേര്‍ വേണമെന്ന വ്യവസ്ഥ പാലിക്കാന്‍ കോണ്‍ഗ്രസ്സിന് സാധിക്കാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷനേതൃപദവി നിഷേധിച്ചത്. പ്രതിപക്ഷനേതൃപദവി ലഭിക്കുന്നതിന് 55 അംഗങ്ങള്‍ വേണമെന്നിരിക്കെ കോണ്‍ഗ്രസിന് 44 പേര്‍ മാത്രമാണ് ലോക്‌സഭയിലുള്ളത്. ഇക്കാര്യം ലോക്പാല്‍ കേസിലെ ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാറില്‍നിന്ന് വ്യത്യസ്തമായുള്ള ശബ്ദമാണ് പ്രതിപക്ഷനേതാവിന്റേതെന്ന് ചീഫ് ജസ്റ്റിസ് ആര്‍. എം. ലോധ ചൂണ്ടിക്കാട്ടി. ലോക്പാല്‍ നിയമത്തില്‍ പ്രധാന സ്ഥാനമാണ് പ്രതിപക്ഷനേതാവിനുള്ളത്. ലോക്‌സഭയിലെ നിലവിലുള്ള സാഹചര്യത്തില്‍ ഈ വിഷയം ഗൗരവത്തോടെ കാണണം. നിലവിലുള്ളതും വരാന്‍ പോകുന്നതുമായ നിയമങ്ങള്‍ക്കും ഇത് ബാധകമാണ്. വിഷയം നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ല. ലോക്പാല്‍നിയമം ശീതീകരണിയില്‍ അടയ്ക്കാനും പറ്റില്ല-കോടതി അഭിപ്രായപ്പെട്ടു.

ഈ വിഷയത്തില്‍ സര്‍ക്കാറിന്റെ ഭേദഗതിക്കോ പാര്‍ലമെന്റിന്റെ സമ്മേളനത്തിനോ കാത്തിരിക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അടുത്ത വാദത്തിനുമുമ്പ് സര്‍ക്കാര്‍ ഈ പദവി സംബന്ധിച്ച് വ്യക്തത വരുത്തിയില്ലെങ്കില്‍ ആ ജോലി കോടതി ചെയ്യും. ലോക്പാലിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയില്‍ ലോക്‌സഭാ സ്പീക്കര്‍, പ്രതിപക്ഷനേതാവ്, ചീഫ് ജസ്റ്റിസ് അല്ലെങ്കില്‍ അദ്ദേഹം നിര്‍ദേശിക്കുന്ന ജഡ്ജി, രാഷ്ട്രപതി നിര്‍ദേശിക്കുന്ന പ്രമുഖ നിയമജ്ഞന്‍ എന്നിവരാണുള്ളത്.

ലോക്പാല്‍ അംഗങ്ങളെ നിര്‍ദേശിക്കുന്ന തിരച്ചില്‍ സമിതിയുടെ ചട്ടങ്ങള്‍ ചോദ്യംചെയ്ത് കോമണ്‍ കോസ് എന്ന സംഘടന നല്‍കിയ ഹര്‍ജിയില്‍ നേരത്തേ സര്‍ക്കാറിന് കോടതി നോട്ടീസയച്ചിരുന്നു. ഉടനടി നിയമനം നടത്തില്ലെന്ന് ഏപ്രില്‍ 24-ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാറിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി, ലോക്പാല്‍ നിയമം പൂര്‍ണമായി അഴിച്ചുപണിയുകയാണെന്ന് അറിയിച്ചു. പ്രതിപക്ഷനേതൃപദവി വ്യാഖ്യാനിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലോക്പാലിന് പുറമെ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ തിരഞ്ഞെടുപ്പ് സമിതിയിലും പ്രതിപക്ഷ നേതാവ് അംഗമാണ്. കഴിഞ്ഞയാഴ്ച പാര്‍ലമെന്റ് പാസാക്കിയ ദേശീയ ജുഡീഷ്യല്‍ നിയമനകമ്മീഷന്‍ നിയമത്തില്‍ കമ്മീഷനിലെ രണ്ട് ഉന്നതവ്യക്തികളെ തിരഞ്ഞെടുക്കുന്ന സമിതിയില്‍ പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസിനും പുറമെ, പ്രതിപക്ഷനേതാവോ പ്രതിപക്ഷത്ത് കൂടുതല്‍ അംഗങ്ങളുള്ള കക്ഷിയുടെ നേതാവോ അംഗമായിരിക്കുമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി കോണ്‍ഗ്രസിന്റെ സഭാ നേതാവിന് സമിതിയില്‍ അംഗമായിരിക്കാം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close