വസീരിസ്താനില്‍ യു.എസ്. വ്യോമാക്രമണം: ആറ് ഭീകരര്‍ കൊല്ലപ്പെട്ടു

വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഗോത്രമേഖലയായ വസീരിസ്താനില്‍ യു.എസ്. പൈലറ്റില്ലാ വിമാനങ്ങളുടെ വ്യോമാക്രമണത്തില്‍ ആറ്് താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ദത്ത ഖെല്‍ നഗരത്തിലാണ് ആക്രമണം. ഇവിടെ മണ്ണുകൊണ്ടുണ്ടാക്കിയ വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന ഭീകരരാണ് കൊല്ലപ്പെട്ടത്. എല്ലാവരുംതന്നെ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരാണ് സൂചന.

ആറുമാസത്തെ ഇടവേളയ്ക്കുശേഷം ജൂണിലാണ് താലിബാനെതിരെ പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള വ്യോമാക്രമണം അമേരിക്ക പുനരാരംഭിച്ചത്. ഇതിനുശേഷമുള്ള മൂന്നാമത്തെ ദൗത്യമാണിത്.

വടക്കന്‍ വസീരിസ്താന്‍ പ്രവിശ്യയുടെ തലസ്ഥാനമായ മിറന്‍ഷയുടെ 80 ശതമാനവും ഭീകരരില്‍നിന്ന് പിടിച്ചെടുത്തതായി പാക് സൈന്യം അവകാശപ്പെട്ടു. കുഴിബോംബുകളും ഗ്രനേഡുകളും ഉള്‍പ്പെടെ 23 ടണ്‍ സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തതായി സൈനിക ജനറല്‍ സറഫുള്ളഖാന്‍ പറഞ്ഞു. താലിബാന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന മേഖലയാണിത്. ഇവിടെനിന്ന് ഭീകരരെ തുരത്താനുള്ള ദൗത്യം ജൂണ്‍ 15-നാണ് പാക് സൈന്യം തുടങ്ങിയത്.

ഇതിനിടെ അഫ്ഗാനിസ്താനിലെ ഹെറാത്ത് ജില്ലയില്‍ ആറ്് ഖനി തൊഴിലാളികളെ താലിബാന്‍ ഭീകരര്‍ വെടിവെച്ചുകൊന്നതായി റിപ്പോര്‍ട്ടുണ്ട്. മൂന്നുപേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായി പ്രവിശ്യ പോലീസ് മേധാവി അബ്ദുള്‍ റൗഫ് പറഞ്ഞു. ഇതോടെ താലിബാന്‍ ആക്രമണത്തില്‍ രാജ്യത്ത് ഈ വര്‍ഷം കൊല്ലപ്പെട്ടവര്‍ 1564 ആയി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close