വന്‍കര യുദ്ധം

neymar1

ബ്രസീല്‍ X  ജരമനി തകര്‍ന്ന ഹൃദയവുമായാണ് ബ്രസീല്‍ ജര്‍മനിയെ നേരിടുന്നത്. അവരുടെ എല്ലാമായിരുന്ന നെയ്മറിന്റെ സേവനം ഇനി അവര്‍ക്ക് ലഭിക്കില്ല. സസ്പെന്‍ഷന്‍ കാരണം പ്രതിരോധത്തിലെ ഉരുക്കുകോട്ടയായ തിയാഗോ സില്‍വയ്ക്കും കളിയ്ക്കാനാവില്ല. ഫലത്തില്‍ ആക്രമണത്തിലും പ്രതിരോധത്തിലും ബ്രസീലിന് കടുത്ത വെല്ലുവിളിയാകും ജര്‍മനിക്കെതിരായ മത്സരം മുന്‍ നിരയില്‍ നെയ്മറിന് പകരം വില്യനോ ജോയോ ആദ്യ ഇലവനില്‍ ഇടം പിടിക്കും. നെയ്മറിന്റെ അസാന്നിധ്യത്തില്‍ ഓസ്കാറിനെ കേന്ദ്രീകരിച്ചാകും ബ്രസീലിന്റെ നീക്കങ്ങള്‍. ക്യാപ്റ്റന്‍ തിയാഗോ സില്‍വയുടെ അഭാവത്തില്‍ ഡേവിഡ് ലൂയിസിനൊപ്പം ഡാന്‍റെയ്ക്കാകും പ്രതിരോധത്തിന്റെ ചുമതല. വിംഗ് ബാക്കായി ഡാനി ആര്‍വ്സിന് പകരം മൈക്കോണ്‍ തന്നെ കളിയ്ക്കും. ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊളംബിയക്കെതിരെ ആദ്യ ഇലവനില്‍ കളിച്ച മൈക്കോണ്‍ മികച്ച പ്രകടനം നടത്തിയിരുന്നു പതിവ് 4-3-2-1 ശൈലിയില്‍ കളിയ്ക്കുകയാണെങ്കില്‍ ഫ്രഡിനെ മുന്‍ നിര്‍ത്തി വില്ലയ്ന്‍-ഓസ്കാര്‍ സഖ്യമാകും ബ്രസീലിന്റെ നീക്കങ്ങളുടെ ചാലക ശക്തി. ഗുസ്താവോയെ കൂടുതല്‍ പ്രതിരോധത്തിലേക്ക് വലിയാന്‍ പ്രേരിപ്പിച്ച് മാഴ്സലോയ്ക്ക് വിംഗിലൂടെ ആക്രമിച്ച് കളിയ്ക്കാനുള്ള അവസരമൊരുക്കിയേക്കും. എന്നാല്‍ നെയ്മറുടെ അസാന്നിധ്യത്തില്‍ 4-4-2 ശൈലി സ്വീകരിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ ഫ്രഡിനൊപ്പം ഹള്‍ക്ക് സ്ട്രൈക്കറായി കളിയ്ക്കും ഓസ്കറിനാകും പ്ലേ മേയ്ക്കറുടെ ചുമതല. നെയ്മറിന്റെ നിഴലില്‍ നിന്ന് ഓസ്കറിന് പുറത്ത് വരാനുള്ള അവസരം കൂടിയാകും മത്സരം.

ബ്രസീല്‍ വ്യക്തിഗത മികവിനെ ആശ്രയിക്കുമ്പോള്‍ ടീം വര്‍ക്കാണ് ജര്‍മനിയുടെ കരുത്ത്. ഓസില്‍-മുള്ളര്‍-ഗോട്സെ കൂട്ട്കെട്ട് മുന്നേറ്റത്തിലും കദീര, ക്രൂസ്, ഷ്വൈല്‍സ്റ്റീഗര്‍ ത്രയം മധ്യ നിരയിലും ഒത്തിണക്കത്തോടെ കളിയ്ക്കുന്നു. അസുഖം കാരണം മെന്‍ട്സാക്കര്‍ പുറത്തിരിക്കുന്നതോടെ ഫിലിപ്പ് ലാം പ്രതിരോധത്തില്‍ ശ്രദ്ധയൂന്നിയാകും കളിയ്ക്കുക. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെതിരെ ആദ്യ പകുതിയില്‍ പ്രതിരോധത്തില്‍ കളിച്ച നായകന്‍ രണ്ടാം പകുതിയില്‍ മിഡ്ഫീല്‍ഡിലാണ് കളിച്ചത്. പെട്ടെന്ന് ശൈലി മാറ്റാനുള്ള ഈ മിടുക്ക് തന്നെയാണ് ജര്‍മനിയെ വ്യത്യസ്ഥമാക്കുന്നതും. മധ്യ നിരയില്‍ ഓസിലും ഷ്വൈല്‍സ്റ്റീഗറും താളം കണ്ടെത്തിയാല്‍ ജര്‍മനിയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകും

നെയ്മറിന്റെ അസാന്നിധ്യം ബ്രസീലിനെ ബാധിക്കുമെങ്കിലും നെയ്മറിനായി കിരീടം നേടുമെന്ന ഉറച്ച തീരുമാനത്തിലാണ് സഹതാരങ്ങള്‍. വൈകാരികമായി തന്നെ മത്സരത്തെ സമീപിക്കുന്നതിനാല്‍ ജീവന്‍ മരണ പോരാട്ടത്തിനാകും ബ്രസീല്‍ ഇറങ്ങുക. എന്നാല്‍ 2002 ലോകകപ്പിന്റെ ഫൈനലില്‍ ബ്രസീലില്‍ നിന്നേറ്റ തോല്‍വിയ്ക്ക് പകരം ചോദിക്കാനുള്ള തയ്യാറെടുപ്പിലാണ് ജര്‍മനി. അന്ന് എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബ്രസീലിന്റെ ജയം. പക്ഷെ ഗ്രൂപ്പ് ഘട്ടം മുതല്‍ സ്ഥിരത പുലര്‍ത്തുന്ന ടീമാണ് ജര്‍മനി. എന്നാല്‍ ബ്രസീല്‍ ഇതുവരെ ഉണര്‍ന്ന് കളിച്ചത് ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊളംബിയക്കെതിരെ മാത്രമാണ്. എങ്കിലും സ്വന്തം നാട്ടില്‍ കളിയ്ക്കുന്നതിന്റെ മേധാവിത്വം ബ്രസീല്‍ എങ്ങനെ മുതലെടുക്കുമെന്നാണ് ഇനി അറിയേണ്ടത്.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close