വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാരിന് താത്പര്യം: സോണിയ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണകാലം വര്‍ഗീയ സംഘര്‍ഷങ്ങളുടെയും കാലമാണെന്ന് യു.പി.എ അധ്യക്ഷ സോണിയാഗാന്ധി. തിരുവനന്തപുരത്ത് കെ.പി.സി.സി യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ.

ഭരണത്തിലിരുന്ന് വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാരിന് താത്പര്യമെന്നും അവര്‍ കുറ്റപ്പെടുത്തി. തനിക്കെതിരെ സംസാരിക്കുന്നവരെ എങ്ങനെയും വകവരുത്താനാണ് മോദിക്ക് താത്പര്യം. അല്ലാതെ ജനസേവനമല്ല.

കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തനം രാജ്യത്തിന് തന്നെ മാതൃകയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്തപരാജയം നേരിട്ടപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ പാര്‍ട്ടിക്ക് കൂടെ നിന്നു. അതൊരിക്കലും താന്‍ മറക്കില്ല. സുധീരന്റെയും ഉമ്മന്‍ചാണ്ടിയുടെയും നേതൃത്വത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി ശക്തവും സുദൃഢവുമാണെന്നും സോണിയ പറഞ്ഞു.

രാവിലെ 11.30-നാണ് പ്രത്യേകവിമാനത്തില്‍ സോണിയ എത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനും മറ്റുനേതാക്കളും ചേര്‍ന്ന് അവരെ സ്വീകരിച്ചു.

ഇന്ന് കുടുംബശ്രീയുടെ പതിനാറാം വാര്‍ഷികാഘോഷം സോണിയ ഉദ്ഘാടനം ചെയ്യും. പുത്തരിക്കണ്ടം മൈതാനത്തിലെ സുബൈറാ നഗറിലാണ് സമ്മേളനം നടക്കുന്നത്. വ്യാഴാഴ്ചവരെയാണ് ആഘോഷങ്ങള്‍. വിവിധ വിഷയങ്ങളില്‍ നടക്കുന്ന ശില്‍പശാലകളും അനുഭവങ്ങള്‍ പങ്കുെവയ്ക്കലും ആഘോഷത്തിന് മാറ്റുകൂട്ടും. പുത്തരിക്കണ്ടം മൈതാനം, നിശാഗന്ധി ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് ആഘോഷ പരിപാടികള്‍.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close