ലോക്‌സഭയില്‍ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

parliament1

ലോക്‌സഭയില്‍ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. സ്പീക്കര്‍ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് ഉച്ചക്ക് അവസാനിക്കും. മുതിര്‍ന്ന ബിജെപി നേതാവ് സുമിത്ര മഹാജന്‍ സ്പീക്കറാകുമെന്നാണ് സൂചന.

പതിനാറാം ലോകസഭയുടെ ആദ്യസമ്മേളനത്തിന് ഇന്നലെയാണ് തുടക്കമായത്. അന്തരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെക്ക് ആദരാഞ്ജല് അര്‍പ്പിച്ച് സഭ ഇന്നലെ പിരിഞ്ഞു. ഇന്ന് പതിനൊന്ന് മണിമുതല്‍ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. പ്രൊട്ടെം സ്പീക്കറായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് കമല്‍നാഥിന്റെ അധ്യക്ഷതയിലാണ് സമ്മേളനം പുരോഗമിക്കുന്നത്.

പ്രൊട്ടെം സ്പീക്കറെ സഹായിക്കാനുള്ള പാനലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അര്‍ജുന്‍ ചരണ്‍ സേത്തി, ബിരെന്‍ സിംഗ്, പി എ സാംഗ്മ എന്നിവര്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്യും. പിന്നീട് സഭാ നേതാവായ നരേന്ദ്ര മോദിയേയും കേന്ദ്ര മന്ത്രിമാരെയുംക്ഷണിക്കും. ഇംഗ്‌ളീഷ് അക്ഷരമാലാ ക്രമത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനങ്ങളുടെ പട്ടിക കൈമാറിയിരിക്കുന്നത്. ഇതനുസരിച്ചായിരിക്കും തുടര്‍ന്നുള്ള സത്യപ്രതിജ്ഞ.

ആന്ധ്രാപ്രദേശിലെ എംപിമാര്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്യും. കേരളത്തിലെ എംപിമാരുടെ സത്യപ്രതിജ്ഞ ഉച്ചതിരിഞ്ഞ് നടക്കാനാണ് സാധ്യത . രാത്രി വൈകും വരെ സത്യപ്രതിജ്ഞ തുടരും. നാളെ ഇത് പൂര്‍ത്തിയായില്ലെങ്കില്‍ വെള്ളിയാഴ്ച ഉച്ച വരെ സത്യപ്രതിജ്ഞ തുടരാനാണ് തീരുമാനം. വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും.

സ്പീക്കറെ തെരഞ്ഞെടുക്കാനുള്ള പ്രമേയത്തിന് നോട്ടീസ് നല്കുന്നതിനുള്ള സമയം ഇന്ന് ഉച്ചയോടെ അവസാനിക്കും. സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം നടക്കാന്‍ സാധ്യതയില്ല. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള എംപി സുമിത്ര മഹാജന്റെ പേര് ബിജെപി നിര്‍ദ്ദേശിക്കും. ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവരെക്കുറിച്ചുള്ള തീരുമാനം സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷം കൈക്കൊള്ളാനാണ് സാധ്യത. കോണ്‍ഗ്രസിന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കിട്ടിയാല്‍ കേരളത്തിലെ ഒരു നേതാവിന് ഇത് നല്കണം എന്നയാവശ്യം സംസ്ഥാനത്തെ എംപിമാര്‍ക്കിടയില്‍ ഉയരുന്നുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close