ലോര്‍ഡ്‌സ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

ബോളിങിനു പിന്നാലെ ബാറ്റിങിലും ഭുവനേശ്വര്‍ കുമാര്‍ തിളങ്ങിയപ്പോള്‍ ലോര്‍ഡ്‌സ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്.രണ്ടാം ഇന്നിങ്‌സില്‍ 342 റണ്‍സിന് പുറത്തായ ഇന്ത്യ ഇംഗ്ലണ്ടിന് 319 റണ്‍സിന്റെ വിജയലക്ഷ്യം കുറിച്ചു. നാലാംദിനം അവസാനിക്കെ അവര്‍ രണ്ടാം ഇന്നിങ്‌സില്‍ നാലു വിക്കറ്റ് നഷ്ടപ്പെട്ട് 105 റണ്‍സ് എന്ന നിലയിലാണ്. അവസാനദിനമായ ഇന്ന് ഇംഗ്ലണ്ടിനു ജയിക്കാന്‍ 214 റണ്‍സ് കൂടി വേണം; ഇന്ത്യയ്ക്ക് ആറുവിക്കറ്റും. സ്‌കോര്‍: ഇന്ത്യ- 295, 342. ഇംഗ്ലണ്ട്- 319, നാലിന് 105

ക്യാപ്റ്റന്‍ അലസ്റ്റയര്‍ കുക്ക് (22), സാം റോബ്‌സന്‍ (ഏഴ്), ഗാരി ബല്ലാന്‍സ് (27), ഇ യാന്‍ ബെല്‍ (ഒന്ന്) എന്നിവരാണു പുറത്തായത്. ജോ റൂട്ട് (14), മൊയീന്‍ അലി (15 ) എന്നിവരാണു ക്രീസില്‍. അലിയെ പുറത്താക്കാന്‍ കിട്ടിയ അവസരം ധോണി പാഴാക്കിയിരുന്നു.

നേരത്തെ, രവീന്ദ്ര ജഡേജയും ഭുവനേശ്വര്‍ കുമാറും എട്ടാം വിക്കറ്റില്‍ നേടിയ 99 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 95 റണ്‍സെടുത്ത മുരളി വിജയ്, 68 റണ്‍സെടുത്ത ജഡേജ, 52 റണ്‍സെടുത്ത ഭുവനേശ്വര്‍ എന്നിവരായിരുന്നു ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടുന്തൂണുകള്‍. ഒരു പരമ്പരയില്‍ മൂന്ന് അര്‍ധസെഞ്ചുറി നേടുന്ന ആദ്യത്തെ ഒന്‍പതാംനമ്പര്‍ ബാറ്റ്‌സ്മാനാണു ഭുവനേശ്വര്‍.

നാലാം ദിനം നാലിന് 169 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ മുരളി വിജയ്- ധോണി കൂട്ടുകെട്ടാണ് തുണയായത്. തലേന്നത്തെ സ്‌കോറിനോട് 33 റണ്‍സ് കൂടി ചേര്‍ത്തപ്പോള്‍ പ്ലങ്കറ്റിന്റെ പന്തില്‍ ഇയാന്‍ ബെല്‍ പിടിച്ച് ധോണി (19) പുറത്ത്. ഒന്‍പതു പന്ത് മാത്രം നേരിട്ട സ്റ്റുവര്‍ട്ട് ബിന്നിയെ (പൂജ്യം) മൊയീന്‍ അലിയുടെ പന്തില്‍ കുക്ക് പിടികൂടി.

ജഡേജ ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. ആന്‍ഡേഴ്‌സന്റെ പന്ത് നെറ്റിയില്‍ കൊണ്ട് ഹെല്‍മറ്റ് മാറ്റിയ ജഡേജയ്ക്ക് പ്ലങ്കറ്റിന്റെ പന്ത് ഗ്ലൗവില്‍ കൊണ്ട് ബാന്‍ഡേജിടേണ്ടിയും വന്നു. ആന്‍ഡേഴ്‌സന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മാറ്റ് പ്രയറിനു പിടികൊടുക്കുമ്പോള്‍ വിജയിന്റെ പേരില്‍ 95 റണ്‍സ്; 247 പന്തില്‍ 11 ഫോര്‍ സഹിതമായിരുന്നു വിജയിന്റെ തകര്‍പ്പന്‍ പ്രകടനം. പിന്നീട് ജഡേജയ് ക്കു കൂട്ടായി ഭുവനേശ്വര്‍ കുമാര്‍ വന്നതോടെ ഇന്ത്യന്‍ ബാറ്റിങിന് വീണ്ടും വേഗം കൂടി. എട്ടാം വിക്കറ്റില്‍ ഇന്ത്യ മുന്നൂറു കടന്നു.

ഇന്ത്യന്‍ സ്‌കോര്‍ 334ല്‍ നില്‍ക്കെ ജഡേജയെ സ്‌റ്റോക്‌സിന്റെ പന്തില്‍ കുക്ക് പിടിച്ചതോടെ 100 പന്തില്‍ 99 റണ്‍സ് കൂട്ടിച്ചേര്‍ത്ത കൂട്ടുകെട്ടിന് വിരാമമായി. 57 പന്തില്‍ ഒന്‍പതു ഫോര്‍ സഹിതം 68 റണ്‍സാണ് ജഡേജ നേടിയത്. 71 പന്തില്‍ എട്ടു ഫോറുകള്‍ സഹിതമാണ് ഭുവനേശ്വര്‍ 52 റണ്‍സെടുത്തത്

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close