ലോകകപ്പ് സന്നാഹമത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി

03096_568860

ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിന്റെ മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ശ്രീലങ്കയാണ് അഞ്ചു റണ്‍സിന് ഇന്ത്യയെ പരാജയപ്പെടുത്തിയത്. എന്നാല്‍ തിങ്കളാഴ്ച നടന്ന മറ്റൊരു സന്നാഹ മത്സരത്തില്‍ പാകിസ്താന്‍ ആറു വിക്കറ്റിന് ന്യൂസീലന്‍ഡിനെ തോല്പിച്ചു.

ശ്രീലങ്ക മുന്നോട്ടുവെച്ച 154 റണ്‍സ് ലക്ഷ്യം പിന്തുടര്ന്ന ഇന്ത്യയുടെ പോരാട്ടം 148 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. സുരേഷ് റെയ്‌ന(31 പന്തില്‍ 41), യുവരാജ് സിങ് (28 പന്തില്‍ 33) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ ബാറ്റിങ്ങില്‍ തിളങ്ങിയത്. ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനി ബാറ്റു ചെയ്യാനിറങ്ങിയില്ല. അശ്വിന്‍(19), വിരാട് കോലി(17), സ്റ്റ്യുവര്‍ട്ട് ബിന്നി(14), രവീന്ദ്ര ജഡേജ(12) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും(2) രോഹിത് ശര്‍മ(4)യും മധ്യനിരയിലിറങ്ങിയ അജിങ്ക്യ രഹാനെ(0)യ്ക്കും തിളങ്ങാനായില്ല. 30 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ ലസിത് മലിംഗയാണ് ഇന്ത്യയെ കടപുഴക്കിയത്. ലങ്കയ്ക്കുവേണ്ടി കുലശേഖര(37ന് 2), സേനാനായകെ(26ന് 1), അജാന്ത മെന്‍ഡിസ്(26ന് 1), രംഗന ഹെറാത്ത്(15ന് 1) എന്നിവരും വിക്കറ്റു നേടി.

ഇന്ത്യക്ക് അവസാന രണ്ട് ഓവറില്‍ 25 റണ്‍സാണ് വേണ്ടിയിരുന്നത്. കുലശേഖര എറിഞ്ഞ 19ാം ഓവറില്‍ 14 റണ്‍സ് കിട്ടിയെങ്കിലും മലിംഗ എറിഞ്ഞ അവസാന ഓവറില്‍ മൂന്നു വിക്കറ്റ് വീണത് ഇന്ത്യയുടെ പ്രതീക്ഷകള്‍ അടച്ചു. അവസാന ഓവറില്‍ ധോനിയുടെ സാന്നിധ്യം ടീമിന് തുണയാകുമായിരുന്നെങ്കിലും മറ്റുള്ളവര്‍ക്ക് അവസരം കൊടുക്കാന്‍ മാറിനിന്നതോടെ വിജയം ടീം ഇന്ത്യയില്‍ നിന്ന് അകലുകയായിരുന്നു.

ടോസ് നേടി ലങ്കയെ ബാറ്റിങ്ങിനുവിട്ട ധോനിയുടെ തീരുമാനം ശരിവെക്കുന്ന പ്രകടനം ബൗളര്‍മാരില്‍ നിന്നുമുണ്ടായി. നിശ്ചിത 20 ഓവറില്‍ 153 റണ്‍സില് ലങ്കയുടെ സ്‌കോര്‍ എത്തി. അവസാന ഓവറുകളില്‍ തിസാര പെരേരയും കുലശേഖരയും നടത്തിയ പ്രത്യാക്രമണമാണ് സ്‌കോര്‍ 150 കടത്തിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close